കോൺഗ്രസിന്‍റെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച ഉത്തരവ് റദ്ദാക്കി
കർണാടക ഹൈക്കോടതിയുടേതാണ് ഉത്തരവ്
ബംഗളൂരു: കോൺഗ്രസ് പാർട്ടിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവാണ് റദ്ദാക്കിയത്. ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയില്‍ കെജിഎഫ് എന്ന സിനിമയിലെ സംഗീതം ഉപയോഗിച്ചെന്നും ഇത് പകര്‍പ്പവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചത്.
വിഡിയോയില്‍ നിന്ന് കെ.ജി.എഫിലെ സംഗീതം ഒഴിവാക്കാമെന്ന് കോൺഗ്രസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചതോടെയാണ് ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്. കെ.ജി.എഫ് 2ലെ സംഗീതം ഉപയോഗിച്ചതിനെതിരെ എം.ആർ.ടി മ്യൂസികാണ് പരാതി നല്‍കിയത്. ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെയാണ് എം.ആർ.ടി മ്യൂസിക് പരാതി നല്‍കിയത്. തുടര്‍ന്ന് ബംഗളൂരു സിറ്റി സിവിൽ കോടതി ട്വിറ്റര്‍ അക്കൌണ്ടുകള്‍ മരവിപ്പിച്ചതോടെ കോണ്‍ഗ്രസ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഭാരത് ജോഡോ യാത്ര അടക്കമുള്ളവയുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ഉത്തരവ് അനീതിയാണെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു. ഹൈക്കോടതിയില്‍ കോണ്‍ഗ്രസിനായി ഹാജരായ അഭിഷേക് സിങ്‍വി വാദിച്ചതിങ്ങനെ- "വീഡിയോ ഒക്ടോബർ മുതൽ തന്നെ ട്വിറ്റർ അക്കൌണ്ടില്‍ ഉണ്ടായിരുന്നു. എന്നാൽ നവംബർ 2ന് മാത്രമാണ് പരാതി നല്‍കിയത്. നവംബർ 5ന് പരിഗണിക്കുകയും കീഴ്ക്കോടതി നവംബർ 7ന് ഉത്തരവിടുകയും ചെയ്തു. നോട്ടീസ് പോലും നൽകാതെയാണ് നടപടിയെടുത്തത്. സാമ്പത്തിക നേട്ടത്തിനല്ല ഓഡിയോ ക്ലിപ്പ് ഉപയോഗിച്ചത്". തുടര്‍ന്ന് പകര്‍പ്പവകാശ ലംഘന കേസിന് ആസ്പദമായ വീഡിയോ നീക്കംചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
Adjust Story Font
16