Quantcast

ടെലഗ്രാം നിരോധനം വരുന്നു? കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്‌

സാമ്പത്തിക തട്ടിപ്പ്, ചൂതാട്ടം, ചൈല്‍ഡ് പോണോഗ്രഫി, സെക്‌സ് റാക്കറ്റ്, ലഹരി ഇടപാട് ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള ഒളിസങ്കേതമായി ടെലഗ്രാം മാറിയിരിക്കുകയാണെന്നും ഇതൊന്നും തടയാൻ കമ്പനി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം

MediaOne Logo

Web Desk

  • Published:

    27 Aug 2024 10:59 AM GMT

Telegram to be banned in India? Company being probed by the home ministry, Telegram founder Pavel Durov, Telegram CEO arrest, Pavel Durov arrest,
X

ന്യൂഡൽഹി: ജനപ്രിയ മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ തലവൻ പവേൽ ദുറോവ് കഴിഞ്ഞ ദിവസമാണ് ഫ്രാൻസിൽ അറസ്റ്റിലാകുന്നത്. പ്ലാറ്റ്‌ഫോം വഴിയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് അറസ്റ്റെന്നാണു വിവരം. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫ്രഞ്ച് ഏജൻസിയായ 'ഓഫ്മിൻ' പുറത്തിറക്കിയ അറസ്റ്റ് വാറന്റിലാണ് ടെലഗ്രാം സി.ഇ.ഒയ്‌ക്കെതിരായ നടപടി. അതേസമയം, അന്താരാഷ്ട്രതലത്തിൽ ടെലഗ്രാമിന്റെ സൈബർ സുരക്ഷയെ കുറിച്ച് സംശയങ്ങൾ ഉയരുന്നതിനിടെ കേന്ദ്രസർക്കാരും ആപ്ലിക്കേഷനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായുള്ള വാർത്തകളാണു പുറത്തുവരുന്നത്.

ടെലഗ്രാമിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ദേശീയ സാമ്പത്തിക വാർത്താ പോർട്ടലായ 'മണികൺട്രോൾ' ആണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. സാമ്പത്തിക തട്ടിപ്പ്, ചൂതാട്ടം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ടെലഗ്രാമിനുള്ള പങ്കാണ് അന്വേഷിക്കുന്നത്.

ഇതോടൊപ്പം പോൺ, സെക്‌സ് റാക്കറ്റ്, ലഹരി ഇടപാട് ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള ഒളിത്താവളമായും ആപ്ലിക്കേഷൻ മാറുമ്പോൾ ഇതൊന്നും തടയാൻ കമ്പനി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഇക്കാര്യങ്ങൾ നിരീക്ഷിക്കാനും തടയാനും ടെലഗ്രാമിൽ കമ്മ്യൂണിറ്റി മോഡറേറ്റർമാരില്ലെന്നും ആക്ഷേപമുണ്ട്. ആരോപണങ്ങളെല്ലാം കേന്ദ്രത്തിന്റെ അന്വേഷണത്തിലും പരിശോധിക്കും. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ എന്തെങ്കിലും കണ്ടെത്തിയാൽ കേന്ദ്രസർക്കാർ നിരോധനം ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങാനുമിടയുണ്ട്.

ഫ്രാൻസിൽ പവേൽ ദുറോവിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മന്ത്രാലയം കേന്ദ്രത്തോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെലഗ്രാമിനെതിരെ രാജ്യത്ത് നിലനിൽക്കുന്ന പരാതികളെയും സ്വീകരിച്ച നടപടികളുമെല്ലാം പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സൈബർ സുരക്ഷ മാത്രമാണ് ഐ.ടി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ(സി.ഇ.ആർ.ടി-ഇൻ) പരിധിയിലുള്ളത്. സൈബർ കുറ്റകൃത്യങ്ങൾ മൊത്തത്തിൽ സംഘം അന്വേഷിക്കുന്നില്ല.

