വില കേട്ടാൽ ഞെട്ടില്ല! കൂടുതൽ സർപ്രൈസ് കാത്തുവച്ച് ഐഫോൺ 14
യു.എസില്‍ ഐഫോൺ 13 ലോഞ്ച് ചെയ്യുമ്പോൾ 799 ഡോളറായിരുന്നു വില
സാൻ ഫ്രാൻസിസ്‌കോ: പുതിയ സീരീസ് ഐഫോൺ ലോഞ്ചിങ്ങിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം ഏഴിനു നടക്കുന്ന ലോഞ്ചിങ് ചടങ്ങിൽ ഐഫോൺ 14 പുറമെ പുതിയ ഐപാഡ്, ആപ്പിൾ വാച്ച് സീരീസും പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളാണ് പുതിയ സീരീസിൽ ആപ്പിൾ ആരാധകരെ കാത്തിരിക്കുന്നത്. പുതിയ സീരീസിൽ വരാൻ പോകുന്ന ഫീച്ചറുകളിൽ ചിലത് ഇതിനകം തന്നെ പുറത്തായിരുന്നു. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഐഫോൺ 14ന്റെ വിലയറിയാനാണ്. എന്നാൽ, ഇതുവരെ പുറത്തുവരുന്ന വിലവിവരങ്ങളിൽനിന്നു വ്യത്യസ്തമായി ആപ്പിൾ ആരാധകരെ ശരിക്കും സന്തോഷിപ്പിക്കുന്ന സർപ്രൈസാണ് കമ്പനി കാത്തുവച്ചിരിക്കുന്നതെന്നാണ് പുതിയ വിവരം. ഐഫോൺ 13ന്റെ അത്ര വിലയുണ്ടാകില്ല ഐഫോൺ 14നെന്നാണ് വിവരം.
യു.എസില്‍ ഐഫോൺ 13 ലോഞ്ച് ചെയ്യുമ്പോൾ 799 ഡോളറായിരുന്നു വില. 128 ജിബി സ്‌റ്റോറേജുള്ള ഫോൺ ഇന്ത്യൻ വിപണിയിലിറങ്ങിയത് 79,990 രൂപ വിലയിലായിരുന്നു. എന്നാൽ, ടെക് പോർട്ടലായ ട്രെൻഡ്‌ഫോഴ്‌സ് റിപ്പോർട്ട് പ്രകാരം 749 ഡോളറായിരിക്കും യു.എസ് വിപണിയിൽ ഐഫോൺ 14ന്റെ ലോഞ്ചിങ് വില. ഐഫോൺ 13ന്റെ വിലയിൽനിന്ന് 50 ഡോളർ കുറവാണിത്. എന്നാൽ, ഇന്ത്യയിൽ ഫോണിന്റെ വില എത്രയാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. യു.എസ് നിരക്കിലും കൂടാനിടയുണ്ടെങ്കിലും അന്തിമവില ആശ്വാസകരമാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഉപയോക്താക്കൾ.
സാറ്റലൈറ്റ് കണക്ഷനും ബിഗ് സ്‌ക്രീനും
പുതിയ രൂപമാറ്റങ്ങളോടെയും വൻ ഫീച്ചറുകളോടെയുമായിരിക്കും പുതിയ ഐഫോൺ സീരീസ് വിപണിയിലിങ്ങുന്നത്. സാറ്റലൈറ്റ് കണക്ഷൻ, ബിഗ് സ്‌ക്രീൻ, 2 ടി.ബി സ്റ്റോറേജ് അടക്കമുള്ള വമ്പൻ ഫീച്ചറുകളാണ് പുതിയ സീരീസിൽ പ്രതീക്ഷിക്കപ്പെടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ടെക്സ്റ്റ്, വോയിസ് മെസേജുകൾ അയക്കാനുള്ള സാങ്കേതികവിദ്യായാണ് സാറ്റലൈറ്റ് കണക്ഷനിലൂടെ ലഭ്യമാക്കുക. ഐഫോൺ 14ൽ പരീക്ഷണാടിസ്ഥാനത്തിലാണ് സാറ്റലൈറ്റ് കണക്ഷൻ അവതരിപ്പിക്കുന്നതെന്ന് ടെക് വിദഗ്ധനായ മിങ് ചി ക്വോ പറയുന്നു. പുതിയ ഫീച്ചറിന്റെ ഹാർഡ്വെയർ പരീക്ഷണം പൂർത്തിയായിട്ടുണ്ട്. സാറ്റലൈറ്റ് ഫീച്ചർ അവതരിപ്പിക്കാനായി ഗ്ലോബൽസ്റ്റാറുമായി ആപ്പിൾ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.
വലിയ സ്‌ക്രീനുകളും കൂടുതൽ ശക്തമായ പ്രോസസറുമാണ് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു ഫീച്ചർ. 4.7 ഇഞ്ച് ഡിസ്പ്ലേ 6.1ലേക്ക് മാറും. വലിയ ബാറ്ററിയുണ്ടാകുമെന്നും സൂചനയുണ്ട്. ഫാസ്റ്റ് ചാർജിനെ സഹായിക്കുന്നതാകും ഈ മാറ്റം. കാമറ റെസല്യൂഷനിലും വൻ മാറ്റമുണ്ടാകും. മെയിൻ കാമറ 12 എംപിയിൽനിന്ന് 48 എംപിയിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും. പഴയ പർപ്പിൾ നിറം തിരിച്ചുകൊണ്ടുവന്നേക്കുമെന്നും വിവരമുണ്ട്.
സെപ്റ്റംബർ ഏഴിനു നടക്കുന്ന പുതിയ സീരീസ് ലോഞ്ചിങ്ങിൽ എല്ലാ മോഡലുകളും അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. 6.1 ഇഞ്ച് ഐഫോൺ 14, 6.7 ഐഫോൺ 14, 6.1 ഐഫോൺ പ്രോ, 6.7 ഐഫോൺ 14 പ്രോ മാക്സ് എന്നിവയാണ് പുതിയ സീരീസിൽ പ്രതീക്ഷിക്കപ്പെടുന്നത്. ചൈനീസ് വിപണിയിലിറങ്ങി രണ്ടു മാസത്തിനുശേഷമായിരിക്കും ഇന്ത്യൻ മാർക്കറ്റിൽ പുതിയ സീരീസ് ഇറങ്ങുക.
Summary: iPhone 14 price likely to be cheaper than iPhone 13
Adjust Story Font
16