Quantcast

നടുക്കടലില്‍ അരുംകൊല ചെയ്യപ്പെട്ട ആ മല്‍സ്യത്തൊഴിലാളികൾ ദേശസ്നേഹത്തിന്റെ സീസണില്‍ നമ്മോടു പറയുന്നത്! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

MediaOne Logo

Damodaran

  • Published:

    21 May 2018 10:06 AM GMT

നടുക്കടലില്‍ അരുംകൊല ചെയ്യപ്പെട്ട ആ മല്‍സ്യത്തൊഴിലാളികൾ ദേശസ്നേഹത്തിന്റെ സീസണില്‍ നമ്മോടു പറയുന്നത്! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
X

നടുക്കടലില്‍ അരുംകൊല ചെയ്യപ്പെട്ട ആ മല്‍സ്യത്തൊഴിലാളികൾ ദേശസ്നേഹത്തിന്റെ സീസണില്‍ നമ്മോടു പറയുന്നത്! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ചോരയോടുള്ള കൂറിനെ കുറിച്ച്. ഇവിടെയിതാ, നമ്മുടെ ചോര നിലവിളിക്കുന്നു. ഒരു മലയാളി, ഒരു കന്യാകുമാരിക്കാരന്‍. ഇന്ത്യക്കാരെന്ന് ഒരു സംശയവുമില്ലാത്ത രണ്ടുപേര്‍.......

നടുക്കടലില്‍ അരുംകൊല ചെയ്യപ്പെട്ട ആ മല്‍സ്യത്തൊഴിലാളികൾ ദേശസ്നേഹത്തിന്റെ സീസണില്‍ നമ്മോടു പറയുന്നത്! - നെറ്റ് ലോകത്ത് സജീവ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ തലക്കെട്ടാണിത്. കേരളം സജീവമായി ചര്‍ച്ച ചെയ്ത കടല്‍ക്കൊല കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് നയിച്ച നിലപാടുകളെയും അതിനു പിന്നിലെ കാണാക്കളികളെയും തുറന്നുകാട്ടുന്ന പോസ്റ്റ് ദേശസ്നേഹത്തിന്‍റെ നവനിര്‍വചനങ്ങള്‍ക്കിടെ നാം എവിടെയെത്തി നില്‍ക്കുന്നു എന്ന് വരച്ചിടുന്നു.

'പാക്കിസ്താന്‍ സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ തെറിവിളികള്‍ കൊണ്ട് അമ്മാനമാടിയ ഓണ്‍ലൈന്‍ മലയാളി ലോകം കമന്റുകളിലൂടെ പറഞ്ഞത് മുഴുവന്‍ ദേശാഭിമാനത്തെ കുറിച്ചായിരുന്നു. സ്വന്തം ചോരയോടുള്ള കൂറിനെ കുറിച്ച്. ഇവിടെയിതാ, നമ്മുടെ ചോര നിലവിളിക്കുന്നു. ഒരു മലയാളി, ഒരു കന്യാകുമാരിക്കാരന്‍. ഇന്ത്യക്കാരെന്ന് ഒരു സംശയവുമില്ലാത്ത രണ്ടുപേര്‍. അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണത്തെയും അതിന് തയ്യാറായ സൈന്യത്തെയും പ്രകീര്‍ത്തിച്ചോളൂ. ഇന്ത്യയുടെ യശസ്സ് ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്തതിന് സര്‍ക്കാറിനെയും. എന്നാല്‍, നാം കഴിഞ്ഞ ദിവസത്തെ ആ കോടതിവിധിയെ കൂടി പരിഗണിക്കണ്ടേ? അതിനെ കുറിച്ചു കൂടി സംസാരിക്കണ്ടേ? നമ്മുടെ സ്വന്തം ചോരയോടുള്ള കൂറു കാണിക്കണ്ടേ? ജിംഗോയിസ്റ്റുകളുടെ സ്വന്തം സീസണില്‍, അതിനുള്ള ഓര്‍മ്മ നമ്മളില്‍ ബാക്കിയുണ്ടാവുമോ?' - റഷീദ് ചോദിക്കുന്നു

പോസ്റ്റിന്‍റെ പൂര്‍ണ രൂപം

കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍.
കന്യാകുമാരി ഇരയിമ്മന്‍തുറ കോവില്‍ വിളാകത്ത് അജീഷ് പിങ്കു.

ഓര്‍മ്മയുണ്ടോ ഈ പേരുകള്‍?

