Quantcast

ടെലഗ്രാം തലവനെ കുരുക്കിയത് മൊസാദ് ഏജന്റ്? പവേലിന്‍റെ അറസ്റ്റും ക്രിപ്‌റ്റോ കോച്ച് ജൂലിയും തമ്മിലെന്ത്?

പവേലിന്‍റെ അറസ്റ്റിനു പിന്നാലെ ജൂലിയെ കുറിച്ച് വിവരമില്ലെന്നാണ് കുടുംബം അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-08-28 10:29:56.0

Published:

28 Aug 2024 10:28 AM GMT

Who is Juli Vavilova? All about the mystery woman and Crypto coach linked to Telegram CEO Pavel Durovs arrest, Telegram CEO arrest, Pavel Durov arrest
X

പാരിസ്: ടെലഗ്രാം തലവൻ പവേൽ ദുറോവിന്റെ അറസ്റ്റിൽ അന്താരാഷ്ട്രതലത്തിൽ വിമർശനം ശക്തമാകുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമായാണു നടപടി പരക്കെ വിമർശിക്കപ്പെടുന്നത്. അതിനിടെ, യു.എ.ഇ പൗരത്വമുള്ള യുവതിയുമായി ചേർത്തുവച്ച് ദുറോവിന്റെ അറസ്റ്റിൽ ദുരൂഹതയും ഉയരുന്നുണ്ട്.

ജൂലി വാവിലോവ എന്ന യുവതിയാണ് പവേലനൊപ്പം വാർത്തകളിൽ നിറയുന്നത്. പവേൽ അവസാനമായി എത്തിയ അസർബൈജാനിലും അവിടെനിന്ന് ഫ്രാൻസിലേക്കുമുള്ള യാത്രയിലും കൂടെ ഈ 24കാരിയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ജൂലി അസർബൈജാൻ, കസഖിസ്താൻ, കിർഗിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേസമയത്ത് പവേലും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പവേലിന്‍റെ സ്വകാര്യ വിമാനത്തിനകത്തെ ദൃശ്യങ്ങളാണ് ജൂലി പോസ്റ്റ് ചെയ്തതെന്നാണു സൂചന.

ഇതോടെ ആരാണ് ഈ ജൂലി വാവിലോവ എന്നാണ് സോഷ്യൽ മീഡിയ തിരയുന്നത്. ഇൻസ്റ്റഗ്രാമിൽ 30,000 ഫോളോവർമാരുണ്ട് ജൂലിക്ക്. ക്രിപ്‌റ്റോ കോച്ച് എന്നാണ് അവർ സ്വയം പരിചയപ്പെടുത്തുന്നത്. ഗെയിമിങ് സ്ട്രീമറാണ് യുവതി. ഇംഗ്ലീഷ്, റഷ്യൻ, സ്പാനിഷ്, അറബിക് ഭാഷകൾ അറിയുമെന്നാണ് ഇൻസ്റ്റ ബയോയിൽ സൂചിപ്പിക്കുന്നത്. യാത്രകൾ, ഗെയിമിങ്, ക്രിപ്‌റ്റോ വിനിമയം തുടങ്ങിയവയുമായി ബന്ധപ്പെട്ട കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്ന അവർ നിലവിൽ ദുബൈയിലാണു താമസം.

മൊസാദ് ഏജന്റോ? ഫ്രഞ്ച് ചാരയോ?

