Quantcast

നിയോ നാസി ഗ്രൂപ്പുകൾക്ക് സംരക്ഷണം; ടെലഗ്രാമിന് പൂട്ടിട്ട് ബ്രസീൽ

ബ്രസീലിൽ സ്‌കൂളുകൾക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പങ്കുള്ള നിയോ നാസി ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരം നൽകാൻ ടെലഗ്രാം കൂട്ടാക്കിയിരുന്നില്ല

MediaOne Logo

Web Desk

  • Published:

    28 April 2023 11:30 AM GMT

TelegrambannedinBrazil, TelegrambaninBrazil, TelegraminBrazil, TelegramsuspensioninBrazil
X

ബ്രസീലിയ: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിനെതിരെ നടപടിയുമായി ബ്രസീൽ. രാജ്യവ്യാപകമായി ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി റദ്ദാക്കി ബ്രസീൽ കോടതിയാണ് ഉത്തരവിറക്കിയത്. ഫെഡറൽ കോടതിയുടേതാണ് ഉത്തരവ്.

ആപ്പിലെ നിയോ-നാസി ചാറ്റ് ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരം കൈമാറാൻ ബ്രസീൽ ഫെഡറൽ പൊലീസ് ടെലഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ വീഴ്ചവരുത്തിയെന്ന് കാണിച്ചാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ബ്രസീലിലെ രണ്ട് സ്‌കൂളുകളിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിലാണ് ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരം പൊലീസ് തേടിയത്. എന്നാൽ, വിവരങ്ങൾ നൽകാൻ പറ്റില്ലെന്ന് ടെലഗ്രാം വൃത്തങ്ങൾ വ്യക്തമാക്കുകയായിരുന്നു.

ടെലഗ്രാം നിരോധിക്കാനുള്ള ആലോചന നേരത്തെ തന്നെ നടന്നിരുന്നതായി ബ്രസീൽ ഫെഡറൽ പൊലീസ് വാർത്താകുറിപ്പിൽ അറിയിച്ചു. ഇതിനിടെയാണ് കോടതി വിഷയത്തിൽ ഇടപെടുന്നത്. അന്വേഷണവുമായി ടെലഗ്രാം സഹകരിക്കുന്നില്ലെന്ന് പൊലീസ് നൽകിയ വിവരങ്ങളിൽനിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി തുടർന്നും സഹകരിച്ചില്ലെങ്കിൽ പൂർണനിരോധനം അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കാം.

അന്വേഷണത്തോടുള്ള നിസ്സഹകരണത്തിന് നേരത്തെ ടെലഗ്രാമിനെതിരെ ചുമത്തിയിരുന്ന പിഴ കോടതി കുത്തനെ കൂട്ടുകയും ചെയ്തിട്ടുണ്ട്. നേരത്തെ, ദിവസം ഒരു ലക്ഷം ബ്രസീലിയൻ റിയൽസ്(ഏകദേശം 16.43 ലക്ഷം രൂപ) ആയിരുന്നു കമ്പനിക്ക് ചുമത്തിയിരുന്ന പിഴ. ഇത് ഒരു മില്യൻ റിയൽസ്(ഏകദേശം 1.64 കോടി രൂപ) ആയാണ് കുത്തനെ ഉയർത്തിയത്. കോടതി ഉത്തരവിനു പിന്നാലെ ബ്രസീലിലെ പലയിടങ്ങളിലും ടെലഗ്രാം സേവനം നിലച്ചിട്ടുണ്ട്. ഗൂഗിളും ആപ്പിളും ആപ്പ് ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ നടന്ന ഇരട്ട സ്‌കൂൾ ആക്രമണത്തിനുശേഷം നിരവധി തവണയാണ് ബ്രസീലിൽ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കുമെതിരെ ആക്രമണം നടന്നത്. ആന്റി സെമിറ്റിക് ഫ്രന്റ്, ആന്റി സെമിറ്റിക് മൂവ്‌മെന്റ് തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ഗ്രൂപ്പുകൾക്ക് ആക്രമണങ്ങളിൽ പങ്കുണ്ടെന്നാണ് ബ്രസീൽ ഭരണകൂടം ആരോപിക്കുന്നത്. ഇവരുടെ വിവരങ്ങൾ കൈമാറാനും ഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാനുമാണ് ടെലഗ്രാം അധികൃതരോട് ആവശ്യപ്പെട്ടത്. എന്നാൽ, കമ്പനി ഇതിനു വഴങ്ങിയില്ല. തുടർന്ന് ടെലഗ്രാമിനെതിരെ അടക്കമുള്ള നടപടികൾ ആലോചിക്കാനായി ഈ മാസം ആദ്യത്തിൽ ബ്രസീൽ പ്രസിഡന്റ് ലൂല ഡ സിൽവ, സുപ്രിംകോടതി ജഡ്ജിമാർ, കേന്ദ്ര മന്ത്രിമാർ, വിവിധ ഗവർണർമാർ, മേയർമാർ എന്നിവർ യോഗം ചേർന്നിരുന്നു.

Summary: Brazil judge orders temporary suspension of Telegram messaging app Telegram for failing to disclose 'neo-Nazi' groups details

TAGS :
Next Story