ഓര്‍മ്മയില്ലാത്തവര്‍ക്ക് മുന്നില്‍ അതിനുള്ള ചെറിയൊരു ക്ലൂ വെക്കുന്നു. 'കടല്‍ക്കൊല കേസ്'. അതെ, കേരളമാകെ അരിശം കത്തിപ്പടര്‍ന്ന കടല്‍ക്കൊല കേസിലെ ആ രണ്ട് ഇരകള്‍. നമ്മുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായി ഉയര്‍ന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇന്ത്യയാകെ പൊട്ടിത്തെറിച്ചത് ഈ രണ്ടു മനുഷ്യര്‍ക്ക് വേണ്ടിയാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കുമെതിരെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണകക്ഷിയായ ബി.ജെ.പിയും ഞാനും നിങ്ങളുമടങ്ങുന്ന ഓണ്‍ലൈന്‍ ലോകവുമെല്ലാം വാളോങ്ങിയത് ഈ രണ്ട് മനുഷ്യരുടെ ചോരയുടെ പേരിലാണ്.

2012 ഫെബ്രുവരി 15ന് കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ സെന്റ് ആന്റണീസ് മത്സ്യബന്ധന ബോട്ടിലെ മല്‍സ്യ തൊഴിലാളികളായിരുന്നു ഈ രണ്ട് മനുഷ്യര്‍. ഡോള്‍ഫിന്‍ ചേംബേഴ്‌സ് എന്ന ഇറ്റാലിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എന്റിക ലക്‌സി എന്ന കപ്പലിലെ രണ്ട് ഇറ്റാലിയന്‍ നാവികര്‍ ഇവരെ വെടിവെച്ചു കൊല്ലുകയായിരുന്നു. സിംഗപ്പൂരില്‍ നിന്നും ഈജിപ്തിലേക്ക് പോകുകയായിരുന്ന കപ്പലിലെ സുരക്ഷാഭടന്മാരായ ലത്തോറെ മാസിമിലിയാനോ, സല്‍വാതോറോ ലിയോണ്‍ എന്നിവരാണ് ഇവരെ വെടിവെച്ചു കൊന്നത്. വാലന്റൈന്റെ നെറ്റിയിലും അജീഷിന്റെ നെഞ്ചിലുമാണ് വെടിയേറ്റത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് അറിയാതെ കൊന്നുപോയതാണെന്നാണ് അന്ന് പിടിയിലായ രണ്ട് ഇറ്റാലിയന്‍ നാവികരും പറഞ്ഞത്. നാമത് കേട്ട് രോഷാകുലരായി. ഇവരെ ഞങ്ങള്‍ക്ക് വിട്ടുതരൂ എന്ന് അലറിവിളിച്ചു.

മുകളില്‍ പറഞ്ഞ രണ്ടുപേരെ ഇപ്പോള്‍ ഓര്‍മ്മ വന്നുകാണണം. ഓര്‍മ്മ വന്നവരെ, രണ്ടു ദിവസം മുമ്പുള്ള ഒരു സാധാരണ വാര്‍ത്ത ഓര്‍മ്മിപ്പിക്കട്ടെ. അതിര്‍ത്തി കടന്ന് നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന്റെ പേരില്‍ ഇന്ത്യ മുഴുവന്‍ മോദി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ച അതേ നിമിഷങ്ങളിലാണ് ആ വാര്‍ത്ത വന്നത്. അപ്രധാനമെന്ന് പറയാനാവില്ലെങ്കിലും, വാര്‍ത്താ പ്രാധാന്യത്തിന്റെ ഏത് അളവുകോല്‍ വെച്ചാലും പ്രധാനപ്പെട്ട ഒരു വാര്‍ത്ത.

ഈ സംഭവത്തില്‍ അന്താരാഷ്ട്ര ട്രിബ്യൂണലില്‍ നിലനില്‍ക്കുന്ന കേസ് തീര്‍പ്പാകുന്നതുവരെ രണ്ടാം പ്രതി ലത്തോറെ മാര്‍സി മിലിയാനോക്ക് സ്വന്തം നാടായ ഇറ്റലിയില്‍ താമസിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതായിരുന്നു അധികമാരും ശ്രദ്ധിക്കാതിരുന്ന ആ വാര്‍ത്ത. സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ അനുവദിക്കണമെന്ന ലത്തോറെ മാര്‍സി മിലാനോയുടെ ആവശ്യം അംഗീകരിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, കുര്യന്‍ ജോസഫ്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. സ്വന്തം രാജ്യത്ത് കഴിയുന്ന ഒന്നാം പ്രതി സാല്‍വതോര്‍ ഗിറോണിനുള്ള ഒമ്പത് ജാമ്യ വ്യവസ്ഥകള്‍ മാര്‍സി മിലിയാനോയ്ക്ക് ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്താരാഷ്ട്ര ട്രൈബ്യൂണലിലെ നടപടി സംബന്ധിച്ച സുതാര്യത ഉറപ്പാക്കണമെന്നതടക്കം കേരളത്തിനുവേണ്ടി ഹാജരായ അഡ്വ. കെ.എന്‍. ബാലഗോപാല്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നും ഗൗനിക്കാതെ ആയിരുന്നു സുപ്രീംകോടതിയുടെ വിധി.