മിക്ക വിദേശയാത്രകളിലും പവേൽ ദുറോവിനൊപ്പം ജൂലി വാവിലോവ ഉണ്ടാകാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 39കാരന്റെ പങ്കാളിയാണു യുവതിയെന്നും ദുബൈയിൽ ഇരുവരും ഒന്നിച്ചാണു താമസമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ദുറോവിനെ കുരുക്കിയത് ജൂലിയാണെന്ന തരത്തിലാണ് ഇപ്പോൾ ദുരൂഹത ഉയരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായതു കൊണ്ടുതന്നെ ജൂലിയുടെ സഞ്ചാരങ്ങളും ഇടപെടലുകളുമെല്ലാം നേരത്തെ തന്നെ പലരുടെയും നിരീക്ഷണത്തിലുണ്ട്. ടെലഗ്രാം തലവനുമായുള്ള ഉറ്റബന്ധം കൂടിയുള്ളതുകൊണ്ട് അന്താരാഷ്ട്രതലത്തിൽ അന്വേഷണ ഏജൻസികൾ ഉൾപ്പെടെ ഇവരെ പിന്തുടരുന്നുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ഒരു ആരോപണം. ഫ്രാൻസിൽ നേരത്തെ തന്നെ അറസ്റ്റ് വാറന്റ് ഉള്ളതിനാൽ അവിടത്തെ അന്വേഷണസംഘത്തിന് ഇവരിൽ പ്രത്യേക നോട്ടമുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ ജൂലി പോസ്റ്റ് ചെയ്ത അസർബൈജാൻ ഫോട്ടോകൾക്കു പിന്നാലെ ഫ്രഞ്ച് അധികൃതർ കൂടുതൽ ജാഗ്രതയിലായിരുന്നു. ഇവരുടെ സഞ്ചാരം പിന്തുടർന്നാണ് ഒടുവിൽ അറസ്റ്റിലെത്തുന്നതെന്നാണ് ഫ്രഞ്ച് സുരക്ഷാ ഗവേഷകൻ ബാപ്റ്റിസ്റ്റ് റോബർട്ട് പറയുന്നത്.

ജൂലി ഫ്രഞ്ച് അന്വേഷണസംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണു മറ്റൊരു നിരീക്ഷണം. പവേലുമായി സൗഹൃദത്തിലാകുന്നതെല്ലാം ഈ ഗൂഢപദ്ധതികളുടെ ഭാഗമായാണെന്നും ഇതോടൊപ്പം ചേർത്തുപറയുന്നുണ്ട്. പവേലിന്റെ നീക്കങ്ങളെ കുറിച്ചെല്ലാം കൃത്യമായ വിവരങ്ങൾ നൽകുക എന്നതായിരിക്കാം ഇവരുടെ റോളെന്നാണു പറയുന്നത്. ഇക്കൂട്ടത്തിൽ മൊസാദ് ഏജന്റാണ് ജൂലിയെന്നും കടന്നു ചിന്തിക്കുന്നവരും ഉണ്ട്. ഇതിലൊന്നും ഒരു തരത്തിലുമുള്ള സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല.

ഏതായാലും പവേലിന്റെ അറസ്റ്റിനു പിന്നാലെ ജൂലി വാവിലോവയെയും കാണാതായിട്ടുണ്ട്. പവേലിനൊപ്പം അറസ്റ്റിലായതാണോ എന്നാണു സംശയിക്കുന്നത്. യുവതിയെ ഇതുവരെയും ബന്ധപ്പെടാനായിട്ടില്ലെന്നാണ് കുടുംബം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'എ.എഫ്.പി'യോട് വെളിപ്പെടുത്തിയത്. പവേലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു തന്നെ ഫ്രഞ്ച് അധികൃതർ ഇനിയും കൃത്യമായ വിവരങ്ങൾ പുറത്തുവിടാത്തതിനാൽ എല്ലാം ദുരൂഹമായിത്തന്നെ തുടരുകയാണ്.

സ്വകാര്യ വിമാനത്തിൽ പൊലീസ് വലയിലേക്ക്

ആഗസ്റ്റ് 24ന് വടക്കൻ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിൽനിന്നാണ് പവേൽ ദുറോവിനെ ഫ്രഞ്ച് അന്വേഷണസംഘം കസ്റ്റഡിയിലെത്തിയത്. അസർബൈജാനിൽനിന്ന് സ്വകാര്യ വിമാനത്തിൽ എത്തിയതായിരുന്നു പവേൽ.