ആഗസ്റ്റ് 24ന് വടക്കൻ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിൽനിന്നാണ് പവേൽ ദുറോവിനെ ഫ്രഞ്ച് അന്വേഷണസംഘം കസ്റ്റഡിയിലെത്തിയത്. അസർബൈജാനിൽനിന്ന് സ്വകാര്യ വിമാനത്തിൽ എത്തിയതായിരുന്നു പവേൽ. ടെലഗ്രാം മേധാവിയുടെ അറസ്റ്റിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമെന്ന തരത്തിലാണു നടപടിയെ എക്‌സ്-ടെസ്ല മേധാവി ഇലോൺ മസ്‌ക്, വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ എന്നിവരെല്ലാം വിമർശിച്ചത്. അതേസമയം, പവേലിന്റെ കസ്റ്റഡിയെ കുറിച്ചുള്ള ചോദ്യങ്ങളോട് ഫ്രാൻസ് പ്രതികരിക്കുന്നില്ലെന്ന വിമർശനവുമായി റഷ്യയും രംഗത്തെത്തിയിരുന്നു.

വിമർശനങ്ങൾക്ക് മറുപടിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും എത്തിയിട്ടുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് മാക്രോൺ പ്രതികരിച്ചത്. പുതിയ സംരംഭങ്ങളോടും ആശയവിനിമയ മാർഗങ്ങളോടുമെല്ലാം എന്നും ഇതേ നിലപാട് തന്നെയായിരിക്കും. എന്നാൽ, നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമായതുകൊണ്ട് സോഷ്യൽ മീഡിയയിലും പുറത്തും നിയമത്തിനകത്തുനിന്നുള്ള സ്വാതന്ത്ര്യമായിരിക്കും അനുവദിക്കുക. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും അത്. ടെലഗ്രാം തലവന്റെ അറസ്റ്റ് ജുഡിഷ്യൽ നടപടിയുടെ ഭാഗമാണെന്നും രാഷ്ട്രീയ തീരുമാനമല്ലെന്നും മാക്രോൺ വ്യക്തമാക്കി.

റഷ്യയിൽ ജനിച്ച പവേൽ ദുറോവ് ഇപ്പോൾ യു.എ.ഇയിലെ ദുബൈയിലാണു കഴിയുന്നത്. ടെലഗ്രാമിന്റെ ആസ്ഥാനവും ഇവിടെയാണു സ്ഥിതിചെയ്യുന്നത്. യു.എ.ഇ, ഫ്രാൻസ് ഇരട്ട പൗരത്വവും അദ്ദേഹത്തിനുണ്ട്. 2013ലാണ് സഹോദരൻ നിക്കോളൈ ദുറോവുമായി ചേർന്ന് പവേൽ ദുറോവ് ടെലഗ്രാം എന്ന പേരിൽ ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പതിപ്പുകൾ പുറത്തിറക്കുന്നത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ലോകമെങ്ങും കത്തിപ്പടർന്നു ആപ്ലിക്കേഷൻ. നിലവിൽ ശതകോടിയിലേറെ സബ്സ്‌ക്രൈബർമാരുള്ള ടെലഗ്രാം ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടിക്ടോക് എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ്.

വി.കെ അല്ലെങ്കിൽ വികോൺടാക്ടെ എന്ന പേരിൽ റഷ്യൻ ആസ്ഥാനമായുള്ള മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ കൂടി സ്ഥാപകനാണ് പവേൽ ദുറോവ്. 2006ൽ ആരംഭിച്ച പ്ലാറ്റ്ഫോം പക്ഷേ പലതവണ റഷ്യൻ ഭരണകൂടത്തിന്റെ അപ്രീതിക്കു പാത്രമായിട്ടുണ്ട്. പലപ്പോഴും പ്രതിപക്ഷ കക്ഷികൾക്കും നേതാക്കൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന ഭരണകൂട നിർദേശങ്ങൾക്ക് പലപ്പോഴും കമ്പനി വഴങ്ങിയില്ല. ഒടുവിൽ ഭരണകൂടത്തിനു കീഴടങ്ങാൻ കൂട്ടാക്കാതെ 2014ൽ പവേൽ രാജ്യംവിടുകയായിരുന്നു.

Summary: Telegram to be banned in India? Company being probed by the home ministry

TAGS :
Next Story