പാട്ട് കേള്‍ക്കാം, കോള്‍ ചെയ്യാം... ലെവിസിന്റെ സ്‍മാര്‍ട്ട് ജാക്കറ്റ് വരുന്നു
പാട്ട് കേള്‍ക്കാം, കോള്‍ ചെയ്യാം... ലെവിസിന്റെ സ്‍മാര്‍ട്ട് ജാക്കറ്റ് വരുന്നു
ടെക് ഭീമന്‍മാരായ ഗൂഗിളുമായി കൈകോര്‍ത്താണ് ലെവിസിന്റെ സ്‍മാര്‍ട്ട് ജാക്കറ്റിന്റെ പിറവി.
സ്‍മാര്‍ട്ട് ഫോണിനും സ്‍മാര്‍ട്ട് വാച്ചിനും ശേഷമിതാ സ്മാര്‍ട്ട് ജാക്കറ്റ് വരുന്നു. ടെക് ഭീമന്‍മാരായ ഗൂഗിളുമായി കൈകോര്‍ത്താണ് ലെവിസിന്റെ സ്‍മാര്‍ട്ട് ജാക്കറ്റിന്റെ പിറവി. ഇരുചക്രവാഹന റൈഡേഴ്‍സിനെ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് ജാക്കറ്റ് വരുന്നത്. കമ്യൂട്ടര്‍ ജാക്കറ്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുക.
ഗൂഗിളിന്റെ ജക്വാഡ് സാങ്കേതിക വിദ്യയാണ് സാധാരണ ജാക്കറ്റ് എന്നു തോന്നിക്കുന്ന ഈ ഉത്പന്നത്തെ സ്‍മാര്‍ട്ടാക്കുന്നത്. ഫാബ്രിക് നൂലുകള്‍ ഉപയോഗിച്ചാണ് ജാക്കറ്റിന്റെ നിര്‍മാണം. സ്മാര്‍ട്ട് ഫോണുകളിലേതിനു സമാനമായ ടച്ച് സാധ്യമാക്കുന്ന രീതിയിലേക്കാണ് ജാക്കറ്റിന്റെ രൂപകല്‍പന. ലെവിസുമായി ചേര്‍ന്ന് ഗൂഗിളിന്റെ പ്രോജക്ട് ജക്വാഡ് അന്‍ഡ് പ്രോജക്ട്സ് വിഭാഗമാണ് ഇതിനു പിന്നില്‍. 2015 ല്‍ സ്വപ്ന മോഡലായി അവതരിപ്പിച്ച ഇത് രണ്ടു വര്‍ഷം കൊണ്ട് സാക്ഷാത്കാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഗൂഗിള്‍. ഈ വര്‍ഷം പകുതിയോടെ തന്നെ ഈ സ്മാര്‍ട്ട് ജാക്കറ്റ് വിപണിയിലെത്തും.
ഇനി ഇതിന്റെ പ്രത്യേകതകള്‍ പറയാം. ബൈക്ക് ഓടിക്കുമ്പോള്‍ ജാക്കറ്റിനെ നിങ്ങളുടെ സ്‍മാര്‍ട്ട്ഫോണുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഡ്രൈവിങിനിടെ കോള്‍ വന്നാല്‍ ബൈക്ക് നിര്‍ത്താതെ കോള്‍ എടുക്കുന്നത് അപകട സാധ്യത കൂട്ടും. എന്നാല്‍ ഈ സ്‍മാര്‍ട്ട് ജാക്കറ്റുണ്ടെങ്കില്‍ ഇടതു കൈയ്യിലെ പാച്ചില്‍ ഒന്നു തൊട്ടാല്‍ മതി കോളെടുക്കാം. അതുപോലെ ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന പാട്ട് മാറ്റണമെങ്കിലും നാവിഗേഷന്‍ ഓഡിയോ കേള്‍ക്കണമെങ്കിലുമൊക്കെ ഈ പാച്ചില്‍ ഒന്നു തോണ്ടിയാല്‍ മാത്രം മതി. ഈ പാച്ച് ഊരിമാറ്റിയാല്‍ സാധാരണ ജാക്കറ്റ് കഴുകി വൃത്തിയാക്കുന്നതു പോലെ ഇതും കഴുകാം. ഇന്ത്യന്‍ വിപണിയില്‍ ഈ സ്‍മാര്‍ട്ട് ജാക്കറ്റിന് ഏകദേശം 23000 രൂപയിലേറെ വില വരും.
Adjust Story Font
16