'കണക്ടിങ് ഭാരത്'; പുതിയ ലോഗോയും മാറ്റങ്ങളുമായി ബിഎസ്എൻഎൽ
ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്
ന്യൂഡൽഹി: ഭാരത സർക്കർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു. പഴയതിൽ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ ലോഗോ. 'കണക്ടിങ് ഇന്ത്യ' എന്ന പഴയ ടാഗ്ലൈനിനു പകരം 'കണക്ടിങ് ഭാരത്' എന്നും പുതിയ ലോഗോയിൽ കാണാം. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായാണ് കമ്പനിയുടെ മാറ്റങ്ങൾ. നിലവിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് 4G സേവനങ്ങൾ ലഭ്യമാകുന്നത്. കമ്പനി ഉടൻ തന്നെ രാജ്യത്ത് 5G സേവനങ്ങൾ അവതരിപ്പിക്കും. ഇതോടൊപ്പം, ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അനാവശ്യമായെത്തുന്ന മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം ഫിൽട്ടർ ചെയ്യുന്ന സ്പാം-ഫ്രീ നെറ്റ്‌വർക്കാണ് ഇതിലൊന്ന്.
എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര സേവനദാതാക്കൾ അവരുടെ നിരക്കുകൾ വർധിപ്പിച്ചതിനുപിന്നാലെ ബിഎസ്എൻഎൽ രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. തങ്ങളുടെ കുറഞ്ഞ നിരക്കുകൾ കാരണം ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഈയിടെ രേഖപ്പെടുത്തിയത്. 2025ഓടെ രാജ്യത്തുടനീളം 4ജി റോൾഔട്ട് പൂർത്തിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 4ജി റോൾഔട്ട് പൂർത്തിയായതിനുശേഷം 6 മുതൽ 8 മാസത്തിനകം 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ മാറ്റങ്ങൾ
ഫൈബർ ഇൻ്റർനെറ്റ് ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ ദേശീയ വൈഫൈ റോമിംഗ് സേവനവും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഹോട്ട്‌സ്‌പോട്ടുകളിൽ (വയർലെസ്സ് ഇന്റർനെറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളിൽ) അധിക നിരക്കുകളില്ലാതെ അതിവേഗ ഇൻ്റർനെറ്റ് ആസ്വദിക്കാനാകും. ഇത് അവരുടെ ഡാറ്റാ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.
500-ലധികം ലൈവ് ചാനലുകളും പേ ടിവി ഓപ്ഷനുകളും ഉൾപ്പെടുന്ന പുതിയ ഫൈബർ അധിഷ്ഠിത ടിവി സേവനവും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. എല്ലാ ഫൈബർ ഇൻ്റർനെറ്റ് വരിക്കാർക്കും ഇത് അധിക ചിലവില്ലാതെ ലഭ്യമാകും. ടിവി സ്ട്രീമിംഗിനായി ഉപയോഗിക്കുന്ന ഡാറ്റ പ്രതിമാസ ഇൻ്റർനെറ്റ് അലവൻസിൻ്റെ കൂടെ കണക്കാക്കില്ല.
ഓട്ടോമേറ്റഡ് കിയോസ്‌കുകളും കമ്പനി അവതരിപ്പിക്കും. ഇതിലൂടെ ആളുകൾക്ക് സിം കാർഡുകൾ എളുപ്പത്തിൽ വാങ്ങാനോ അപ്‌ഗ്രേഡ് ചെയ്യാനോ മാറാനോ സാധിക്കും.
ഖനന പ്രവർത്തനങ്ങൾക്കായി ഒരു പ്രത്യേക സ്വകാര്യ 5G നെറ്റ്‌വർക്ക് രൂപകൽപ്പന ചെയ്യാനായി C-DACയുമായി കൈകോർക്കാനും കമ്പനി തീരുമാനിച്ചു. ഖനികളിലെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉപഗ്രഹവും മൊബൈൽ നെറ്റ്‌വർക്കുകളും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡയറക്ട്-ടു-ഡിവൈസ് (D2D) കണക്റ്റിവിറ്റി സൊല്യൂഷനും ബിഎസ്എൻഎൽ അവതരിപ്പിച്ചു. സാധാരണ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ഡിജിറ്റൽ പേയ്‌മെൻ്റുകൾ പോലുള്ള പ്രവർത്തനങ്ങൾ ഇതിലൂടെ സാധ്യമാകും.
പുതിയ വരിക്കാരെ ലക്ഷ്യമിട്ട് ഫാൻസി മൊബൈൽ നമ്പറുകൾ സ്വന്തമാക്കാനുള്ള അവസരവും കമ്പനിയൊരുക്കുന്നുണ്ട്. ഇതിനായി കമ്പനി ഇ-ലേലം അവതരിപ്പിച്ചു. നിലവിൽ, യുപി ഈസ്റ്റ്, ചെന്നൈ, ഹരിയാന എന്നീ മൂന്ന് മേഖലകളിലാണ് ലേലം നടക്കുക.
Adjust Story Font
16