Quantcast

കുത്തക കമ്പനികൾ കൈവിട്ടവര്‍ക്ക് കരംനീട്ടി ടാറ്റ; കൂട്ടപിരിച്ചുവിടലില്ല, ജീവനക്കാർക്ക് ശമ്പള വർധനയും

ട്വിറ്ററിന്റെ ചുവടുപിടിച്ച് ഗൂഗിൾ, മെറ്റ, ആമസോൺ അടക്കം കുത്തക ടെക് കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനിടെയാണ് ടാറ്റ കൺസൾട്ടൻസിയുടെ പ്രഖ്യാപനം

MediaOne Logo

Web Desk

  • Updated:

    2023-02-21 08:05:31.0

Published:

21 Feb 2023 7:52 AM GMT

Tataonlayoffs, TataSalaryhike, TataConsultancyServices
X

മുംബൈ: ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനുശേഷം ആരംഭിച്ച കൂട്ടപിരിച്ചുവിടൽ ഇപ്പോൾ ആഗോള ടെക് കമ്പനികളിലും പകർച്ചവ്യാധി പോലെ പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കലും ചൂണ്ടിക്കാട്ടി ട്വിറ്ററിന്റെ വഴിയെ ഗൂഗിൾ, മെറ്റ, ആമസോൺ അടക്കം വമ്പൻ കമ്പനികളാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. എന്നാൽ, തൊഴിൽ വിപണിയിലെ ആഗോളപ്രതിസന്ധിക്കിടയിൽ ജീവനക്കാരുടെ കൈപിടിച്ച് വേറിട്ട കാഴ്ചയാകുകയാണ് ടാറ്റ.

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവിസസ്(ടി.സി.എസ്) ആഗോള കുത്തകകൾക്കിടയിൽ വേറിട്ട ശബ്ദമാകുന്നത്. ടെക് രംഗത്ത് തുടരുന്ന കൂട്ടപ്പിരിച്ചുവിടലിനൊപ്പം ചേരാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. എന്നു മാത്രവുമല്ല, കമ്പനി ജീവനക്കാർക്ക് ശമ്പള വർധന ഉറപ്പാക്കും. ഇതോടൊപ്പം വിവിധ കമ്പനികൾ പിരിച്ചുവിട്ടവരെ സ്വീകരിക്കുമെന്നും ടി.സി.എസ് ചീഫ് എച്ച്.ആർ ഓഫിസർ മിലിന്ദ് ലക്കാഡ് അറിയിച്ചു.

വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകി അഭിമുഖത്തിലാണ് മിലിന്ദ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 'കമ്പനിയിലെ പ്രതിഭകളെ വർത്തിക്കൊണ്ടുവരുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഒരാൾ സ്റ്റാഫ് അംഗമായി ചേർന്നാൽ, അവരുടെ ഉൽപാദനക്ഷമ കൂട്ടൽ ഞങ്ങളുടെ ഉത്തരവാദിത്തമാണ്.'-അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവനക്കാരെ പിരിച്ചുവിടില്ലെന്നു മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വർഷത്തേതിനു സമാനമായ ശമ്പള വർധന ഇത്തവണയുമുണ്ടാകും. ശമ്പളത്തിന്റെ കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. ഇതോടൊപ്പം പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ കമ്പനിയിൽ നിയമിക്കാനും ആഗ്രഹിക്കുന്നുണ്ട്. ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കംപ്യൂട്ടിങ് അടക്കമുള്ള രംഗങ്ങളിൽ പരിചയമുള്ളവരെയാണ് ലക്ഷ്യമിടുന്നതെന്നും മിലിന്ദ് കൂട്ടിച്ചേർത്തു.

ആവശ്യത്തിലേറെ ജീവനക്കാരെ നിയമിച്ചതുകൊണ്ടാണ് മറ്റ് കമ്പനികൾ കൂട്ടപിരിച്ചുവിടലിന് നിർബന്ധിതരായതെന്നും മിലിന്ദ് ലക്കാഡ് പറഞ്ഞു. എന്നാൽ, അത്തരമൊരു സാഹചര്യം ടി.സി.എസ്സിനില്ല. നിയമനം അടക്കമുള്ള കാര്യങ്ങളിൽ കമ്പനി ജാഗ്രതയോടെയാണ് പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ വാണിജ്യ ശൃംഖലയായ ടാറ്റ ഗ്രൂപ്പിന്റെ ഐ.ടി സേവന-കൺസൾട്ടിങ് കമ്പനിയാണ് ടി.സി.എസ്. കമ്പനിക്കു കീഴിൽ മാത്രം ആറു ലക്ഷത്തോളം ജീവനക്കാരുണ്ട്. 46 രാജ്യങ്ങളിലും 150 നഗരങ്ങളിലുമായി പരന്നുകിടക്കുന്നതാണ് ടി.സി.എസിന്റെ ബിസിനസ് സാമ്രാജ്യം.

Summary: ''There is no layoffs at Tata Consultancy Services, instead employees will be given salary hike, and will hire impacted employees from startups'' says Milind Lakkad, Chief Human Resources Officer of TCS

TAGS :
Next Story