Quantcast

നമ്മൾ പറയുന്നതെല്ലാം സ്മാർട്ട്ഫോൺ കേൾക്കുന്നുണ്ട്, ചോർത്തുന്നുമുണ്ട്; വെളിപ്പെടുത്തലുമായി അമേരിക്കൻ കമ്പനി

'ആക്ടീവ് ലിസണിങ്' സോഫ്‌റ്റ്‌വെയർ വഴിയാണ് വിവരങ്ങൾ ചോർത്തുന്നതെന്ന് വെളിപ്പെടുത്തൽ

MediaOne Logo

Web Desk

  • Published:

    4 Sep 2024 3:12 PM GMT

Smartphones are listening and eavesdropping on everything we say; American company with disclosure, latest news malayalam, നമ്മൾ പറയുന്നതെല്ലാം സ്മാർട്ട്ഫോൺ കേൾക്കുന്നുണ്ട്, ചോർത്തുന്നുമുണ്ട്; വെളിപ്പെടുത്തലുമായി  അമേരിക്കൻ കമ്പനി
X

ആഹാ... ഞാൻ പറയുന്നതൊക്കെ ഫേസ്ബുക്ക് അറിയുന്നുണ്ടോ?' എന്തൊരത്ഭുതമാണിത്. ഇങ്ങനെ ആശ്ചര്യപ്പെട്ടിട്ടുള്ളവരാണ് നമ്മളിൽ പലരും. സ്മാർട്ട് ഫോണിന്റെ സാന്നിദ്ധ്യത്തിൽ എന്തെങ്കിലും പറയുകയും സ്മാർട്ട് ഫോൺ ഉപയോ​ഗിച്ച് സുഹൃത്തുക്കളെ വിളിക്കുകയുമൊക്കെ ചെയ്തതിന് ശേഷം സമൂഹമാധ്യമങ്ങളിലെ ഫീഡിൽ നിറയെ തൊട്ടുമുമ്പ് സംസാരിച്ച ഏതെങ്കിലും ഉല്പന്നത്തെക്കുറിച്ചുള്ള പരസ്യങ്ങളാകും. ഇതാണ് നമ്മുടെ സംശയം ഇരട്ടിപ്പിച്ചത്. എന്നാൽ ആ ഞെട്ടലിനും അമ്പരപ്പിനും അവസാനമയിരിക്കുകയാണ്. അതിനുളള തെളിവും ശാസ്ത്രീയമായി തന്നെയുണ്ട്.

നമ്മുടെ ഫോൺ ഫേസ്ബുക്ക് ഉൾപ്പെടെയുളളവർക്ക് എല്ലാം ചോർത്തിക്കൊടുക്കുന്നുണ്ട് എന്ന് പറയാറുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിന് ശാസ്ത്രീയ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇക്കാര്യം ഒരു മാർക്കറ്റിങ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. സ്മാർട്‌ഫോണിന്റെ മൈക്രോഫോൺ ഉപയോഗിച്ച് ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.

കോക്സ് മീഡിയാ ​ഗ്രൂപ്പ് എന്ന മാർക്കറ്റിം​ഗ് കമ്പനിയാണ് ഇക്കാര്യം വെളിപ്പെടുത്തി രം​ഗത്തെത്തിയത്. ഫേസ്ബുക്കും ​ഗൂ​ഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളാണ്. ആളുകളുടെ സംസാരത്തിൽ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസണിങ് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ (ഡാറ്റ) ആളുകളുടെ വ്യക്തി​ഗതവിവരങ്ങളുമായി ചേർത്ത് മാർക്കറ്റിങ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ കഴിയുമെന്നതാണ് വസ്തുത.

ഇങ്ങനെ ഉപഭോക്താക്കളുടെ ശബ്ദം കേൾക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് 2023ൽ പറഞ്ഞിരുന്നെങ്കിലും അത് പ്രതിപാ​​ദിക്കുന്ന ലേഖനം പിന്നീട് നീക്കം ചെയ്തിരുന്നു. മാധ്യമ പ്രക്ഷേപണ സേവനങ്ങൾ നൽകുന്ന ജോർജിയയിലെ അറ്റ്ലാൻ്റ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ മീഡിയ കമ്പനിയാണ് കോക്സ് മീഡിയ ഗ്രൂപ്പ് (CMG).

പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഗിൾ തങ്ങളുടെ പാർട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റിൽ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തിട്ടുണ്ട്. പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഫോണിന്റെ മൈക്രോഫോൺ തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും വർഷങ്ങളായി ഇക്കാര്യം തുറന്നുപറയുന്നുണ്ടെന്നുമാണ് ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ പ്രതികരിച്ചത്. കരാർ വ്യവസ്ഥകൾ കോക്‌സ് മീഡിയാ ഗ്രൂപ്പ് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും മെറ്റ പറഞ്ഞു.

TAGS :
Next Story