എന്താണ് ഇതിനര്‍ത്ഥം? ഇന്ത്യയില്‍ പിറന്നുപോയ കുറ്റത്തിന് രണ്ടു മനുഷ്യരെ പച്ചയ്ക്ക് വെടിവെച്ചുകൊന്ന് ഇവിടെ അറസ്റ്റിലായ രണ്ടു ഇറ്റാലിയന്‍ പൗരന്‍മാര്‍ക്കും സ്വന്തം നാട്ടില്‍ സുഖമായി കഴിയാം. കേസ്, ഇനി അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ പരിധിയില്‍ ആയിരിക്കും. ശരി, അപ്പോള്‍ നീതി കിട്ടുന്നത് ആര്‍ക്കാണ്? സംശയം വേണ്ട ഇറ്റാലിയന്‍ നാവികര്‍ക്ക്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ രണ്ടു ഇറ്റലിക്കാര്‍ക്കും ഇറ്റലി ആഗ്രഹിച്ച അതേ അവസ്ഥ വന്നിരിക്കുന്നു, സുഖവാസം. അപ്പോള്‍, കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ക്കോ? അവര്‍ക്ക് നീതി വേണ്ടേ? അവര്‍ക്കു വേണ്ടി നിലവിളിച്ച് അധികാരത്തിലേറിയ അതേ സര്‍ക്കാര്‍ തന്നെ പ്രതികള്‍ക്ക് അനുകൂലമാവുമ്പോള്‍ അവര്‍ക്ക് എങ്ങനെ നീതി കിട്ടും? ഈ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി രോഷാകുലരായി ഉറഞ്ഞു തുള്ളിയ ഇന്ത്യന്‍ ജനത നിര്‍ണായകമായ ഇക്കാര്യം അവഗണിക്കുന്ന സാഹചര്യത്തില്‍ ആ രണ്ട് മനുഷ്യര്‍ക്ക് എങ്ങനെ നീതി കിട്ടും? ആ വിധി വന്ന അതേ ദിവസം, അതിനു കാരണക്കാരായ സര്‍ക്കാറിനെ സ്തുതിച്ചു കൊണ്ട് അതേ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടിയ ഓണ്‍ലൈന്‍ മനുഷ്യരായ നാം പണ്ട് എങ്ങനെയായിരുന്നു ഇതേ സംഭവത്തെ പരിഗണിച്ചത്? അതോര്‍ത്താല്‍, നാമോരുത്തരും ആ സമയങ്ങളില്‍ ഒഴുക്കിയ രോഷത്തിന്റെയും കണ്ണീരിന്റെയും പ്രതിഷേധത്തിന്റെയും കനലുകളോര്‍ത്താല്‍, കാര്യം കുറച്ചു കൂടി മനസ്സിലാവും. ഇതേ നമ്മള്‍ തന്നെയാണ്, ദേശസ്‌നേഹം കാരണം പ്രകമ്പനം കൊള്ളുന്നത്. ഉറിയില്‍ കൊല്ലപ്പെട്ട ധീരസൈനികര്‍ക്ക് നീതി കിട്ടാന്‍ മുഷ്ടികള്‍ മുകളിലേക്ക് ചുരുട്ടുന്ന നമ്മള്‍ എന്തുകൊണ്ടാണ്, അതിനുമുമ്പേ നാം അതുപോലെ പ്രതിഷേധിച്ച ആ രണ്ട് മല്‍സ്യ തൊഴിലാളികളെ മറന്നു കളഞ്ഞത്? ഉറിയില്‍ ആക്രമണം നടത്തിയ ഭീകരരെ സപ്പോര്‍ട്ട് ചെയ്ത പാക്കിസ്താനെതിരെ നമ്മുടെ വെറുപ്പും രോഷവും പ്രവഹിക്കുന്നതിനിടെ എന്തു കൊണ്ടാണ് രണ്ട് ഇന്ത്യക്കാരെ കൊന്നവരെ പിന്തുണയ്ക്കുന്ന ഇറ്റാലിയന്‍ സര്‍ക്കാറിനെതിരെ നിശ്ശബ്ദരാവുന്നത്?

