Quantcast

'മതി, പ്രൊഫൈൽ പിക്ചർ സ്‌ക്രീൻഷോട്ട് എടുക്കുന്നത്‌'; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്‌

അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല

MediaOne Logo

Web Desk

  • Updated:

    2024-05-12 12:27:57.0

Published:

12 May 2024 12:26 PM GMT

WhatsApp
X

അനുദിനം മാറുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സൗകര്യമാണ്‌, അപ്ഡേറ്റുകളിലൂടെ വാട്സ്ആപ്പ് കൊണ്ടുവരുന്നത്. ഒപ്പം സുരക്ഷാ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും കമ്പനി തയ്യാറാകാറുമില്ല. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് ആ ഫീച്ചര്‍.

മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്നതാണിത്. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല. മറ്റ് ഡിവൈസുകള്‍ ഉപയോഗിച്ചോ ക്യാമറകള്‍ മുഖേനയോ ചിത്രം പകര്‍ത്താമെങ്കിലും, ആപ്പിനുള്ളിലെ സ്‌ക്രീന്‍ഷോട്ട് ഫീച്ചര്‍ ബ്ലോക്ക് ചെയ്യുന്നത് ദുരുപയോഗം തടയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ഐ.ഒ.എസ് ഉപയോക്താക്കള്‍ക്കാവും ആദ്യം ഫീച്ചര്‍ ലഭിക്കുക. വൈകാതെ ആന്‍ഡ്രോയിഡിലേക്കും എത്തും. സമൂഹമാധ്യമങ്ങളില്‍ ഡീപ്ഫേക്ക് വീഡിയോകളും ഇമേജുകളും ഒരുഭാഗത്ത് സജീവമായിരിക്കെയാണ് വാട്സ്ആപ്പ് ഈ ഫീച്ചര്‍ കൊണ്ടുവരുന്നു എന്നതാണ് ശ്രദ്ധേയം. ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാവുന്ന എല്ലാ സാഹചര്യങ്ങളെയും ഇല്ലാതാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. എല്ലാതരം ഭീഷണികളില്‍ നിന്നും സംരക്ഷണം നൽകില്ലെങ്കിലും പ്ലാറ്റ്‌ഫോമിന്റെ സ്വകാര്യത പ്രതിബദ്ധതകളെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

സമീപ ആഴ്ചകളിലായി വാട്ട്‌സ്ആപ്പ് ഡെവലപ്പർമാർ ആപ്പിനുള്ളിൽ നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാം എന്നതായിരുന്നു മറ്റൊരു പുതിയ ഫീച്ചര്‍. നേരത്തെ ഒരു സന്ദേശം മാത്രം പിന്‍ ചെയ്യാനാണ് അനുവദിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇങ്ങനെ പിന്‍ ചെയ്തുവെക്കാനാകും.

ഇങ്ങനെ പിന്‍ ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന്‍ ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം. 24 മണിക്കൂര്‍, ഏഴ് ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിന്‍ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അണ്‍ പിന്‍ ചെയ്യാനുമാവും. നിലവില്‍ ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. താമസിയാതെ തന്നെ എല്ലാവര്‍ക്കും ലഭിച്ചേക്കും.

TAGS :
Next Story