Quantcast

വിപണി തകർന്നിട്ടൊന്നുമില്ല: ആപ്പിളിന് ഇപ്പോഴും ആവശ്യക്കാർ ഏറെ, ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്...

2024ലെ ജനുവരി-മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകൾ ആപ്പിളിന്റെതാണ്

MediaOne Logo

Web Desk

  • Published:

    7 May 2024 10:10 AM GMT

iphone, Apple vs Samsung
X

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ആധിപത്യം തകർത്ത് സാംസങ് വിപണി പിടിക്കുന്നു എന്ന റിപ്പോർട്ടുകൾ ഒരു ഭാഗത്ത് സജീവമാകവെ അങ്ങനെയല്ലെന്ന് തെളിയിക്കുന്ന കണക്കുകളും പുറത്തുവരുന്നു.

2024ലെ ജനുവരി-മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകൾ ആപ്പിളിന്റെതാണ്. ഐഫോൺ 15 പ്രോ മാക്‌സാണ് മുന്നില്‍. രണ്ടാം സ്ഥാനം ഐഫോൺ 15നാണ്. മൂന്നാം സ്ഥാനം ഐഫോൺ 15 പ്രോക്കും നാലാം സ്ഥാനം ഐഫോൺ 14നുമാണ്. ആദ്യ പത്തില്‍ ഇടം നേടിയ മറ്റൊരു ആപ്പിള്‍ മോഡല്‍ ഐഫോണ്‍ 15പ്ലസാണ്. എട്ടാം സ്ഥാനമാണ് ഈ മോഡലിന്‌.

മാർക്കറ്റ് റിസേർച്ച് സ്ഥാപനമായ കൗണ്ടർപോയിന്റാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. നാല് ഐഫോൺ മോഡലുകൾ കഴിഞ്ഞതിന് ശേഷമാണ് സാംസങിന് ആവശ്യക്കാര്‍ വരുന്നത്. ഗ്യാലക്‌സി എസ്24 അൾട്രയാണ് 2024ലെ ആദ്യപാദത്തില്‍ ഏറ്റവും കൂടുകൽ വിറ്റഴിഞ്ഞ അഞ്ചാമത്തെ സ്മാർട്ട്‌ഫോൺ. ആറാം സ്ഥാനത്ത് വരുന്നത് ഗ്യാലക്‌സി എ15 ഫൈവ് ജിയും ഏഴാം സ്ഥാനത്ത് ഗ്യാലക്‌സി എ54ഉം.

അതേസമയം ആദ്യമായാണ് ഐഫോൺ മോഡലുകൾ ആപ്പിളിന്റെ സീസണല്ലാത്ത ഒരു പാദത്തിൽ, ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണായി മാറുന്നത്. ഐഫോൺ 15 സീരീസിലെ രണ്ട് മോഡലുകളായ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ എന്നിവക്ക് ആവശ്യക്കാരേറുന്നത് വിപണിയിലെ ട്രെന്‍ഡിനെയാണ് കാണിക്കുന്നത് എന്നാണ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടർപോയിന്റ് ചൂണ്ടിക്കാണിക്കുന്നത്.

ആപ്പിളിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്തത് പ്രോ മോഡലുകളാണ്. 2024 ലെ ആദ്യ പാദത്തിൽ മൊത്തം വിൽപ്പന മൂല്യത്തിന്റെ 60 ശതമാനത്തിലധികം പ്രോ മോഡലുകളില്‍ നിന്നാണ്. ആവശ്യക്കാര്‍ ഏറെയുള്ളവയില്‍ ഐഫോണിന്റെ 15 സീരിസിലെ എല്ലാ മോഡലുകളും ഇടംപിടിച്ചപ്പോള്‍ സാംസങിന്റ ഏറ്റവും പുതിയ ഗ്യാലക്സി എസ്24, 2024ലെ ആദ്യപാദത്തില്‍ തന്നെ ഇടം നേടിയത് കമ്പനിക്ക് നേട്ടമായി. ഈ ജനുവരിയിൽ ഇറങ്ങിയ സാംസങ് ഗ്യാലക്സി എസ്24 അള്‍ട്രയാണ് അഞ്ചാം സ്ഥാനത്ത്. ഈ സീരിസിലെ ബേസ് മോഡല്‍ ഒമ്പതാം സ്ഥാനത്തുമാണ്.

എ.ഐ സാങ്കേതിക വിദ്യയാണ് സാംസങിന് നേട്ടമായതെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രീമിയം സ്മാർട്ട്‌ഫോണുകൾക്കാണ് ആവശ്യക്കാര്‍ ഏറെയെന്നാണ് കൗണ്ടർപോയിന്റ് റിസർച്ചിൽ പറയുന്നത്. ആദ്യ ഏഴ് സ്ഥാനത്തുള്ളവ പ്രീമിയം മോഡലുകളാണ്. ഉപഭോക്താക്കൾ അവരുടെ ഫോണുകള്‍, ദീർഘകാലത്തേക്ക് സാങ്കേതികമായി പ്രസക്തമാണെന്ന് ഉറപ്പാക്കാനാണ്, ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകൾ തെരഞ്ഞെടുക്കുന്നത് എന്നാണ് കൗണ്ടർപോയിന്റ് കണ്ടെത്തിയിരിക്കുന്നത്.



TAGS :
Next Story