Quantcast

ഫ്രഞ്ച് പൊലീസ് വലയിലേക്ക് പറന്നിറങ്ങി പവേൽ ദുറോവ്; ടെലഗ്രാം സി.ഇ.ഒയുടെ അറസ്റ്റ് എന്തിന്?

പവേലിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഫ്രഞ്ച് അധികൃതർ പ്രതികരിക്കുന്നില്ലെന്നാണ് റഷ്യ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-08-25 10:56:45.0

Published:

25 Aug 2024 10:55 AM GMT

Who is Pavel Durov? Why Telegram CEO arrest?, Pavel Durov arrest, Telegram CEO arrest
X

പവേല്‍ ദുറോവ്

പാരിസ്: ജനപ്രിയ മെസേജിങ് ആപ്പ് ടെലഗ്രാമിന്റെ സഹസ്ഥാപകനും സി.ഒ.യുമായ പവേൽ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായിരിക്കുകയാണ്. വടക്കൻ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിലാണ് ഫ്രഞ്ച് അധികൃതർ അദ്ദേഹത്തെ കസ്റ്റഡിയിലെത്തിയത്. അസർബൈജാനിൽനിന്ന് സ്വകാര്യ വിമാനത്തിൽ എത്തിയതായിരുന്നു പവേൽ. എന്നാൽ, അറസ്റ്റ് എന്തിനാണെന്ന് ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡി സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകാൻ ഫ്രാൻസ് തയാറാകുന്നില്ലെന്ന ആക്ഷേപവുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കടത്ത്, സൈബർവേട്ട ഉൾപ്പെടെ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫ്രഞ്ച് ഏജൻസിയായ 'ഓഫ്മിൻ' പവേൽ ദുറോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നുവെന്നാണു വിവരം. ടെലഗ്രാം ഉപയോഗിച്ച് ഒരു തടസവുമില്ലാതെ കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്നും ഇതെല്ലാം കമ്പനി നോക്കിനിൽക്കുകയാണെന്നും അന്വേഷണസംഘം കണ്ടെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചു നടപടി സ്വീകരിക്കാൻ ടെലഗ്രാമിൽ മോഡറേറ്റർമാരില്ലെന്നും ഉന്നയിക്കപ്പെടുന്നുണ്ട്. അറസ്റ്റ് വാറന്റ് നിലനിൽക്കെ ഫ്രാൻസിൽ എത്താനുള്ള പവേലിന്റെ ധൈര്യം ഞെട്ടിച്ചെന്നാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ 'എ.എഫ്.പി'യോട് പ്രതികരിച്ചത്.

റഷ്യയിൽ ജനിച്ച പവേൽ ദുറോവ് ഇപ്പോൾ യു.എ.ഇയിലെ ദുബൈയിലാണു കഴിയുന്നത്. ടെലഗ്രാമിന്റെ ആസ്ഥാനവും ഇവിടെയാണ്. യു.എ.ഇ, ഫ്രാൻസ് ഇരട്ട പൗരത്വവും അദ്ദേഹത്തിനുണ്ട്. അറസ്റ്റിനു പിന്നാലെ പാരിസിലെ റഷ്യൻ എംബസി ഫ്രഞ്ച് അധികൃതരെ സമീപിച്ചിരുന്നു. കസ്റ്റഡിയുടെ കാരണം തേടിയെങ്കിലും ഫ്രഞ്ച് അധികൃതർ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് എംബസി വൃത്തങ്ങൾ വെളിപ്പെടുത്തിയത്. പവേലിന്റെ പൗരാവകാശം സംരക്ഷിക്കുമെന്ന് ഉറപ്പുനൽകണമെന്നും അറസ്റ്റ് നടപടികളെ കുറിച്ച് അറിയാൻ കാര്യാലയത്തിന് അനുമതി നൽകണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.


എന്തുകൊണ്ട് പവേല്‍ ദുറോവ്? എന്തുകൊണ്ട് ടെലഗ്രാം?

2013ലാണ് സഹോദരൻ നിക്കോളൈ ദുറോവുമായി ചേർന്ന് പവേൽ ദുറോവ് ടെലഗ്രാം എന്ന പേരിൽ ടെലഗ്രാമിന്റെ ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പതിപ്പുകൾ പുറത്തിറക്കുന്നത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ലോകമെങ്ങും കത്തിപ്പടർന്നു ആപ്ലിക്കേഷൻ. നിലവിൽ ശതകോടിയിലേറെ സബ്‌സ്‌ക്രൈബർമാരുള്ള ടെലഗ്രാം ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടിക്‌ടോക് എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്.

