'വൈവിധ്യം, സമത്വം, ഉൾക്കൊള്ളൽ എന്നീ വാക്കുകൾ വിമർശനം നേരിടുന്നു'; ഡിഇഐ പ്രോഗ്രാമുകൾ നിർത്തലാക്കി മെറ്റ
മെറ്റയുടെ ഫാക്ട് ചെക്കിങ് യൂണിറ്റും ദിവസങ്ങൾക്ക് മുൻപ് നിർത്തിയിരുന്നു
കാലിഫോർണിയ: ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ(ഡിഇഐ) പ്രോഗ്രാമുകൾ നിർത്തലാക്കി ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ. ഇതു സംബന്ധിച്ച് കമ്പനി തൊഴിലാളികൾക്ക് ആഭ്യന്തര മെമോ അയച്ചു. നിയമനങ്ങളിലും മറ്റും കമ്പനി സ്വീകരിച്ചുപോരുന്ന വൈവിധ്യമാർന്ന സമീപനമാണ് ഇതോടെ അവസാനിക്കുന്നത്. വശം, ലിംഗഭേദം, ദേശം, പ്രായം ഉൾപ്പടെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരെ കമ്പനിയുടെ ഭാഗമാക്കുന്ന പദ്ധതിയാണ് ഡിഇഎ. എല്ലാവർക്കും പക്ഷപാതമില്ലാതെ തുല്യ പരിഗണന നൽക്കുന്നുവെന്ന് ഉറപ്പാക്കലായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
മെറ്റയുടെ ഹ്യൂമൻ റിസോഴ്സസ് വൈസ് പ്രസിഡൻ്റ് ജനേൽ ഗെയ്ൽ ആണ് ജീവനക്കാർക്ക് മെമോ അയച്ചത്. എല്ലാവർക്കും പ്രാതിനിധ്യം നൽകുന്ന ന്യായമായ സംവിധാനത്തിലേക്ക് കമ്പനി മാറുന്നുവെന്നാണ് മെമോയിൽ പറയുന്നത്. അമേരിക്കയിൽ വൈവിധ്യം, സമത്വം, ഉൾക്കൊള്ളൽ എന്നിവയെ ചുറ്റിപ്പറ്റി, മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മുമ്പ് DEI പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മാക്സിൻ വില്യംസ് ഇനിമുതൽ ഒരു പുതിയ റോളിലേക്ക് മാറും.
വൈവിധ്യം, സമത്വം, ഉൾക്കൊള്ളൽ എന്നീ വാക്കുകൾ വിമർശനം നേരിടുന്നുണ്ട്. വൈവിധ്യങ്ങളിൽ മാത്രം ഊന്നിക്കൊണ്ടുള്ള സമീപനം നിർത്തലാക്കി, എല്ലാ വിഭാഗങ്ങളിലുള്ളവർക്കും അവസരം നൽകുമെന്ന് മെറ്റ അറിയിച്ചു.
സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളും കമ്പനി ഈയടുത്ത് നിർത്തലാക്കിയിരുന്നു. വംശീയതക്കും ലിംഗഭേദത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മെറ്റയുടെ ഫാക്ട് ചെക്കിങ് യൂണിറ്റും ദിവസങ്ങൾക്ക് മുൻപ് നിർത്തിയിരുന്നു. അതേസമയം, എംആർജിയെന്ന ജീവനക്കാരുടെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളെ കമ്പനി തുടർന്നും പിന്തുണയ്ക്കും.
Adjust Story Font
16