Quantcast

ഐഫോണിന്റെ 'ചതി'; ആപ്പിള്‍ കോടതി കയറുന്നു... അമേരിക്കയില്‍ പരാതിപ്രളയം

MediaOne Logo

Alwyn K Jose

  • Published:

    22 May 2018 5:23 PM GMT

ഐഫോണിന്റെ ചതി; ആപ്പിള്‍ കോടതി കയറുന്നു... അമേരിക്കയില്‍ പരാതിപ്രളയം
X

ഐഫോണിന്റെ 'ചതി'; ആപ്പിള്‍ കോടതി കയറുന്നു... അമേരിക്കയില്‍ പരാതിപ്രളയം

ഒരു കാലഘട്ടത്തിന്റെ വിശ്വാസമായിരുന്നു ആപ്പിള്‍. ചതിക്കപ്പെടില്ലെന്ന വിശ്വാസം.

ഒരു കാലഘട്ടത്തിന്റെ വിശ്വാസമായിരുന്നു ആപ്പിള്‍. ചതിക്കപ്പെടില്ലെന്ന വിശ്വാസം. എന്നാല്‍ ഇപ്പോള്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ തിരിച്ചറിയുകയാണ്, തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന്. ഒട്ടേറെ ഐഫോണ്‍ ഉപഭോക്താക്കളാണ് ആപ്പിളിനെതിരെ പരാതിയുമായി യുഎസ് കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മാത്രം ഒമ്പത് പരാതികള്‍ ആപ്പിളിനെതിരെ കോടതിയിലെത്തിയിട്ടുണ്ട്. ഐഫോണിന്റെ പ്രകടനം മന്ദഗതിയിലായതാണ് പരാതികള്‍ക്ക് അടിസ്ഥാനം.

ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് അപ്‍ഡേറ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഐഫോണ്‍ പ്രവര്‍ത്തനം മന്ദഗതിയിലായത്. ഇതിന് കാരണം, ആപ്പിള്‍ പുതിയ ഐഒഎസില്‍ ഒളിപ്പിച്ചുവച്ച രഹസ്യ ബാറ്ററി മോഡാണെന്ന് പരാതിക്കാര്‍ പറയുന്നു. ഐഫോണ്‍ പഴകുന്നതനുസരിച്ച് പ്രൊസസറിന് ആവശ്യമായ ബാറ്ററി ചാര്‍ജ് എടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതാണത്രേ ഈ മോഡ്. പ്രൊസസറിന് ഉയര്‍ന്ന ബാറ്ററി ചാര്‍ജ് ആവശ്യമായി വരുന്ന സമയത്ത്, തണുത്ത കാലാവസ്ഥയിലും ചാര്‍ജ് കുറവായിരിക്കുമ്പോഴും കാലപഴക്കത്തിന് അനുസരിച്ചും അതിന് സാധിക്കാറില്ല. അതുകൊണ്ട് തന്നെ ഉപകരണത്തിന് കേടുപാടുകള്‍ വരാതിരിക്കാന്‍ ഫോണ്‍ സ്ലോ ആകുകയോ ഓഫ് ആകുകയോ ചെയ്യും. ഐഫോണ്‍ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ്, എസ്ഇ തുടങ്ങിയ ഡിവൈസുകളിലാണ് സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റിനു ശേഷം പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയത്. സ്ലോഡൌണ്‍ ഫീച്ചര്‍ നിലവിലുണ്ടായിരുന്നുവെന്ന് ആപ്പിള്‍ സമ്മതിച്ചുകഴിഞ്ഞു.

എന്നാല്‍ ഈ സംവിധാനം എന്തിനാണെന്നും പ്രശ്നങ്ങളെ മറികടക്കാന്‍ എന്താണ് മാര്‍ഗമെന്നും ആപ്പിള്‍ ഉപഭോക്താക്കളെ അറിയിച്ചില്ല എന്നതാണ് പരാതിപ്രളയത്തിന് കാരണമായിരിക്കുന്നത്. ബാറ്ററി മാറ്റി വച്ചാല്‍ ഫോണിന്റെ വേഗത വര്‍ധിക്കുമെന്നും പ്രകടനമികവ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നും ആപ്പിള്‍ ഉപഭോക്താക്കളെ അറിയിച്ചില്ല. പരാതിയുമായി സമീപിച്ചവരോടും ഇക്കാര്യം മറച്ചുവച്ചു. അതുകൊണ്ട് തന്നെ ഐഫോണ്‍ മന്ദഗതിയില്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ നിരാശരായി തങ്ങള്‍ പുതിയ ഫോണ്‍ വാങ്ങാന്‍ നിര്‍ബന്ധിതരായെന്നും പരാതികളില്‍ പറയുന്നു. ഉപയോക്താക്കളെ വഞ്ചിച്ച്, പുതിയ ഉപകരണങ്ങള്‍ വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ സ്ലോഡൌണ്‍ ഫീച്ചര്‍ നിക്ഷേപിച്ചതെന്നും പരാതിക്കാര്‍ വാദിക്കുന്നുണ്ട്. ഏതായാലും പുതിയ പ്രശ്നം ആപ്പിളിന് തലവേദനയാകുമെന്ന് ഉറപ്പ്.

Next Story