കൊലയാളി ഗെയിം ബ്ലൂവെയിലിനെ നിരോധിക്കാനാവില്ല
കൊലയാളി ഗെയിം ബ്ലൂവെയിലിനെ നിരോധിക്കാനാവില്ല
ബ്ലൂവെയില്‍ ചലഞ്ച് ഗെയിം ഏതെങ്കിലും വെബ് സൈറ്റില്‍ നിന്നോ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതല്ല
മുംബൈയില്‍ പതിനാലുകാരന്റെ മരണത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ബ്ലൂവെയില്‍ ഗെയിം നിരോധിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ സാധാരണ കമ്പ്യൂട്ടര്‍, മൊബൈല്‍ ഗെയിമുകളെ പോലെയല്ല ബ്ലൂ വെയില്‍ ഗെയിമെന്നും ഇത് നിരോധിക്കുക അസാധ്യമാണെന്നുമാണ് സൈബര്‍ വിദഗ്ധരുടെ വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര നിയമസഭയിലും രാജ്യസഭയിലും പോലും ബ്ലൂ വെയില്‍ ഗെയിം നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു.
ബ്ലൂവെയില്‍ ചലഞ്ച് എന്നത് ഏതെങ്കിലും വെബ് സൈറ്റില്‍ നിന്നോ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതല്ല. അതു തന്നെയാണ് നിരോധനത്തെ അസാധ്യമാക്കുന്നതും. ഇന്റര്‍നെറ്റില്‍ ചാറ്റിംങ് വഴിയും മെയില്‍ വഴിയും ഈ ഗെയിമിന്റെ നിര്‍മ്മാതാക്കള്‍ ബന്ധപ്പെടുമ്പോള്‍ മാത്രമാണ് ബ്ലൂവെയില്‍ ചലഞ്ച് കളിക്കാനുള്ള ലിങ്ക് ലഭിക്കുന്നത്. ഇന്റര്‍നെറ്റ് നിരോധിക്കുക എന്ന കടുംകൈ മാത്രമാണ് ഇത്തരം ഗെയിമുകള്‍ നിരോധിക്കാനുള്ള മാര്‍ഗ്ഗമെന്നാണ് വിദഗ്ധരുടെ ഉപദേശം.
ബ്ലൂവെയില്‍ ചലഞ്ച് എന്ന് ഗൂഗിള്‍ ചെയ്താലോ പ്ലേ സ്റ്റേറില്‍ തിരഞ്ഞാലോ ഈ ഗെയിമിന്റെ പൊടി പോലും ലഭിക്കില്ല. പ്ലേ സ്‌റ്റോറില്‍ ബ്ലൂവെയില്‍ എന്ന് തിരഞ്ഞാല്‍ ഒരു തിമിംഗലത്തിന്റെ ചിത്രം കൂട്ടി യോജിപ്പിക്കുന്ന ഗെയിമാണ് ലഭിക്കുക. അതും ബ്ലൂവെയില്‍ ചലഞ്ചുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇതുപോലെ നിരുപദ്രവകരമായ ഗെയിമല്ല ബ്ലൂവെയില്‍ ചലഞ്ച്.
പലതരത്തിലുള്ള വെല്ലുവിളികള്‍ ഏറ്റെടുത്ത് ധൈര്യം തെളിയിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ഗെയിം ചെയ്യുക. 50 ഘട്ടങ്ങളാണ് ബ്ലൂവെയില്‍ ചലഞ്ചിലുള്ളത്. റഷ്യയില്‍ നിന്നുള്ള 22കാരന്‍ ഫിലിപ് ബുഡികിനാണ് ഈ കൊലയാളി ഗെയിമിനു പിന്നിലുള്ളത്. ഇയാളിപ്പോള്‍ റഷ്യയില്‍ മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. റഷ്യന്‍ യുവാക്കളെ സ്വയം വെടിവെച്ച് മരിക്കാന്‍ പ്രേരിപ്പിച്ചതിനാണ് ശിക്ഷ. 2013 ലാണ് ബ്ലൂ വെയില്‍ ഗെയിം അവതരിക്കുന്നത്.