റഷ്യയിൽ ജനിച്ച പവേൽ ദുറോവ് ഇപ്പോൾ യു.എ.ഇയിലെ ദുബൈയിലാണു കഴിയുന്നത്. ടെലഗ്രാമിന്റെ ആസ്ഥാനവും ഇവിടെയാണു സ്ഥിതിചെയ്യുന്നത്. യു.എ.ഇ, ഫ്രാൻസ് ഇരട്ട പൗരത്വവും അദ്ദേഹത്തിനുണ്ട്. 2013ലാണ് സഹോദരൻ നിക്കോളൈ ദുറോവുമായി ചേർന്ന് പവേൽ ദുറോവ് ടെലഗ്രാം എന്ന പേരിൽ ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പതിപ്പുകൾ പുറത്തിറക്കുന്നത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ലോകമെങ്ങും കത്തിപ്പടർന്നു ആപ്ലിക്കേഷൻ. നിലവിൽ ശതകോടിയിലേറെ സബ്‌സ്‌ക്രൈബർമാരുള്ള ടെലഗ്രാം ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടിക്ടോക് എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്.

വി.കെ(വികോൺടാക്ടെ) എന്ന പേരിൽ അറിയപ്പെടുന്ന റഷ്യൻ ആസ്ഥാനമായുള്ള മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ കൂടി സ്ഥാപകനാണ് പവേൽ ദുറോവ്. 2006ൽ ആരംഭിച്ച പ്ലാറ്റ്‌ഫോം പക്ഷേ പലതവണ റഷ്യൻ ഭരണകൂടത്തിന്റെ അപ്രീതിക്കു പാത്രമായിട്ടുണ്ട്. പലപ്പോഴും പ്രതിപക്ഷ കക്ഷികൾക്കും നേതാക്കൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന ഭരണകൂട നിർദേശങ്ങൾക്ക് പലപ്പോഴും കമ്പനി വഴങ്ങിയില്ല. ഒടുവിൽ ഭരണകൂടത്തിനു കീഴടങ്ങാൻ കൂട്ടാക്കാതെ 2014ൽ പവേൽ രാജ്യംവിടുകയായിരുന്നു.

ടെലഗ്രാം മേധാവിയുടെ അറസ്റ്റിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമെന്ന തരത്തിലാണു നടപടിയെ എക്സ്-ടെസ്ല മേധാവി ഇലോൺ മസ്‌ക്, വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ എന്നിവരെല്ലാം വിമർശിച്ചത്. കസ്റ്റഡിയെ കുറിച്ചുള്ള ചോദ്യങ്ങളോട് ഫ്രാൻസ് പ്രതികരിക്കുന്നില്ലെന്ന വിമർശനവുമായി റഷ്യയും രംഗത്തെത്തിയിരുന്നു.

വിമർശനങ്ങൾക്ക് മറുപടിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും എത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് മാക്രോൺ പ്രതികരിച്ചത്. പുതിയ സംരംഭങ്ങളോടും ആശയവിനിമയ മാർഗങ്ങളോടുമെല്ലാം എന്നും ഇതേ നിലപാട് തന്നെയായിരിക്കും. എന്നാൽ, നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമായതുകൊണ്ട് സോഷ്യൽ മീഡിയയിലും പുറത്തും നിയമത്തിനകത്തുനിന്നുള്ള സ്വാതന്ത്ര്യമായിരിക്കും അനുവദിക്കുക. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുമെന്നും ടെലഗ്രാം തലവന്റെ അറസ്റ്റ് ജുഡിഷ്യൽ നടപടിയുടെ ഭാഗമാണെന്നും രാഷ്ട്രീയ തീരുമാനമല്ലെന്നും മാക്രോൺ വ്യക്തമാക്കി.

Summary: Who is Juli Vavilova? All about the mystery woman and Crypto coach linked to Telegram CEO Pavel Durov's arrest

TAGS :
Next Story