വി.കെ അല്ലെങ്കിൽ വികോൺടാക്ടെ എന്ന പേരിൽ റഷ്യൻ ആസ്ഥാനമായുള്ള മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ കൂടി സ്ഥാപകനാണ് പവേൽ ദുറോവ്. 2006ൽ ആരംഭിച്ച പ്ലാറ്റ്‌ഫോം പക്ഷേ പലതവണ റഷ്യൻ ഭരണകൂടത്തിന്റെ അപ്രീതിക്കു പാത്രമായിട്ടുണ്ട്. പലപ്പോഴും പ്രതിപക്ഷ കക്ഷികൾക്കും നേതാക്കൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന ഭരണകൂട നിർദേശങ്ങൾക്ക് പലപ്പോഴും കമ്പനി വഴങ്ങിയില്ല. ഒടുവിൽ ഭരണകൂടത്തിനു കീഴടങ്ങാൻ കൂട്ടാക്കാതെ 2014ൽ പവേൽ രാജ്യംവിടുകയും ചെയ്തു.

ഒരാളുടെയും ഉത്തരവ് കേട്ടു ജീവിക്കാൻ താൽപര്യമില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ റഷ്യ വിടാനുണ്ടായ കാരണമായി വ്യക്തമാക്കിയത്. ഇതിനുശേഷം ബെർലിൻ, ലണ്ടൻ, സിംഗപ്പൂർ, സാൻഫ്രാൻസിസ്‌കോ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ടെലഗ്രാം ആസ്ഥാനം തുറക്കാൻ നോക്കി അദ്ദേഹം. ഒടുവിലാണ് ദുബൈയിൽ കാലുറപ്പിക്കുന്നത്.

2022ലെ റഷ്യ-യുക്രൈൻ യുദ്ധത്തിൽ ടെലഗ്രാമും സുപ്രധാന പങ്കുവഹിച്ചിരുന്നു. പലപ്പോഴും വ്യാജപ്രചാരണത്തിന്റെ കേന്ദ്രമായി ആപ്ലിക്കേഷൻ എന്ന് ആരോപണമുയർന്നിരുന്നു. യുക്രൈനും റഷ്യയും ഒരുപോലെ ടെലഗ്രാം ഉപയോഗിച്ച് വ്യാജവിവരയുദ്ധവും തുർന്നു. യുദ്ധത്തിലേതെന്നു പറഞ്ഞ് വ്യാജ വിഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. വിർച്വൽ യുദ്ധക്കളമായിരുന്നു ടെലഗ്രാം എന്ന് വിലയിരുത്തലുണ്ടായി. യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയും ഉന്നതവൃത്തങ്ങളും റഷ്യൻ ഭരണകൂടവുമെല്ലാം ആപ്ലിക്കേഷന്റെ ഗുണഭോക്താക്കളായിരുന്നു.


ടെലഗ്രാം എപ്പോഴും സൂക്ഷിക്കുന്ന രഹസ്യാത്മകത തന്നെയാണ് എപ്പോഴും സുരക്ഷാപ്രശ്‌നമായി ഉയർത്താറുള്ളത്. പേരുവിവരങ്ങൾ മറച്ചുവച്ച് യൂസർമാർക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും. ലഹരി-മയക്കുമരുന്ന് ഇടപാടുകൾക്കും ആയുധക്കടത്തുകൾക്കും പോൺ-സെക്‌സ് റാക്കറ്റുകൾക്കും ഉൾപ്പെടെ സുരക്ഷിത താവളമായി ടെലഗ്രാം മാറിയതായി പലപ്പോഴും പല രാജ്യങ്ങളിലെയും സുരക്ഷാ വിഭാഗങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യദ്രോഹ-ചാരപ്രവർത്തനങ്ങൾക്കും ആപ്പ് ഉപയോഗിക്കുന്നതായി ചില രാജ്യങ്ങൾ ആരോപിക്കുന്നുണ്ട്. ഡാർക്ക് വെബിന്റെ ചെറിയൊരു പതിപ്പായി ടെലഗ്രാമിനെ വിലയിരുത്തുന്നവരുമുണ്ട്.

പവേൽ ദുറോവിനെതിരായ ഫ്രഞ്ച് അറസ്റ്റ് വാറന്റും ഇത്തരമൊരു നടപടിയുടെ ഭാഗമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഈ 2030ലും യൂറോപ്പിൽ ഒരു മീം ലൈക്ക് ചെയ്തതിനു തൂക്കിലേറ്റപ്പെടുന്നുണ്ടെന്നാണ് എക്‌സ്-ടെസ്ല തലവൻ ഇലോൺ മസ്‌ക് ദുറോവിന്റെ അറസ്റ്റിൽ പ്രതികരിച്ചത്. വിവിധ രാജ്യങ്ങളിൽ ഫ്രഞ്ച് എംബസിക്കു മുന്നിൽ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.

Summary: Who is Pavel Durov? Why Telegram CEO arrest?

TAGS :
Next Story