ഒരേസമയം 20 ഫോണുകൾ ഉപയോഗിക്കുന്ന സുന്ദർ പിച്ചൈ; വെറുതെയല്ല, കാര്യമുണ്ട്...
ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ആഗോള സാങ്കേതിക വാർത്തകൾ അടങ്ങിയ ടെക്മീം എന്ന വെബ്‌സൈറ്റ് വായിച്ചാണ് പിച്ചൈ തന്റെ ദിനം ആരംഭിക്കുന്നത്.
ന്യൂയോര്‍ക്ക്: ടെക്‌നോളജി രംഗത്തെ മാറ്റങ്ങളെ കാര്യമായി നിരീക്ഷിച്ച് വരുന്ന വ്യക്തിയാണ് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. എങ്ങനെയൊക്കെയാണ് അദ്ദേഹം ഈ മേഘലയിൽ ഇടപെടുന്നത് എന്തൊക്കെയാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്നൊക്കെ അറിയാൻ ആർക്കും താൽപര്യം ഉണ്ടാകും.
ബി.ബി.സിക്ക് അദ്ദേഹം അനുവദിച്ചൊരു അഭിമുഖവും അതിൽ പറയുന്ന കാര്യങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അതിലൊന്നാണ് അദ്ദേഹത്തിന്റെ ഫോൺ ഉപയോഗം. ഒരേസമയം അദ്ദേഹം ഇരുപത് ഫോണുകളാണ് ഉപയോഗിക്കുന്നത്. വെറുതെ ഫോണിൽ കളിച്ച് സമയം കളയാനൊന്നുമല്ല ഇവ. തന്റെ ജോലിയുടെ ഭാഗമായാണ് ഈ ഫോണുകളത്രയും. ഗൂഗിൾ എങ്ങനെയൊക്കെ ഈ ഉപകരണങ്ങളിൽ പ്രവർത്തിക്കുന്നു എന്നാണ് അദ്ദേഹം പ്രധാനമായും നോക്കുന്നത്.
അദ്ദേഹത്തിന്റെ കുട്ടികള്‍ എത്രനേരം ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന ചോദ്യം നേരിട്ടപ്പോള്‍, കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് പകരം വ്യക്തിഗത പരിധികള്‍ നിശ്ചയിക്കുന്നതിലാണ് കാര്യമെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് ഉത്തരവാദിത്വത്തോടെ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതുണ്ട് എന്നാണ് ഇന്നത്തെ ഡിജിറ്റല്‍ ലോകത്തെ രക്ഷിതാവ് എന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ അക്കൗണ്ടുകൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുന്നു എന്നതിനെക്കുറിച്ചും പിച്ചൈ സംസാരിക്കുകയുണ്ടായി. പലപ്പോഴും പാസ്‌വേഡുകൾ മാറ്റാറില്ലെന്നും സുരക്ഷയ്ക്കായി ടു-ഫാക്ടർ ഒതന്റിക്കേഷനാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പങ്കുവെക്കുന്നു.
പാസ്‌വേഡ് ആവർത്തിച്ച് മാറ്റുന്നതിനെക്കാള്‍ സുരക്ഷിതാണ് ടു-ഫാക്ടർ ഒതനിന്റിക്കേഷന്‍. നിങ്ങൾ ഇടയ്‌ക്കിടെ പാസ്‌വേഡുകൾ മാറ്റുമ്പോൾ, അവ ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെടുമെന്നും പലപ്പോഴും മാറിപ്പോകുമെന്നും അതിനാല്‍ ടു-ഫാക്ടർ ഒതനിന്റിക്കേഷന്‍ തെരഞ്ഞെടുക്കുന്നതാണ് എല്ലായ്പ്പോഴും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തൻ്റെ ഒരു ദിവസം എങ്ങനെ തുടങ്ങുന്നുവെന്ന് കാര്യവും പിച്ചൈ പങ്കുവെക്കുകയുണ്ടായി. ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ആഗോള സാങ്കേതിക വാർത്തകൾ അടങ്ങിയ ടെക്മീം എന്ന വെബ്‌സൈറ്റ് വായിച്ചാണ് പിച്ചൈ തന്റെ ദിനം ആരംഭിക്കുന്നത്.
2005ലാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്.സത്യ നാദെല്ല, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും പിന്തുടരുന്ന ഒരു വെബ്‌സൈറ്റ് കൂടിയാണിത്.വായനക്കാരൂടെ ആവശ്യങ്ങള്‍ അറിഞ്ഞ് തയ്യാറാക്കുന്ന വിവരങ്ങളാണ് ഈ വെബ്‌സൈറ്റില്‍ അടങ്ങിയിരിക്കുന്നത്. മനുഷ്യന്‍ ഇതുവരെ സൃഷ്ടിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന് പിച്ചൈ പറയുന്നു. തീ, വൈദ്യുതി എന്നിവയോടാണ് അദ്ദേഹം എഐയെ താരതമ്യം ചെയ്തത്.
Adjust Story Font
16