വാട്‌സ് ആപ്പ് നൂറു മില്യൺ ഉപഭോക്താക്കളെ നേടിയത് മൂന്നര കൊല്ലം കൊണ്ട്; ചാറ്റ് ജി.പി.ടി രണ്ട് മാസത്തിനകം
പ്രമുഖ ആപ്പുകൾ നൂറു മില്യൺ ഉപഭോക്താക്കളെ നേടിയ കാലയളവ് കാണാം...
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളർച്ച നേടിയ അപ്ലിക്കേഷനായി ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് ടെക്നോളജിയായ ചാറ്റ് ജി.പി.ടി (ChatGPT). ലോകത്തുടനീളം ഏറ്റവും വേഗത്തിൽ 100 മില്യൺ ഉപഭോക്താക്കളെ നേടുന്ന അപ്ലിക്കേഷനായി മാറാൻ ചാറ്റ് ജി.പി.ടിയ്ക്ക് രണ്ടു മാസം മാത്രമാണ് വേണ്ടിവന്നത്. ഇന്ത്യൻ ടെക് ന്യൂസ് പ്ലാറ്റ്‌ഫോമായ സ്മാർട്ട് പ്രിക്‌സാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവെച്ചത്. നൂറു മില്യൺ ഉപഭോക്താക്കളെ പ്രമുഖ ആപ്പുകൾ നേടിയ കാലയളവും അവർ പങ്കുവെച്ചു. ടെലിഫോൺ: 75 വർഷം, മൊബൈൽ ഫോൺ: 16 വർഷം, വേൾഡ് വൈഡ് വെബ്: ഏഴു വർഷം, ഐ.ട്യൂൺസ്: ആറര വർഷം, ട്വിറ്റർ: അഞ്ച് വർഷം, ഫേസ്ബുക്ക്: നാലര വർഷം, വാട്‌സ്ആപ്പ്: മൂന്നര വർഷം, ഇൻസ്റ്റഗ്രാം: രണ്ടര വർഷം, ആപ്പിൾ ആപ്പ് സ്‌റ്റോർ: രണ്ട് വർഷം, ടിക്‌ടോക്: ഒമ്പത് മാസം എന്നിങ്ങനെയാണ് കണക്കുകൾ.
എന്താണ് ചാറ്റ് ജി.പി.ടി?
ചാറ്റ് ബോട്ടുകളേക്കാൾ (ഇൻറർനെറ്റിലൂടെ മനുഷ്യരോട് സംസാരിക്കാനായി തയ്യാറാക്കപ്പെട്ട കംപ്യൂട്ടർ പ്രോഗ്രാം) നന്നായി മനുഷ്യരെ പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള നാച്ച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് ടൂളാണ് ചാറ്റ് ജി.പി.ടി . ഈ ലാംഗ്വേജ് മോഡൽ വഴി ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, ഇമെയിൽ, ലേഖനം, കോഡുകൾ എന്നിവ എഴുതുക തുടങ്ങിയ ജോലികൾ നിഷ്പ്രയാസം ചെയ്യാനാകും. ഗവേഷണ-ഫീഡ്ബാക്ക്-ശേഖരണ ഘട്ടത്തിലായതിനാൽ ചാറ്റ് ജി.പി.ടി ഉപയോഗം നിലവിൽ പൊതുജനങ്ങൾക്ക് സൗജന്യമാണ്.
ആരാണ് ചാറ്റ് ജി.പി.ടിയ്ക്ക് പിറകിൽ?
എ.ഐ ആൻഡ് റിസർച്ച് കമ്പനിയായ ഓപ്പൺ എ.ഐ ആണ് ചാറ്റ് ജി.പി.ടി നിർമിച്ചത്. 2022നവംബർ 30നാണ് കമ്പനി ചാറ്റ്ജി.പി.ടി ലോഞ്ച് ചെയ്തത്. ജനപ്രിയ ഓട്ടോമാറ്റിക് സ്പീച്ച് റെകഗനൈസേഷൻ സിസ്റ്റമായ ഡാൽ-ഇ 2 നിർമിച്ചതും ഇതേ കമ്പനിയാണ്.
'ChatGPT ഭയാനകമാണ്. ഏറെ ശക്തിയുള്ള AI യിൽ നിന്ന് ഞങ്ങൾ വളരെ അകലെയല്ല' OpenAI യുടെ സ്ഥാപകരിലൊരാളായ എലോൺ മസ്‌കിന്റെ വാക്കുകളാണിത്.
