ആവശ്യക്കാരേറുന്നു; ഉൽപ്പാദനം കൂട്ടി ആപ്പിൾ, 2024ൽ മാത്രം 90 മില്യൺ ഐഫോൺ 16 മോഡലുകൾ
ഐഫോൺ 15 സീരീസുകളെക്കാൾ പത്ത് ശതമാനം വർധനവാണ് 16 മോഡലുകളിൽ കമ്പനി വരുത്തുന്നത്.
ന്യൂയോർക്ക്: എ.ഐ ഫീച്ചറുകളോടെ എത്തുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 16ന് ആവശ്യക്കാർ ഏറുമെന്ന് റിപ്പോർട്ട്. ഇക്കാര്യം മനസിലാക്കിയ കമ്പനി ഈ വർഷം മാത്രം 90 മില്യൺ(ഒമ്പത് കോടി) ഐഫോണുകളാണ് നിർമിക്കുന്നത്.
ഐഫോൺ 15 സീരീസുകളെക്കാൾ പത്ത് ശതമാനം വർധനവാണ് 16 മോഡലുകളിൽ കമ്പനി വരുത്തുന്നത്. സെപ്തംബറിലാണ് ഐഫോൺ 16 മോഡലുകൾ അവതരിപ്പിക്കുക. ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളാവും കമ്പനി അവതരിപ്പിക്കുക. ഇവയ്ക്ക് പുറമെ മറ്റൊരു മോഡലും കൂടി ഇറക്കുമെന്ന് ചില റിപ്പോർട്ടുണ്ട്.
ആപ്പിൾ ഇന്റലിജൻസ് എന്ന പേരിൽ ഇറക്കിയ പുതിയ സാങ്കേതിക വിദ്യയാണ്(എ.ഐ) 2016ലെ ഐഫോണുകളെ ശ്രദ്ധേയമാക്കുന്നത്. ഐഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതും 'വൗ ഫാക്ടറുകൾ' ഏറെയുള്ളതുമാണ് ആപ്പിൾ ഇന്റലിജൻസ്. ഏറ്റവും പുതിയ ഐ.ഒ.എസ് 18ന്റെ പിന്തുണയിലാണ് ഇവ എത്തുന്നത്. ഇവ രണ്ടും വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ ചില സസ്‌പെൻസുകൾ നിലനിർത്തി ആപ്പിൾ അവതരിപ്പിച്ചുകഴിഞ്ഞു.
അമേരിക്കയ്ക്ക് പുറമെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ചൈനയിലെ മാർക്കറ്റുകളാണ് ആപ്പിൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവിടെ നിന്നാണ് 16 മോഡലുകളെക്കുറിച്ച് കൂടുതൽ അനേഷണണം വന്നത്. ചൈനയുടെ ഷവോമി, വാവെയ് എന്നിവ ഇതിനകം തന്നെ എ.ഐ പുതിയ മോഡലുകളിൽ എത്തിച്ചിട്ടുണ്ട്. ഇതിനെ വെല്ലാന്‍ ആപ്പിൾ ഇന്റലിജൻസിനാവുമോ എന്നാണ് അറിയേണ്ടത്. സാംസങും ഗൂഗിളും എ.ഐ അവതരിപ്പിച്ച് വിപണിയിൽ നേരത്തെ സജീവമായെങ്കിലും 2024ലും ആപ്പിൾ പിന്നാക്കം പോകില്ലെന്നും കരുത്താർജിക്കുമെന്നുമാണ് വിലയിരുത്തൽ.
എന്നിരുന്നാലും ചൈനയിലെ വിപണി തന്നെയാണ് കമ്പനിക്ക് വെല്ലുവിളിയാകുക. അവിടെ കർശനമായ എ.ഐ നിയന്ത്രണങ്ങളുണ്ട്. പോരാത്തതിന് ഷവോമി ഉള്‍പ്പെടെയുള്ള പ്രാദേശിക നിർമ്മാതാക്കള്‍ ഉയര്‍ത്തുന്ന മത്സരങ്ങളും. ചൈനയിലെ ഐഫോൺ വിൽപ്പന 2024ന്റെ തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും ഏപ്രിലിൽ ശക്തമായി തിരിച്ചുവരാൻ കഴിഞ്ഞിരുന്നു. പ്രൊമോഷണൽ ഡിസ്കൗണ്ടുകൾ കാരണമായിരുന്നു ഈ തിരിച്ചുവരവെന്നാണ് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2023ലും ആപ്പിളിന് ചൈനയില്‍ കനത്ത മത്സരമാണ് നേരിടേണ്ടി വന്നിരുന്നത്. ഇതിനിടയിലേക്കാണ് എ.ഐയുമായി ആപ്പിളെത്തുന്നത്. ഇതിലാണ് ഇവരുടെ പ്രതീക്ഷകളത്രെയും. അതേസമയം 15 പരമ്പരയിലെ പ്രോ, പ്രോ മാക്സ് എന്നിവയിലും എ.ഐ ലഭിച്ചേക്കും. 16 പരമ്പരയിലെ എല്ലാ മോഡലുകളിലും എ.ഐ വരുമോ എന്ന് ഉറപ്പില്ല. ബേസ് മോഡലുകളില്‍ ലഭിച്ചാലും പൂര്‍ണ തോതിലാകില്ല. അത്തരം സസ്പെന്‍സുകളൊക്കെ അനാവരണ ചടങ്ങിലെ വ്യക്തമാകൂ.
Adjust Story Font
16