പുറത്തു പോയാലും കൈ നിറയെ; പരാഗ് അഗർവാളിന് കിട്ടുക 320 കോടി
പരാഗിന് പകരം ആരാകും ട്വിറ്റർ സിഇഒ എന്ന ചർച്ചകള്‍ സജീവമാണ്.
കാലിഫോർണിയ: വ്യവസായ ഭീമൻ ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ജീവനക്കാരുടെ ഭാവി ആശങ്കയിൽ. കമ്പനിയുടെ ഘടനാ മാറ്റത്തെ കുറിച്ച് റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും നേതൃതലത്തിൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. ഇന്ത്യൻ വംശജനായ സിഇഒ പരാഗ് അഗർവാള്‍ പുറത്തു പോയേക്കും. എന്നാല്‍ വരുന്ന പന്ത്രണ്ടു മാസത്തിനകം പരാഗ് അഗർവാളിനെ പുറത്താക്കിയാൽ 42 മില്യൺ യുഎസ് ഡോളര്‍ (321 കോടി ഇന്ത്യൻ രൂപ) മസ്കിന് നഷ്ടപരിഹാരമായി നൽകേണ്ടിവരും.
തിങ്കളാഴ്ചയാണ് 44 ബില്യൺ യുഎസ് ഡോളർ മുടക്കി ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇതോടെ 2013 മുതൽ പൊതുകമ്പനിയായി സേവനം ചെയ്തിരുന്ന മൈക്രോ ബ്ലോഗിങ് സർവീസ് സ്വകാര്യ ഉടമസ്ഥതയിലായി. ഓഹരിയൊന്നിന് 54.20 ഡോളറാണ് ടെസ്‌ല മേധാവി മുടക്കിയത്.
ടെക് ഗവേഷക സ്ഥാപനമായ ഇക്വിലിയറാണ് പരാഗ് അഗർവാളിന് കൊടുക്കേണ്ട തുകയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയത്. നവംബറിലാണ് പരാഗ് അഗർവാൾ ട്വിറ്റർ സിഇഒ ആയി ചുമതലയേറ്റത്. നേരത്തെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു.
പരാഗിന് പകരം ആരാകും ട്വിറ്റർ സിഇഒ എന്ന ചർച്ചകളും സജീവമാണ്. പരാഗിനൊപ്പം ചെയർമാൻ ബ്രെറ്റ് ടയ്‌ലറും പുറത്തുപോകാനാണ് സാധ്യത. ട്വിറ്റർ ബോർഡിന്റെ പല തീരുമാനങ്ങളിലും മസ്‌ക് നേരത്തെ അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ വിശേഷിച്ചും. മസ്‌ക് തന്നെ സിഇഒ സ്ഥാനം ഏറ്റെടുക്കുമോ എന്നും ടെക് ലോകം ഉറ്റുനോക്കുന്നു. നിലവിൽ, ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സിഇഒയാണ് മസ്‌ക്.
ഭാവി ഇരുട്ടിലെന്ന് പരാഗ്
ഇലോൺ മസ്‌ക് കമ്പനി ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയ കമ്പനിയുടെ ഭാവി ഇരുട്ടിലായെന്ന് തിങ്കളാഴ്ച പരാഗ് അഗർവാൾ ജീവനക്കാരോട് പറഞ്ഞിരുന്നു.
ട്വിറ്ററിൽ മസ്‌കിൻറെ ഭാവിപദ്ധതികൾ, പിരിച്ചുവിടലിനുള്ള സാധ്യത, ഇത്തരമൊരു കരാറില്‍ ട്വിറ്റർ ബോർഡ് എത്താൻ കാരണം തുടങ്ങി നിരവധി ചോദ്യങ്ങളാണ് ജീവനക്കാർ പരാഗ് അഗർവാളിനോട് ഉന്നയിച്ചത്. ഇവയിൽ ഇലോൺ മസ്‌ക് മറുപടി പറയേണ്ട ചോദ്യങ്ങൾ സി.ഇ.ഒ മാറ്റിവച്ചു. ഇലോൺ മസ്‌ക് പിന്നീട് ജീവനക്കാരുമായി സംവദിക്കുമെന്നും കമ്പനി അറിയിച്ചു.
അതേസമയം, ആവിഷ്‌കാര സ്വതന്ത്ര്യത്തിന്റെ വേദിയാകും ട്വിറ്ററെന്ന് മസ്‌ക് പ്രതികരിച്ചു. 'ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ് ആവിഷ്‌കാര സാതന്ത്ര്യം. മനുഷ്യത്വത്തിന്റെ ഭാവി വിഷയമാകുന്ന ഡിജിറ്റൽ നഗരചത്വരമാണ് ട്വിറ്റർ. ട്വിറ്ററിന് വലിയ ശേഷിയുണ്ട്. കമ്പനിയുമായും ഉപയോക്താക്കളുമായും ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു' - അദ്ദേഹം കുറിച്ചു. നിശിത വിമർശകർ പോലും ട്വിറ്ററിലുണ്ടാകുമെന്നും അതാണ് ആവിഷ്‌കാര സ്വാതന്ത്ര്യം കൊണ്ട് അർത്ഥമാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16