ബ്ലൂവെയില്‍ ചലഞ്ച് റഷ്യയില്‍ മാത്രം 130 പേരുടെ ജീവനെടുത്തുവെന്നാണ് കരുതപ്പെടുന്നത്. മധ്യേഷ്യന്‍ രാജ്യങ്ങളായ കസാക്കിസ്ഥാനിലും കിര്‍ഗിസ്ഥാനിലും ഇപ്പോള്‍ ബ്ലൂവെയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുംബൈ സ്വദേശിയായ 14കാരന്‍ മന്‍പ്രീത് സഹാനി ഏഴ് നില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചത് ജൂണ്‍ 30നാണ്. ബ്ലൂവെയില്‍ചലഞ്ചിന്റെ ആദ്യ ഇരയാണ് ഈ കൗമാരക്കാരനെന്നാണ് കരുതുന്നത്. 50 ദിവസം നീണ്ടു നില്‍ക്കുന്ന 50 വെല്ലുവിളികളാണ് ബ്ലൂവെയില്‍ ചലഞ്ച് വഴി ഇരകളായ കളിക്കാര്‍ക്ക് നല്‍കുക. ബ്ലേഡുപയോഗിച്ച് കൈത്തണ്ടയില്‍ എഫ് 57 എന്ന് വരക്കുക പുലര്‍ച്ചെ 04.20ന് എഴുന്നേറ്റ് പേടിപ്പിക്കുന്ന വീഡിയോകള്‍ കാണുക എന്നിങ്ങനെ ഓരോ ദിവസവും വ്യത്യസ്ഥ വെല്ലുവിളികളാണ് ഗെയിം വഴി കുട്ടികളെ നിയന്ത്രിക്കുന്നയാള്‍ നല്‍കുക. പതുക്കെ കൂടുതല്‍ അപകടകരമായ നിലയിലേക്ക് മാറും.
പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് റെയില്‍ ട്രാക്കിലേക്ക് പോയി ചിത്രമെടുക്കുക, ആരോടും മിണ്ടാതിരിക്കുക എന്ന് തുടങ്ങി കളിക്കുന്ന കുട്ടി പൂര്‍ണ്ണമായ നിയന്ത്രണത്തിലാണെന്ന് കണ്ടാല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കുകയെന്നതു പോലുള്ള വെല്ലുവിളികള്‍ മുന്നോട്ടുവെക്കുന്നു. സോഷ്യല്‍മീഡിയയില്‍ കൗമാരക്കാര്‍ ഇടുന്ന പോസ്റ്റുകള്‍ നോക്കിയാണ് ബ്ലൂവെയില്‍ ഗെയിം നിയന്ത്രിക്കുന്നവര്‍ ഇരകളെ കണ്ടെത്തുക. ഇവര്‍ അയക്കുന്ന ലിങ്കുകള്‍ സ്വീകരിച്ചാല്‍ ആദ്യം കുട്ടികളുടെ അക്കൗണ്ടുകളും കമ്പ്യൂട്ടറും ഹാക്ക് ചെയ്ത് വിവരങ്ങള്‍ സ്വന്തമാക്കുന്നു. ഗെയിമില്‍ നിന്ന് പിന്മാറുമെന്ന് കുട്ടികള്‍ പറഞ്ഞാല്‍ ഈ വിവരങ്ങളില്‍ പലതും പരസ്യമാക്കുമെന്ന ഭീഷണിയും പതിവുണ്ട്. ചുരുക്കത്തില്‍ ചെകുത്താനും കടലിനും ഇടയിലായ അവസ്ഥയിലാകും ബ്ലൂവെയില്‍ ഗെയിം കളിച്ചു തുടങ്ങിയവര്‍. ഈ ഗെയിമിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി ബ്ലൂവെയില്‍ ചലഞ്ചില്‍ നിന്നും മാറി നില്‍ക്കാന്‍ കൗമാരക്കാരെ പ്രേരിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് സൈബര്‍ വിദഗ്ധരുടെ ഉപദേശം.
Adjust Story Font
16