ബുർജ് ഖലീഫയിൽ ശ്രീരാമനും ജയ് ശ്രീറാമും; യാഥാർത്ഥ്യമെന്ത്?
വിവിധ രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനങ്ങളിലും വിശേഷവേളകളിലുമെല്ലാം ബുർജ് ഖലീഫയിൽ ദേശീയപതാക പ്രദർശിപ്പിച്ച് ആശംസ അറിയിക്കാറുണ്ട്
ദുബൈ: അയോധ്യയിൽ ബാബരി തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് വിഗ്രഹപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പ്രതിഷ്ഠ നിർവഹിച്ചത്. രാമക്ഷേത്ര ആഘോഷത്തിന്റെ ഭാഗമായി ദുബൈയിലെ വിഖ്യാതമായ അംബരച്ചുംബി ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചതായി പ്രചാരണമുണ്ടായിരുന്നു.
163 നില കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ ശ്രീരാമന്റെ ചിത്രം തിളങ്ങിനിൽക്കുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ജയ് ശ്രീറാം എന്ന് എഴുതിയതായും ദൃശ്യങ്ങളിലുണ്ട്. ശത്രുക്കൾ ഇനി ഇതും ഫോട്ടോഷോപ്പാണെന്നു പറഞ്ഞുവരും എന്ന അടിക്കുറിപ്പോടെയാണ് ഒരാൾ ചിത്രം എക്‌സിൽ പങ്കുവച്ചത്.
എന്നാൽ, ഇത് വ്യാജചിത്രമാണെന്നാണ് വസ്തുതാന്വേഷണത്തിൽ വ്യക്തമായത്. പഴയ ഫോട്ടോയിൽ ശ്രീരാമന്റെ ചിത്രം എഡിറ്റ് ചെയ്തു ചേർത്ത് പ്രചരിപ്പിക്കുകയാണുണ്ടായത്. ഷട്ടര്‍സ്റ്റോക്കിലെ ബുർജ് ഖലീഫ ചിത്രത്തിലാണ് എഡിറ്റ് ചെയ്തതെന്ന് റിവേഴ്‌സ് ഇമേജ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ബുർജ് ഖലീഫയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇത്തരത്തിലൊരു ചിത്രവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ലോകത്തെ വിവിധ രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനങ്ങളിലും വിശേഷവേളകളിലും ബുർജ് ഖലീഫയിൽ അവരുടെ ദേശീയപതാക പ്രദർശിപ്പിക്കാറുണ്ട്. ദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും ഇരകളോടുള്ള ഐക്യദാർഢ്യം പ്രകടനങ്ങളും പതിവാണ്. എന്നാൽ, ജനുവരി 22നു നടന്ന രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ഇത്തരത്തിൽ ഒന്നും ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിട്ടില്ല എന്നതാണു യാഥാർത്ഥ്യം.
Summary: Lord Ram on Dubai's Burj Khalifa? Here's the truth-A fact-check
Adjust Story Font
16