500 മില്യണ്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി യാഹൂ
500 മില്യണ്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി യാഹൂ
എന്നാല്‍ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍, പേമെന്‍റ് കാര്‍ഡ് ഡാറ്റ തുടങ്ങി മര്‍മ്മ പ്രധാനമായ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍
തങ്ങളുടെ 500 മില്യണിലേറെ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഇന്‍റെര്‍നെറ്റ് ലോകത്തെ അതികായരായ യാഹൂ. 2014ല്‍ നടന്ന ഈ ഹാക്കിങ് ലോകത്തെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സൈബര്‍ കുറ്റകൃത്യമാകാനാണാണ് സാധ്യത. പേര്, ഇ-മെയില്‍ വിലാസം, ടെലിഫോണ്‍ നമ്പറുകള്‍, ജനനതിയ്യതി, എന്‍ക്രിപ്റ്റഡ് പാസ്‍വേഡുകള്‍ തുടങ്ങിയവ സൈബര്‍ മോഷ്ടാക്കള്‍ ചോര്‍ത്തിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍, പേമെന്‍റ് കാര്‍ഡ് ഡാറ്റ തുടങ്ങി മര്‍മ്മ പ്രധാനമായ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. വന്‍ പ്രചാരമുള്ള സൈറ്റുകളില്‍ പതിവായി കാണാറുള്ള സൈബര്‍ ആക്രമണത്തിന്‍റെ പതിന്‍മടങ്ങാണ് യാഹൂവിന് നേരിടേണ്ടി വന്നിട്ടുള്ളത്. കമ്പനി ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഒരു ഘട്ടത്തിലാണ് ഉപയോക്താക്കളില്‍ സംശയത്തിന്‍റെ വിത്തു വിതയ്ക്കുന്ന ഇത്തരമൊരു വന്‍ ആക്രമണം നടന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത ഒരു സൈബര്‍ ആക്രമണമാണ് ഇതെന്ന് യാഹൂ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് യാഹൂവിനു നേരെ ഉണ്ടായിട്ടുള്ളതെന്ന് സൈബര്‍ സുരക്ഷ രംഗത്തെ പ്രശസ്തര്‍ ചൂണ്ടിക്കാട്ടി. ഹാക്കര്‍മാരെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടെ മര്‍മ്മ പ്രധാനമായ പല കാര്യങ്ങളും ഇനിയും വ്യക്തമാകാനുണ്ടെന്നിരിക്കെ ഇത് യാഹൂവിനും അക്കൌണ്ട് ഉടമകള്‍ക്കും എത്രമാത്രം പ്രത്യാഘാതം സമ്മാനിക്കുമെന്ന് വിലയിരുത്താനാകില്ലെന്നും ഇവര്‍ പറഞ്ഞു. 2014ലാണ് സൈബര്‍ ആക്രമണം നടന്നതെങ്കിലും മറ്റൊരു സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
Adjust Story Font
16