ബ്രാന്‍ഡിങ് മാറുന്നു; എംഐയോട് ബൈ പറഞ്ഞ് ഷവോമി
ഇനി ലോഞ്ച് ചെയ്യാനിരിക്കുന്ന എംഐ മിക്സ് സീരീസിലെ 'മിക്സ് 4' എന്ന ഫോൺ 'ഷവോമി മിക്സ് 4' എന്ന പേരിലാണ് അവതരിപ്പിക്കുക
ചൈനയിലെ ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി എംഐ ബ്രാന്‍റിങ് ഒഴിവാക്കുന്നു. ഫോണില്‍ മാത്രമല്ല സ്മാര്‍ട്ട് ടിവി, ഫിറ്റ്‌നസ് ബാന്‍ഡ്‍, ലാപ്ടോപ്, സ്മാര്‍ട് വാച്ച്‍ തുടങ്ങി മിക്ക ഷവോമി ഉത്പന്നങ്ങളിലും എംഐ ബ്രാന്‍ഡിങുണ്ട്. ഇനി ഷവോമി എന്ന പേരിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുക.
ഒരു കാലത്ത് ബജറ്റ് ഫോണുകൾ മാത്രം ലോഞ്ച് ചെയ്തിരുന്ന എംഐ ബ്രാൻഡിന് കീഴിൽ ഇപ്പോൾ പവർ ബാങ്ക് മുതൽ ലാപ്ടോപ് വരെ ലഭ്യമാണ്. പ്രീമിയം കാറ്റഗറിയിലുള്ള പ്രൊഡക്റ്റുകൾ ഷവോമി അവതരിപ്പിച്ചിരുന്നത് എംഐയുടെ കീഴിലായിരുന്നു. കഴിഞ്ഞ 10 വർഷത്തോളമായി തങ്ങളുടെ ഉത്പന്നങ്ങളിൽ പതിച്ചിരുന്ന എംഐ എന്ന ബ്രാൻഡിങിന് പകരം ഇനിയങ്ങോട്ട് ഷവോമി എന്ന ബ്രാൻഡിങ് മതിയെന്നാണ് കമ്പനിയുടെ നിലപാട്. ഇനി ലോഞ്ച് ചെയ്യാനിരിക്കുന്ന എംഐ മിക്സ് സീരീസിലെ 'മിക്സ് 4' എന്ന ഫോൺ 'ഷവോമി മിക്സ് 4' എന്ന പേരിലാണ് അവതരിപ്പിക്കുക. അതേസമയം റെഡ്മി ബ്രാന്‍ഡ് നിലനിര്‍ത്തും. യുവാക്കളെ ലക്ഷ്യമിട്ട് ആകര്‍ഷകമായ വിലയില്‍ പുതുമകളോടെ റെഡ്മി ഫോണുകള്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു.
'2021 മൂന്നാം പാദം മുതൽ ഷവോമിയുടെ ഉത്പന്ന സീരീസായ എംഐ ഷവോമി എന്ന് പുനർനാമകരണം ചെയ്യപ്പെടും. ഈ മാറ്റത്തോടെ ഞങ്ങളുടെ ആഗോളതലത്തിലുള്ള ബ്രാൻഡ് ഏകീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ മാറ്റം എല്ലാ പ്രദേശങ്ങളിലും പ്രാബല്യത്തിൽ വരാൻ കുറച്ച് സമയമെടുത്തേക്കാം"- ഷവോമി വക്താവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ കമ്പനിയുടെ പേര് ഇപ്പോൾ വേണ്ടത്ര തിരിച്ചറിയപ്പെടുന്നുണ്ടെന്നും അതുകൊണ്ട് ഇനി ഷവോമി എന്ന പേര് മതിയെന്നുമാണ് കമ്പനിയുടെ തീരുമാനം. എംഐ ഹോം സ്റ്റോറുകളിൽ എംഐ ബ്രാൻഡ് ലോഗോ ഉപയോഗിക്കുന്നത് തുടരും. 2011 ആഗസ്തിലാണ് ഷവോമിയുടെ ആദ്യത്തെ ഐഎ സ്മാർട്ട്ഫോൺ വിപണിയിലെത്തിയത്. സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി അടുത്തിടെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി മാറി.
Adjust Story Font
16