7 മണിക്കൂറില്‍ ഒരു കോടി ഉപയോക്താക്കള്‍: ട്വിറ്ററിനെ വെല്ലുമോ ത്രെഡ്‌സ്?
സംഭാഷണത്തിനുള്ള തുറന്നതും സൗഹാര്‍ദപരവുമായ പൊതു ഇടം എന്നാണ് ത്രെഡ്സിനെ സക്കര്‍ബര്‍ഗ് വിശേഷിപ്പിച്ചത്
മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സില്‍ ഏഴ് മണിക്കൂറിനുള്ളിൽ ഒരു കോടി ആളുകള്‍ സൈന്‍ ഇന്‍ ചെയ്തു. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ ത്രെഡ്സില്‍ 20 ലക്ഷം പേര്‍ എത്തിയെന്ന് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് നേരത്തെ വ്യക്തമാക്കുകയുണ്ടായി. നാല് മണിക്കൂറില്‍ 50 ലക്ഷമായും ഏഴ് മണിക്കൂറില്‍ ഒരു കോടിയായും ഉപയോക്താക്കളുടെ എണ്ണം ഉയര്‍ന്നു.
മെറ്റയുടെ തന്നെ ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് ത്രെഡ്‌സ് പ്രവര്‍ത്തിക്കുന്നത്. ത്രെഡ്സ് ആപ്പ് ആന്‍ഡ്രോയിഡിലും ആപ്പിളിലും ലഭ്യമാണ്. ട്വിറ്ററിനെപ്പോലെ ത്രെഡ്സിലും വാക്കുകള്‍ക്കാണ് പ്രാധാന്യം. ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമാണിത്. ലളിതമായ ഡിസൈനാണ് ത്രെഡിസിന്‍റേത്. പ്രൊഫൈല്‍, സെർച്ച്, ന്യൂ ത്രെഡ്സ്,ആക്റ്റിവിറ്റി (റിപ്ലെ, മെൻഷൻ തുടങ്ങിയവ), എന്നിവയാണുള്ളത്. പുതിയ ത്രെഡ് ലൈക്ക് ചെയ്യാനും റിപോസ്റ്റ് ചെയ്യാനും കഴിയും.
ട്വിറ്ററിനെ മറികടക്കുമോ ത്രെഡ്സ് എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് അഭിപ്രായമുണ്ട്. ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കു കാരണം പ്രതിസന്ധി നേരിടുന്ന ട്വിറ്ററിന് വെല്ലുവിളിയാകും ത്രെഡ്സ് എന്ന് ഒരു വിഭാഗം കരുതുന്നു. എന്നാല്‍ ഇൻസ്റ്റഗ്രാം പ്രാഥമികമായി വിഷ്വൽ പ്ലാറ്റ്‌ഫോം ആയതിനാല്‍ അതില്‍ നിന്നുള്ള ഉപയോക്താക്കള്‍ നേരിട്ടെത്തുന്ന ത്രെഡ്സിന് വാര്‍ത്താധിഷ്ഠിതമായ, ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുന്ന ട്വിറ്ററിന് ഭീഷണിയാകാന്‍ കഴിയില്ലെന്ന് കരുതുന്നവരുമുണ്ട്.
ത്രെഡ്സ് ട്വിറ്ററിനെ കടത്തിവെട്ടുമോ എന്ന ചോദ്യത്തിന് സക്കര്‍ബര്‍ഗിന്‍റെ മറുപടിയിങ്ങനെ- "അതിന് കുറച്ച് സമയമെടുക്കും, 1000 കോടിയിലധികം ആളുകളുള്ള ഒരു ആപ്പ് ഉണ്ടാവണമെന്ന് ഞാൻ കരുതുന്നു. ട്വിറ്ററിന് അങ്ങനെയാവാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു". സംഭാഷണത്തിനുള്ള തുറന്നതും സൗഹാര്‍ദപരവുമായ പൊതു ഇടം എന്നാണ് ത്രെഡ്സിനെ സക്കര്‍ബര്‍ഗ് വിശേഷിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിന്റെ മികച്ച വശം എടുത്ത് ഒരു പുതിയ അനുഭവം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം ത്രെഡ്സ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സ്വന്തമാക്കുന്നുവെന്ന ആരോപണവുമായി ട്വിറ്റർ സ്ഥാപകരിലൊരാളായ ജാക്ക് ഡോർസി രംഗത്തെത്തി. ത്രെഡ്‌സ് ആപ്പ് ഉപയോക്താക്കളുടെ എന്തെല്ലാം വിവരങ്ങൾ ശേഖരിക്കുമെന്ന് വ്യക്തമാകുന്ന ഡാറ്റാകളക്ഷൻ നോട്ടീസിന്റെ സ്‌ക്രീൻ ഷോട്ട് ഡോര്‍സി ട്വിറ്ററിലൂടെ പങ്കുവെച്ചു. ആരോഗ്യവിവരങ്ങൾ, ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിന്റെ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ, ലൊക്കേഷൻ, കോൺടാക്റ്റുകൾ, സെർച്ച് ഹിസ്റ്ററി, ബ്രൗസിങ് ഹിസ്റ്ററി, ഡാറ്റാ യൂസേജ് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് അദ്ദേഹം പങ്കുവെച്ച സ്ക്രീന്‍ ഷോട്ടില്‍ പറയുന്നു.
Summary- Threads, Meta's new platform that aims to take on Twitter, saw 10 million sign ups within just seven hours of launch today.
Adjust Story Font
16