Quantcast

തലച്ചോറിനെ പോലെ പ്രവര്‍ത്തിക്കുന്ന മെമ്മറി കാര്‍ഡ്; പദ്ധതിയുമായി സാംസങ്

തലച്ചോറിന്റെ പ്രവര്‍ത്തന രീതി അനുകരിക്കാന്‍ സാധിക്കുന്ന ന്യൂറോ മോര്‍ഫിക് ചിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് സാംസങ്

MediaOne Logo

Web Desk

  • Published:

    27 Sep 2021 11:38 AM GMT

തലച്ചോറിനെ പോലെ പ്രവര്‍ത്തിക്കുന്ന മെമ്മറി കാര്‍ഡ്; പദ്ധതിയുമായി സാംസങ്
X

മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തന രീതി യന്ത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സാംസങ്. തലച്ചോറിന്റെ പ്രവര്‍ത്തന രീതി അനുകരിക്കാന്‍ സാധിക്കുന്ന ന്യൂറോ മോര്‍ഫിക് ചിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് സാംസങ്. തലച്ചോറിലെ നാഢീഘടന പകര്‍ത്തിയെടുത്ത് ഒരു മെമ്മറി കാര്‍ഡിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് സാംസങ് എഞ്ചിനീയര്‍മാര്‍ വിഭാവനം ചെയ്യുന്ന സാങ്കേതികത. കോപ്പി-പേസ്റ്റ് ചെയ്യുക എന്നാണ് ഈ പ്രക്രിയയെ അവര്‍ വിശേഷിപ്പിക്കുന്നത്. നാനോ ഇലക്ട്രോഡ് അരേ ഉപയോഗിച്ചാണ് തലച്ചോറിലെ അതി സങ്കീര്‍ണമായ നാഡീവ്യൂഹത്തിന്റെ ഘടന പകര്‍ത്തുക. ഇത് പിന്നീട് ഒരു മെമ്മറി കാര്‍ഡിലേക്ക് സന്നിവേശിപ്പിക്കും.

സാംസങ് അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറുമായ ഡോന്‍ഹീ ഹാം, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ഹോങ്കുന്‍ പാര്‍ക്ക്, സാംസങ് എസ്ഡിഎസ് മേധാവിയും പ്രസിഡന്റുമായ സങ് വോ വാങ്, സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാനും സിഇഒയുമായ കിനാം കിം എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'നൂറോമോര്‍ഫിക് ഇലക്ട്രോണിക്സ് ബേസ്ഡ് ഓണ്‍ കോപിയിങ് ആന്റ് പേസ്റ്റിങ് ദി ബ്രെയ്ന്‍' എന്ന പ്രബന്ധത്തിലാണ് തലച്ചോറിന്റെ ഘടന ഒരു ചിപ്പിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ പദ്ധതികള്‍ വിശദീകരിക്കുന്നത്.



1980 കളില്‍ തന്നെ ന്യൂറോ മോര്‍ഫിക് എഞ്ചിനീയറിങ് ലക്ഷ്യമിട്ടുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനവും ഘടനയും ഒരു സിലിക്കണ്‍ ചിപ്പിലേക്ക് അതേപടി അനുകരിക്കുക എന്നതായിരുന്നു അതിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത് ഏറെ പ്രയാസകരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുംവിധം നാഡീവ്യൂഹം എങ്ങനെയാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് ഇനിയും കൃത്യമായി കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത.

അതുകൊണ്ടുതന്നെ തലച്ചോറിനെ അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്നതിന് പകരം തലച്ചോറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പനയാണ് ന്യൂറോമോര്‍ഫിക് എഞ്ചിനീയറിങിലൂടെ സാംസങ് ലക്ഷ്യമിടുന്നത്. തലച്ചോറിലെ സങ്കീര്‍ണമായ നാഡീ ശൃംഖലകളിലേക്ക് ഫലപ്രദമായി പ്രവേശിക്കാനും അതിലെ വൈദ്യുത സിഗ്‌നലുകളെ തിരിച്ചറിയാനും എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത നാനോ ഇലക്ട്രോഡ് അരേയ്ക്ക് സാധിക്കുമെന്ന് സാംസങ് പറയുന്നു.

നാഡീവ്യൂഹത്തിന്റെ ഘടന ഈ രീതിയില്‍ മനസിലാക്കി അത് നമ്മള്‍ ദൈനംദിന ജീവിത്തില്‍ ഉപയോഗിച്ച് പരിചയിച്ച സോളിഡ് സ്റ്റേറ്റ് ഡ്രൈവിലേക്കോ (എസ്എസ്ഡി) പുതിയ തരം റെസിസ്റ്റീവ് റാണ്ടം ആക്സസ് മെമ്മറികളിലേക്കോ (ആര്‍ആര്‍എഎം) പകര്‍ത്തും. ഇതുവഴി പകര്‍ത്തിയെടുത്ത തലച്ചോറിന്റെ ന്യൂറോണ്‍ ഘടനയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തന മികവ് ഈ ചിപ്പുകള്‍ക്ക് ലഭിക്കും. എന്നാല്‍ ഇത് എഞ്ചിനീയര്‍മാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിമാത്രമാണിപ്പോള്‍. യാഥാര്‍ഥ്യമാകാന്‍ ഏറെ സമയമെടുക്കും.

TAGS :
Next Story