എന്താണ് ഈ അവസ്ഥയ്ക്ക് കാരണം? അതിനെ കുറിച്ച് കുറച്ചു നാളുകള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ നമ്മളോട് പറഞ്ഞ ചില കാര്യങ്ങള്‍ വെറുതെ ഓര്‍മ്മിപ്പിക്കാം.

കടല്‍ക്കൊല കേസ് ഇപ്പോള്‍ രണ്ട് കോടതികളിലാണ് പരിഗണിക്കപ്പെടുന്നത്. ഒന്ന് സുപ്രീംകോടതിയില്‍. രണ്ടാമത്തേത് അന്താരാഷ്ട്ര സമുദ്രനിയമ ട്രിബ്യൂണലില്‍. കടല്‍ക്കൊല കേസില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ ഇറ്റലിക്ക് രോഷമുണ്ട്. അവര്‍ക്ക് വലുത് അവരുടെ പൗരന്‍മാരുടെ ജീവനാണ്. നമുക്ക് വലുതായി തോന്നേണ്ടത് നമ്മുടെ പൗരന്‍മാരുടെയും. എന്നാല്‍, ഇറ്റലിയല്ല ഇന്ത്യ. നമുക്ക് ആ രണ്ടു മല്‍സ്യ തൊഴിലാളികളെ പോലെയല്ല ഇറ്റലിക്ക് അവരുടെ നാവികര്‍.

ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ഇറ്റലിക്ക് കഴിയും. മല്‍സ്യതൊഴിലാളികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ അതിനു കഴിയില്ല. അതിനാല്‍, നമ്മുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പാരവെക്കുന്ന ഇറ്റലിയെ നമുക്ക് മുഖവിലയ്ക്ക് എടുക്കാതിരിക്കാന്‍ പറ്റില്ല. ഈ സാഹചര്യത്തില്‍, എല്ലാം അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ തീര്‍പ്പിന് വിടലാണ് എളുപ്പം. പ്രതികള്‍ നിരപരാധികള്‍ ആണെന്ന് ട്രിബ്യൂണല്‍ പറഞ്ഞാല്‍, നാവികരെ വിട്ടുനല്‍കാം. ഇറ്റലി പിണങ്ങില്ല. പണ്ട് പ്രകടനം നടത്തിയ ആരും ഇക്കാര്യം ഓര്‍ത്തു വരില്ല. ട്രിബ്യൂണലിലെ നിലവിലെ സാഹചര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലല്ല എന്നുറപ്പുള്ള അവസ്ഥയില്‍ തന്നെയാണ് ഈ ആലോചന.

ഇതിന് പകരമായി ഇന്ത്യയ്ക്ക് ചില കാര്യങ്ങള്‍ നേടിയെടുക്കാനുമാവുമെന്ന് അന്നേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇറ്റലിയ്ക്ക് മുന്നില്‍ നാം ചില ചില ആവശ്യങ്ങള്‍ മുന്നോട്ടുവെക്കും. കയറ്റുമതിയെ നിയന്ത്രിക്കുന്ന നാലു പ്രധാന ഗ്രൂപ്പുകളില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടി ഇപ്പോള്‍ ഇറ്റലിയുടെ എതിര്‍പ്പാണ്. ആ എതിര്‍പ്പ് പിന്‍വലിക്കാന്‍ ഇറ്റലിയോട് ആവശ്യപ്പെടും. ആണവദാതാക്കളുടെ സംഘം, മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംഘം തുടങ്ങിയ ഇടങ്ങളിലും ഇറ്റലി നമുക്ക് പാരയാണ്. ഇത് നിര്‍ണയിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഇറ്റലിക്ക് നല്ല സ്വാധീനമുണ്ട്. ഇറ്റലി നമുക്ക് അനുകൂലമായാല്‍ ഈ വേദികളിലെ നമ്മുടെ പ്രവേശനം എളുപ്പമാക്കാം. നമുക്ക് പാരപണിയുന്ന ഇറ്റലിക്കാരെ കൊണ്ട് നമ്മുടെ കാര്യങ്ങള്‍ സാധിപ്പിക്കാം എന്നു ചുരുക്കം.

സംഭവം കൊള്ളാം, അത് പക്ഷേ, ആരുടെ ചെലവിലാണ് എന്നു കൂടി ആലോചിക്കൂ. സംശയമെന്ത്, ആ രണ്ട് മല്‍സ്യതൊഴിലാളികളുടെ ചെലവില്‍. അവരുടെ ചോരയുടെ ചെലവില്‍. അവര്‍ക്കു വേണ്ടി നാം പൊഴിച്ച രോഷത്തിന്റെ ചെലവില്‍. ഒരു രാജ്യം അവരുടെ സ്വന്തം പൗരന്‍മാര്‍ക്കു വേണ്ടി ഉയര്‍ത്തിയ രോഷങ്ങളുടെ ചെലവില്‍.

