'എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍'; നിര്‍ണായക തീരുമാനവുമായി യൂറോപ്യന്‍ യൂണിയന്‍
ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന ഇ-വേസ്റ്റ് കുറയ്ക്കാനും മറ്റും ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരം തീരുമാനം എടുക്കുന്നത്
എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍. മുമ്പ് തന്നെ എല്ലാ ചാര്‍ജിംഗ് പോര്‍ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിര്‍ദേശം യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ അടക്കം ചില കമ്പനികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതെല്ലാം മറികടന്നാണ് പുതിയ തീരുമാനം വരുന്നത്. ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന ഇ-വേസ്റ്റ് കുറയ്ക്കാനും മറ്റും ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരം തീരുമാനം എടുക്കുന്നത്. ഇത് കര്‍ശനമാകുന്നതോടെ ആപ്പിള്‍ ഐഫോണിനും സി-ടൈപ്പ് ചാര്‍ജിംഗ് സംവിധാനത്തിലേക്ക് മാറേണ്ടിവരും. അതേ സമയം ഫോണുകള്‍ക്ക് മാത്രമല്ല, ക്യാമറകള്‍, ടാബുകള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ലാംപുകള്‍ ഇങ്ങനെ എല്ലാത്തിനും ഒരേ ചാര്‍ജര്‍ എന്ന ആശയമാണ് യൂറോപ്യന്‍ യൂണിയന്‍ വാണജ്യ കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്ന ആശയം.
'കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനൊപ്പം കൂടുതല്‍ ചാര്‍ജറുകള്‍ എന്നതാണ് ഇപ്പോഴത്തെ രീതി, അത് അവസാനിപ്പിക്കാന്‍ പോവുകയാണ്'-യൂറോപ്യന്‍ യൂണിയന്‍ വ്യവസായ മേധാവി തിയറി ബ്രെട്ടണ്‍ പറയുന്നു. അതേ സമയം തങ്ങളുടെ ലെറ്റ്‌നിംഗ് ചാര്‍ജിംഗ് ടെക്‌നോളജി തന്നെ തുടരാം എന്നാണ് ആപ്പിള്‍ പറയുന്നത്. അതേ സമയം പുറത്തുനിന്നുള്ള ചാര്‍ജര്‍ ഉപയോഗം തങ്ങളുടെ പ്രോഡക്ടിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയാണ് ആപ്പിളിന് എന്ന് ടെക് വൃത്തങ്ങള്‍ പറയുന്നുണ്ട്. ചാര്‍ജിംഗ് രംഗത്ത് അതിവേഗം സാങ്കേതിക മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ ഇതില്‍ ആവശ്യമില്ലെന്നാണ് ആപ്പിള്‍ വാദം.
പക്ഷെ ചാര്‍ജറുകള്‍ അടക്കം ഒരു ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ അനുബന്ധങ്ങളുടെ സാമ്പത്തിക കാര്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നുണ്ട്. ഒറ്റപ്പെട്ട ചാര്‍ജറുകള്‍ വാങ്ങുവാന്‍ ആളുകള്‍ ഒരു വര്‍ഷം 240 കോടി യൂറോ ചിലവാക്കുന്നു എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. ചാര്‍ജറുകള്‍ ഏകീകരിച്ചാല്‍ ഇതില് 25 കോടി യൂറോയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്ക്.
Adjust Story Font
16