ആൻഡ്രോയിഡിന് പകരം; പുതിയ ഒഎസിൻ്റെ സാധ്യത പങ്കുവെച്ച് നതിങ് സിഇഒ
നിലവിൽ ആൻഡ്രോയിഡിലാണ് നതിങ് പ്രവർത്തിക്കുന്നത്
ബെയ്ജിങ്: ആൻഡ്രോയിഡിനു പകരം മറ്റൊരു ഓപറേറ്റിങ് സിസ്റ്റം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സ്മാർട്ട്ഫോൺ ബ്രാൻഡായ നതിങ്. കമ്പനി സിഇഒ കാൾ പേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ഗൂഗിളിൻ്റെ ആൻഡ‍്രോയിഡും, ആപ്പിളിൻ്റെ ഐഓഎസുമാണ് മാർക്കറ്റിലെ പ്രധാന ഓപറേറ്റിങ് സിസ്റ്റംസ്. ചൈനീസ് വമ്പൻമാരായ ഹ്യുവായിയുടെ ഹാർമണി ഒഎസ് ഇതിനൊരു ബദൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് യുകെ കമ്പനിയായ നതിങ്ങിൻ്റെ കടന്നുവരവ്.
വൺപ്ലസിൻ്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ കാൾ പേ ഒരു ചർച്ചക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിക്ക് ഒരു പുതിയ വരുമാന മാർഗം സൃഷ്ടിക്കുക എന്നതാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറിനുള്ള പിന്തുണ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൂഗിളും ആപ്പിളും തങ്ങളുടെ ഒഎസുകളിൽ എഐ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരുന്നു. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനാവും കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ആൻഡ്രോയിഡിലാണ് നതിങ് പ്രവർത്തിക്കുന്നത്. സാംസങ്, വിവോ, ഓപ്പോ, റിയൽമി തുടങ്ങി പ്രധാനപ്പെട്ട മിക്ക സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് ഒഎസിലാണ് പ്രവർത്തിക്കുന്നത്.
Adjust Story Font
16