തങ്ങളുടെ നാവികരെയും ആയുധങ്ങളെയും ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്കു മുമ്പാകെ കൊണ്ടുവരില്ലെന്നായിരുന്നു ഇറ്റലിയുടെ ആദ്യ നിലപാട്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ ആ നിലപാട് തിരുത്താന്‍ ഇറ്റലിയെ പ്രേരിപ്പിച്ചു. പ്രതികളുടെ വിചാരണ ഇന്ത്യന്‍ നിയമമനുസരിച്ച് ഇന്ത്യയില്‍തന്നെ നടത്താം എന്നവര്‍ സമ്മതിക്കുകയായിരുന്നു. ഇതാണ്, ഇപ്പോള്‍, അന്താരാഷ്ട്ര ട്രിബ്യൂണലിനു മുന്നിലേക്ക് എത്തിയിരിക്കുന്നത്. ആദ്യം പറഞ്ഞ നിലപാടിലേക്ക് ഇറ്റലി തിരിച്ചു പോയി. സ്വന്തം സഹോദരന്‍മാരുടെ ചോരയ്ക്ക് വേണ്ടി നാമെടുത്ത നിലപാട് നമ്മളും മാറ്റി. ജയിച്ചത് ഇറ്റലി. തോറ്റത് ഇന്ത്യ.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി നല്‍കിയ ഹര്‍ജി പരിഗണിച്ച് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചത് കൂടി ഇവിടെ ഓര്‍മ്മിക്കാം. 12 നോട്ടിക്കല്‍ ദൂരപരിധിക്കുള്ളില്‍ മാത്രമേ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കൂ, ഐ.പി.സി. പ്രകാരം ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് ആവില്ല, ഇന്ത്യന്‍ മാരിടൈം നിയമപ്രകാരമാണ് നാവികര്‍ക്കെതിരെ കേസെടുക്കേണ്ടത് എന്നായിരുന്നു 2013ലെ സുപ്രീംകോടതി വിധി. കേസ് ദില്ലിയിലേക്ക് മാറി. കാര്യങ്ങള്‍ ഇങ്ങനെയും.

ഇനി നമുക്ക് ദേശാഭിമാനത്തിലേക്ക് തിരിച്ചു പോവാം. പാക്കിസ്താന്‍ സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ തെറിവിളികള്‍ കൊണ്ട് അമ്മാനമാടിയ ഓണ്‍ലൈന്‍ മലയാളി ലോകം കമന്റുകളിലൂടെ പറഞ്ഞത് മുഴുവന്‍ ദേശാഭിമാനത്തെ കുറിച്ചായിരുന്നു. സ്വന്തം ചോരയോടുള്ള കൂറിനെ കുറിച്ച്. ഇവിടെയിതാ, നമ്മുടെ ചോര നിലവിളിക്കുന്നു. ഒരു മലയാളി, ഒരു കന്യാകുമാരിക്കാരന്‍. ഇന്ത്യക്കാരെന്ന് ഒരു സംശയവുമില്ലാത്ത രണ്ടുപേര്‍. അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ ആക്രമണത്തെയും അതിന് തയ്യാറായ സൈന്യത്തെയും പ്രകീര്‍ത്തിച്ചോളൂ. ഇന്ത്യയുടെ യശസ്സ് ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്തതിന് സര്‍ക്കാറിനെയും. എന്നാല്‍, നാം കഴിഞ്ഞ ദിവസത്തെ ആ കോടതിവിധിയെ കൂടി പരിഗണിക്കണ്ടേ? അതിനെ കുറിച്ചു കൂടി സംസാരിക്കണ്ടേ? നമ്മുടെ സ്വന്തം ചോരയോടുള്ള കൂറു കാണിക്കണ്ടേ? ജിംഗോയിസ്റ്റുകളുടെ സ്വന്തം സീസണില്‍, അതിനുള്ള ഓര്‍മ്മ നമ്മളില്‍ ബാക്കിയുണ്ടാവുമോ?

നടുക്കടലില്‍ അരുംകൊല ചെയ്യപ്പെട്ട ആ മല്‍സ്യത്തൊഴിലാളികൾ ദേശസ്നേഹത്തിന്റെ സീസണില്‍ നമ്മോടു പറയുന്നത്...

Posted by KP Rasheed on Friday, September 30, 2016
TAGS :
Next Story