ബിഎസ്എൻഎല്ലിനെ പിന്നിലാക്കി ജിയോ ഒന്നാമത്; ഫിക്‌സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ 43ലക്ഷം കടന്നു
ഒക്ടോബറിലെ 41 ലക്ഷത്തിൽ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തിൽപ്പരം ആളുകളെയാണ് അധികമായി ജിയോയിൽ ചേർത്തത്
ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനത്തിൽ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെ പിന്നിലാക്കി റിലയൻസ് ജിയോ ഒന്നാം സ്ഥാനത്ത്. രണ്ടുവർഷം മുൻപാണ് ജിയോ ഈ രംഗത്ത് ചുവടുറപ്പിച്ചത്.
ടെലികോം സേവനരംഗം നിയന്ത്രിക്കുന്ന ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് 43 ലക്ഷം പേർക്കാണ് റിലയൻസ് ജിയോ ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനം നൽകുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലെ 41 ലക്ഷത്തിൽ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തിൽപ്പരം ആളുകളെയാണ് അധികമായി ജിയോയിൽ ചേർത്തത്.
അതേസമയം, ബിഎസ്എൻഎല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒക്ടോബറിൽ 47 ലക്ഷം ഉണ്ടായിരുന്ന സ്ഥാനത്ത് നവംബറിൽ ഇത് 42 ലക്ഷമായി താഴ്ന്നു. നവംബറിൽ മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ എയർടെലിന്റെ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 40 ലക്ഷമാണ്.
2019 സെപ്റ്റംബറിലാണ് ജിയോ ഫൈബർ എന്ന പേരിൽ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനം ജിയോ തുടങ്ങിയത്. ഈസമയത്ത് ബിഎസ്എൻഎല്ലിന് 86 ലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരുന്നു. രണ്ടുവർഷം കൊണ്ട് ബിഎസ്എൻഎല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Adjust Story Font
16