Quantcast

ഈ മെയിലുകൾ യൂ ട്യൂബിന്റേതല്ല, പറ്റിക്കപ്പെടരുത്; ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

ഇത്തരം ഇ മെയിലുകൾ ലഭിക്കുന്നുണ്ടെങ്കിൽ അബദ്ധത്തിൽ പോലും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് യൂട്യൂബ് മുന്നറിയിപ്പ് നൽകുന്നു

MediaOne Logo

Web Desk

  • Published:

    26 April 2023 2:54 PM

youtube phishing
X

ലോകമെമ്പാടുമുള്ള 2 ബില്ല്യണിലധികം ആളുകളാണ് യൂട്യൂബ് ഉപയോഗിക്കുന്നത്. പുതിയ കഴിവുകൾ പഠിക്കുന്നതിനും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നേടുന്നതിനും തുടങ്ങി സമയം പോകാൻ വരെ യൂട്യൂബ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഇപ്പോൾ ഏത് കാര്യത്തിനും യൂട്യൂബിനെ ആശ്രയിക്കാമെന്ന സ്ഥിതിയാണുള്ളത്. നല്ലൊരു വരുമാനമാർഗം കൂടിയായതിനാൽ യൂട്യൂബിന് ജനപ്രീതിയേറി. എന്നാൽ, ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുംതോറും പ്ലാറ്റ്‌ഫോമിൽ അഴിമതികളും വർധിച്ചുവരികയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ്.

യൂട്യൂബേഴ്സിനെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്. യൂട്യൂബിന്റേതെന്ന പേരിൽ ആൾമാറാട്ടം നടത്തി ഉപയോക്താക്കൾക്ക് ഇമെയിലുകൾ അയയ്‌ക്കുന്നതാണ് തട്ടിപ്പുരീതി. 'യൂട്യൂബ് ടീം ഒരു വീഡിയോ അയച്ചു, യൂട്യൂബ് നയംമാറ്റം' എന്ന പേരിലാണ് മെയിൽ എത്തുക. നിയമാനുസൃത യൂട്യൂബ് വിലാസമായ 'no-reply@youtube.com'-ൽ നിന്നാണ് മെയിലുകൾ എത്തുന്നത്. പുതിയ ധനസമ്പാദന നയവും നിയമങ്ങളും ഉപയോക്താക്കളെ അറിയിക്കുന്നതിനാണ് യൂട്യൂബ് ഇമെയിൽ അയച്ചിരിക്കുന്നതെന്നും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾക്ക് ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്യാമെന്നുമാണ് മെയിലിന്റെ ഉള്ളടക്കം.

കത്ത് അവലോകനം ചെയ്യാനും മറുപടി നൽകാനും ഉപയോക്താവിന് 7 ദിവസത്തെ സമയമുണ്ടെന്നും അതിനുശേഷം അവരുടെ അക്കൗണ്ട് ആക്‌സസ് പരിമിതപ്പെടുത്തുമെന്നും മെയിലിൽ പറയുന്നു. ഇത്തരം ഇ മെയിലുകൾ ലഭിക്കുന്നുണ്ടെങ്കിൽ അബദ്ധത്തിൽ പോലും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് യൂട്യൂബ് മുന്നറിയിപ്പ് നൽകുന്നു. അറ്റാച്ച്‌മെന്റുകൾ ഡൗൺലോഡ് ചെയ്യരുത്. മെയിൽ ഓപ്പൺ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ ടാബ് ക്ലോസ് ചെയ്യുകയും വേണമെന്നാണ് മുന്നറിയിപ്പ്. തങ്ങളുടെ ടീം ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും യൂട്യൂബ് വ്യക്തമാക്കി.

TAGS :
Next Story