ലോഞ്ച് ചെയ്ത് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ചാറ്റ്ജി.പി.ടിക്ക് ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാൻ ട്വിറ്ററിൽ പറഞ്ഞിരുന്നത്. എന്നാൽ നിർമാണ ചെലവേറെയുണ്ടായതിനാൽ ചാറ്റ് ജി.പി.ടി ഇനി ഉപയോഗിക്കാൻ ഭാവിയിൽ പണം നൽകേണ്ടി വരുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.
ഈ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കാം?
ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ chat.openai.com എന്ന അഡ്രസ്സിൽ സന്ദർശിക്കുകയും ഓപ്പൺഎ.ഐ അക്കൗണ്ട് നിർമിക്കുകയും ചെയ്താൽ മതിയാകും. ഒരിക്കൽ സൈൻ ഇൻ ചെയ്താൽ നിങ്ങൾക്ക് ചാറ്റ്ജി.പി.ടിയോട് സംസാരിക്കാനാകും. ചോദ്യങ്ങൾ ചോദിച്ച് നിങ്ങൾക്ക് സംഭാഷണം തുടങ്ങാം.
എല്ലാവർക്കും ലഭ്യമാണോ?
ഗവേഷണ ഘട്ടത്തിലായതിനാൽ ചാറ്റ്ജിപിടി വെബ്സൈറ്റ് ഒരു സർവറിലാണ് പ്രവർത്തിക്കുന്നത്. ഒട്ടനവധി ഉപഭോക്താക്കൾ ഒരേസമയമെത്തുമ്പോൾ ഈ സർവറിന് താങ്ങാൻ കഴിയാത്ത സ്ഥിതി വരികയും ചിലർക്ക് ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്യും. എന്നാൽ ഒരിക്കലും ഇത് ഉപയോഗിക്കാൻ കഴിയാതിരിക്കില്ല. പിന്നീട് ശ്രമിച്ചാൽ നിങ്ങൾക്ക് സംവിധാനം ഉപയോഗിക്കാനാകും.
ഉപന്യാസങ്ങൾ രചിക്കുക, കലപരമായ വിവരങ്ങൾ നൽകുക, AI ആർട്ട് പ്രോംപ്റ്റുകൾ സൃഷ്ടിക്കുക, ദാർശനിക സംഭാഷണങ്ങൾ നടത്തുക എന്നിവക്ക് പുറമേ മോഡലിന് നിരവധി സവിശേഷതകളുണ്ട്. ഹ്യൂമൻ ഫീഡ്ബാക്കിൽ നിന്നുള്ള റൈൻഫോഴ്‌സ്‌മെന്റ് ലേണിംഗ് (ആർഎൽഎച്ച്എഫ്) ഉപയോഗിച്ചാണ് ഈ മോഡൽ തയാറാക്കിയതെന്നാണ് ഓപ്പൺഎഐ പറയുന്നത്.
സേർച്ച് എൻജിനാണോ?
ഉപഭോക്താവുമായി സംഭാഷണം നടത്താനാണ് ചാറ്റ് ജി.പി.ടിക്ക് കഴിയുക. ഇൻറർനെറ്റിൽ പരതി വിവരങ്ങൾ കണ്ടെത്തി തരാനാകില്ല. പഠിച്ചുവെച്ച വിവരങ്ങളിൽ നിന്നാണ് ഇവ നമുക്ക് മറുപടി തരുന്നത്. അതിനാൽ പിശക് പറ്റാനിടയുണ്ടെന്നാണ് നിരീക്ഷപ്പെടുന്നത്.
പരിമിതികൾ?
ചോദ്യങ്ങളെ റീവേർഡ് ചെയ്ത് മനസ്സിലാക്കി ഉത്തരം തരുന്നതിനാൽ ചിലതിന് ഉത്തരം നൽകാൻ ചാറ്റ്ജി.പി.ടിക്ക് കഴിയില്ല. നമ്മുടെ ചോദ്യങ്ങൾ തെറ്റിദ്ധരിച്ച് തെറ്റായ ഉത്തരങ്ങൾ നൽകാനും സാധ്യതയുണ്ട്. ഇത്തരം പിഴവുണ്ടായതിനാൽ ചില വാക്കുകളുള്ള (StackOverflow) ചോദ്യങ്ങൾ തടഞ്ഞിരിക്കുകയാണ്.
WhatsApp gained 100 million users in three and a half years; Chat GPT within two months
Adjust Story Font
16