Quantcast

ജ്യൂസ് ജാക്കിംഗ് സൂക്ഷിക്കണമെന്ന് കേരളാ പൊലീസ്, എന്താണിത്?

പലരും ജ്യൂസ് ജാക്കിംഗിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല

MediaOne Logo

Web Desk

  • Updated:

    2022-11-02 14:29:36.0

Published:

2 Nov 2022 11:58 AM GMT

ജ്യൂസ് ജാക്കിംഗ് സൂക്ഷിക്കണമെന്ന് കേരളാ പൊലീസ്, എന്താണിത്?
X

തിരുവനന്തപുരം: ജ്യൂസ്-ജാക്കിംഗ് സൂക്ഷിക്കണമെന്ന് കേരളാ പൊലീസ്. പൊതു സ്ഥലങ്ങളിലുള്ള സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർ ഡാറ്റ ചോർത്തുന്ന സൈബർ തട്ടിപ്പാണ് ജ്യൂസ് ജാക്കിംഗ്. പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോഴാണ് ഡാറ്റ അപഹരിക്കുക. ഈ രീതിയിലുള്ള തട്ടിപ്പ് സൂക്ഷിക്കണമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷൻ ഉപയോഗിക്കുന്നു. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കുന്നു. മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല. മൊബൈൽ ഫോണിന്റെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയതെന്നും കുറിപ്പിൽ വ്യക്തമാക്കി.

തട്ടിപ്പുകാരുടെ രീതി

  • ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്വേഡുകൾ റീസെറ്റ് ചെയ്ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു.
  • കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്റെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല.
  • ജ്യൂസ്-ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം.
  • ചാർജറിലേക്ക് പ്ലഗ് ചെയ്തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാൽവെയർ മറ്റ് കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.
  • ചാർജിംഗ് ഉപകരണത്തിലൂടെ അപ്ലോഡ് ചെയ്യപ്പെടുന്ന ചില മാൽവെയറുകൾ ഹാക്കർക്ക് പൂർണ നിയന്ത്രണം നൽകിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തിൽ നിന്ന് ലോക്ക് ചെയ്യുന്നു.

നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ

  • പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക.
  • കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക.
  • ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.
  • പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്‌ലെറ്റുകൾ ഉപയോഗിക്കുക.
  • കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.

    What is juice jacking?

    TAGS :
    Next Story