Quantcast

വിൻഡോസ് 11 ഇന്ത്യയിൽ ലഭ്യമായി തുടങ്ങി; ഫീച്ചറുകൾ എന്തെല്ലാം, എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം ?

ഏറ്റവും പ്രധാനമായ മാറ്റം കാലങ്ങളായി വിൻഡോസ് തുടർന്നിരുന്ന ഒരു പതിവ് ഇത്തവണ മാറ്റിയിരിക്കുന്നു എന്നതാണ്

MediaOne Logo

Web Desk

  • Published:

    5 Oct 2021 1:40 PM GMT

വിൻഡോസ് 11 ഇന്ത്യയിൽ ലഭ്യമായി തുടങ്ങി; ഫീച്ചറുകൾ എന്തെല്ലാം, എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം ?
X

ടെക് പ്രേമികൾ കാത്തിരുന്ന ലോകമെമ്പാടും കോടിക്കണക്കിന് കമ്പ്യൂട്ടറുകൾക്ക് കരുത്ത് പകരുന്ന മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേർഷനായ വിൻഡോഡ് 11 ഇന്ത്യയിലും ലഭ്യമായി തുടങ്ങി. അപ്‌ഡേറ്റിന് യോഗ്യമായ കമ്പ്യൂട്ടറുകൾക്ക് സൗജന്യമായി അപ്‌ഡേറ്റ് ലഭിക്കും. മാത്രമല്ല എയ്‌സർ, അസൂസ്, ഡെൽ, എച്ച്.പി, ലെനോവോ തുടങ്ങിയ കമ്പനികളുടെ പുതിയ മോഡലുകളിലെല്ലാം വിൻഡോസ് 11 പ്രീ ഇൻസ്റ്റാൾഡായി ലഭിക്കും.

2020 പകുതിയോടെ ഇപ്പോൾ വിൻഡോസ് 10 ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾക്കെല്ലാം വിൻഡോസ് 11 അപ്‌ഡേറ്റ് നൽകാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. അതേസമയം നിലവിൽ പുതിയ കമ്പ്യൂട്ടറുകൾക്ക് മാത്രമാണ് വിൻഡോസ് 11 അപ്‌ഡേറ്റ് ലഭിക്കുക. അസൂസ്, എച്ച്പി, ലെനോവോ എന്നീ കമ്പനികളുടെ വിൻഡോസ് 11 അധിഷ്ഠിതമായ കമ്പ്യൂട്ടറുകൾ വിപണിയിലെത്തിയിട്ടുണ്ട്. പുതിയ മൈക്രോസോഫ്റ്റ് സർഫേസ് മോഡലുകളും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വിൻഡോസ് 11-പ്രധാന ഫീച്ചറുകൾ

തീർത്തും പുതിയൊരു യൂസർ ഇന്റർഫേസാണ് പുതിയ വിൻഡോസിലുള്ളത്. ഏറ്റവും പ്രധാനമായ മാറ്റം കാലങ്ങളായി വിൻഡോസ് തുടർന്നിരുന്ന ഒരു പതിവ് ഇത്തവണ മാറ്റിയിരിക്കുന്നു- വിൻഡോസ് സ്റ്റാർട്ട് മെനു ഇത്തവണ ഇടതു മൂലയിൽ നിന്ന് മാറി നടുവിലാണ്. പുതിയ ഫോണ്ടുകളും നോട്ടിഫിക്കേഷൻ സൗണ്ടുകളും പുതിയ വേർഷനിലുണ്ട്. മൈക്രോസോഫ്റ്റ് ടീംസും പ്രീ ഇൻസ്റ്റാൾഡായി ലഭിക്കും. മൾട്ടി ടാസ്‌കിങ് മെച്ചപ്പെടുത്താൻ സ്‌നാപ്പ് ലേഔട്ടുകളും ഗ്രൂപ്പുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടച്ച് സ്‌ക്രീനുള്ള സിസ്റ്റങ്ങൾക്കായി വലിയ ടച്ച് ടാർഗറ്റുകൾ ഇതിൽ നൽകിയിട്ടുണ്ട്. ഗെയിം ഭ്രാന്തൻമാരെയും മൈക്രോസോഫ്റ്റ് നന്നായി പരിഗണിച്ചിട്ടുണ്ട്. ഇതിനായി ഡറക്ട് എക്‌സ് 12 ഉം, എച്ച് ഡി ആർ ഓൺ/ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ഇതിൽ നൽകിയിട്ടുണ്ട്. ഗ്രാഫിക്‌സിനായി എൻവിഎംഇ എസ്എസ്ഡി സ്റ്റോറേജും നൽകിയിട്ടുണ്ട്.

മാത്രമല്ല പ്രീ ഇൻസ്റ്റാൾഡായി എക്‌സ് ബോക്‌സും വിൻഡോസ് 11 ലുണ്ടാകും.

ആൻഡ്രോയിഡ് ആപ്പുകൾ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള അപ്‌ഡേറ്റും ഭാവിയിൽ വിൻഡോസ് 11 ന് നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആൻഡ്രോയിഡ് ആപ്പ് സൈറ്റിലേക്കുള്ള ആക്‌സസ് വിൻഡോസ് 11 ന് നൽകിയിട്ടുണ്ട്.

എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

ഓരോ മോഡൽ കമ്പ്യൂട്ടറിന് വ്യത്യസ്ത സമയങ്ങളിലായിരിക്കും വിൻഡോസ് 11 അപ്‌ഡേറ്റ് ലഭ്യമാകുക. കമ്പ്യൂട്ടർ സെറ്റിങ്‌സിൽ വിൻഡോസ് അപ്‌ഡേറ്റ് സെക്ഷനിൽ പോയാൽ അപ്‌ഡേറ്റ് ലഭ്യമായാൽ അറിയാൻ സാധിക്കും. അല്ലെങ്കിൽ മൈക്രോസോഫ്റ്റ് ഇൻസ്റ്റാലേഷൻ അസിസ്റ്റന്റ് ഉപയോഗിച്ച് മാനുവലായും ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

കൂടാതെ ബൂട്ടബിൾ യുഎസ്ബി ഡ്രൈവ്, ഡിവിഡി നിർമിക്കാനുള്ള ഓപ്ഷൻ വിൻഡോസ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. കൂടാതെ വിൻഡോസ് 11 ഡിസ്‌ക് ഇമേജും (ഐഎസ്ഒ) അവരുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

TAGS :
Next Story