സാംസങ്ങിന്റെ ട്രോളിന് മറുപടിയോ? ആദ്യ ഫോൾഡബിൾ ഐഫോൺ 2026ൽ?
ഫോൾഡിങ് മെക്കാനിസത്തോടൊപ്പം തകർപ്പൻ ഡിസൈനിലാകും ഫോൺ ഇറങ്ങുക
സാംസങ്ങിന് വെല്ലുവിളിയുമായി ഫോൾഡബിൾ ഐഫോണ്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിൾ എന്ന് റിപ്പോർട്ട്. ഐഫോണുകളുടെ വിവിധ വേർഷനുകൾ ഓരോ വർഷവും പുറത്തുവരുന്നുണ്ടെങ്കിലും ഇതുവരെ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയിട്ടില്ല. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ചൂടേറിയ മത്സരത്തിനിടയിൽ ഉപയോക്താക്കൾക്കിടയിൽ ഇതൊരു ചർച്ചയുമായിരുന്നു.
2026ന്‍റെ രണ്ടാം പകുതിയിലാവും ആപ്പിള്‍ അവരുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കുകയെന്നാണ് സൂചന. ഫോൾഡിങ് മെക്കാനിസത്തോടൊപ്പം തകർപ്പൻ ഡിസൈനിലാകും ഫോൺ പുറത്തിറങ്ങുക. പ്രീമിയം ഫോണുകളാൽ സമ്പന്നമായ ഐഫോൺ നിരയിലേക്ക് മികച്ച ക്യാമറ, ചിപ്പ് എന്നിവയും ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാംസങ്ങിനു പുറമെ വാവേയ്, മോട്ടറോള കമ്പനികളും ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഗാലക്സി ഇസഡ് സീരീസുമായി സാംസങ് തന്നെയാണ് വിപണിയിലെ തരംഗം. പുതിയ മാറ്റങ്ങളുമായി ഓരോ അപ്ഡേഷനുകളിലും ഞെട്ടിക്കാനും സാംസങ്ങിന് സാധിക്കുന്നുണ്ട്. എന്നാൽ മികച്ച ബിൽഡ് ക്വാളിറ്റിയും സോഫ്റ്റ്‍വെയർ സപ്പോർട്ടും നൽകുന്നതാകും ആപ്പിളിന്റെ ഡിവൈസെന്നാണ് ടെക് ലോകത്തിന്റെ പ്രതീക്ഷ.
ഫോൾഡബിൾ ഐഫോണിൽ കട്ടിങ് എഡ്ജ് ടെക്നോളജിയും ഫ്ലക്സിബിൾ ഒഎൽഇഡി സ്ക്രീനുമാകും ഉണ്ടാകുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആയിരക്കണക്കിനു മടക്കലുകൾക്ക് ശേഷവും ഡിസ്പ്ലേ തകരാർ വരാത്ത വിധമാകും ബിൽഡ് ക്വാളിറ്റി.
അതിനിടെ, ഫോൺഡബിൾ ഫോണുകൾക്ക് പ്രതീക്ഷിച്ച മാർക്കറ്റില്ലെന്നും സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഇപ്പോൾ ഈ സെഗ്മെന്‍റിൽ കാര്യമായ വിൽപ്പനയില്ലെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ആപ്പിളിന്‍റെ നീക്കം വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യം കാത്തിരുന്നു കാണണം.
Adjust Story Font
16