ധൈര്യമായിട്ട് ലൈക്ക് ചെയ്തോ, ആരും കാണില്ല; എക്‌സിൽ പ്രൈവറ്റ് ലൈക്‌സ് അവതരിപ്പിച്ച് മസ്‌ക്
ലൈക്കുകളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങള്‍ തടയാനാണ് എക്‌സിന്റെ നീക്കം
ഏതെങ്കിലും പോസ്റ്റ് കണ്ട് ഇഷ്ടപ്പെട്ടാലും ലൈക്ക് ചെയ്യാൻ മടിതോന്നാറുണ്ടോ? കാണുന്നവർ എന്ത് വിചാരിക്കുമെന്നോ, അല്ലെങ്കിൽ ഈ പോസ്റ്റ് ലൈക്ക് ചെയ്തതിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വരുമെന്നോ തുടങ്ങി പല കാര്യങ്ങളും ഇതിന് പിന്നിലുണ്ടാകും. എന്നാൽ, ഇനി എക്‌സിൽ ആ പേടി വേണ്ട. ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ ഹൈഡ് ചെയ്യാന്‍ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് സമൂഹ മാധ്യമമായ എക്‌സ്.
സ്വകാര്യ ലൈക്കുകൾ (പ്രൈവറ്റ് ലൈക്കുകൾ) ഉപയോഗിച്ച് ഉപയോക്താക്കൾ പോസ്റ്റുകൾക്ക് നൽകുന്ന ലൈക്കുകൾ ഡിഫോൾട്ടായി മറക്കപ്പെടും. അതായത് നിങ്ങൾ ഏതൊരു പോസ്റ്റിന് ചെയ്യുന്ന ലൈക്കും മറ്റൊരാൾക്ക് കാണാൻ കഴിയില്ല എന്നർത്ഥം. എക്‌സിൻ്റെ പ്രീമിയം വരിക്കാർക്ക് ഈ ഫീച്ചർ ഇതിനകം ലഭ്യമാണ്.
ഭയപ്പെടാതെ പോസ്റ്റുകൾ ലൈക്ക് ചെയ്യാൻ ആളുകളെ അനുവദിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് എക്സ് ഉടമ ഇലോൺ മാസ്ക് പുതിയ ഫീച്ചറിന്റെ സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ ലൈക്ക് ചെയ്‌ത പോസ്റ്റുകൾ നിങ്ങൾക്ക് തുടർന്നും കാണാൻ കഴിയും, പക്ഷെ മറ്റുള്ളവർക്ക് അത് കാണാൻ കഴിയില്ല. നിങ്ങളുടെ സ്വന്തം പോസ്റ്റുകൾക്കായുള്ള ലൈക്ക് കൗണ്ടും മറ്റ് മെട്രിക്കുകളും അറിയിപ്പുകൾക്ക് കീഴിൽ തുടർന്നും കാണിക്കും. മറ്റൊരാളുടെ പോസ്റ്റ് ആരാണ് ലൈക്ക് ചെയ്തതെന്ന് നിങ്ങൾക്കിനി കാണാൻ കഴിയില്ല. പോസ്റ്റിട്ടയാൾക്ക് ലൈക്ക് ചെയ്തത് ആരൊക്കെയെന്ന് അറിയാൻ കഴിയും. ഇങ്ങനെയാണ് മസ്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
ലൈക്കുകളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങള്‍ തടയാനാണ് ഈ നീക്കം. ഉപയോക്താക്കളുടെ പൊതു പ്രതിച്ഛായ സംരക്ഷിക്കുന്നതിനാണ് ഈ മാറ്റം ലക്ഷ്യമിടുന്നതെന്ന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, എക്‌സിൻ്റെ എഞ്ചിനീയറിംഗ് ഡയറക്ടർ ഹവോഫീ വാങ് വിശദീകരിച്ചിരുന്നു. വിവാദമായേക്കാവുന്ന പോസ്റ്റുകൾ കണ്ട ഉപഭോക്താക്കൾ സ്വന്തം പ്രതിച്ഛായ ഭയന്ന് അത് ലൈക്ക് ചെയ്യാതെ പോകുന്നുണ്ട്. സ്വന്തം ഇഷ്ടങ്ങൾ അംഗീകരിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയാണ് ഇത്തരം പ്രവണതകളെന്നും വാങ് പറഞ്ഞിരുന്നു.
പ്രൈവറ്റ് ലൈക്കുകൾ നിലവിൽ വരുന്നതോടെ ഉപയോക്തൃ പ്രൊഫൈലുകളിലെ ലൈക്ക് ടാബ് നീക്കം ചെയ്യപ്പെടും. ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം പോസ്‌റ്റുകൾ ആരാണ് ലൈക്ക് ചെയ്‌തതെന്നും അവരുടെ മറ്റെല്ലാ പോസ്‌റ്റുകൾക്കുമുള്ള മൊത്തം ലൈക്ക് എണ്ണവും തുടർന്നും കാണാൻ കഴിയും. എന്നാൽ, മറ്റുള്ളവരുടെ പോസ്റ്റുകൾ ആരാണ് ലൈക്ക് ചെയ്തതെന്ന് അവർക്ക് കാണാൻ കഴിയില്ല. ആരെങ്കിലും കാണുമോ എന്ന് പേടിക്കാതെ ഇനി നിങ്ങൾക്ക് സ്വതന്ത്രമായി ലൈക്ക് ചെയ്യാൻ സാധിക്കുമെന്ന് വാങ് പറഞ്ഞു. ലൈക്കിനെ കൂടാതെ ആരെല്ലാം റീ പോസ്റ്റ് ചെയ്തിട്ടുണ്ടോന്നോ, ബുക്ക്മാര്‍ക്ക് ചെയ്തിട്ടുണ്ടെന്നോ മറ്റുള്ളവര്‍ക്ക് കാണാനാവില്ല.
Adjust Story Font
16