സ്മാര്‍ട്ട്‌ഫോണിന്റെ അമിത ഉപയോഗം, 32% ഇന്ത്യക്കാരുടേയും ഉറക്കം കെടുത്തുന്നു
സ്മാര്‍ട്ട്‌ഫോണിന്റെ അമിത ഉപയോഗം, 32% ഇന്ത്യക്കാരുടേയും ഉറക്കം കെടുത്തുന്നു
സാങ്കേതികവിദ്യയുടെ സ്വാധീനം മൂലം ഉറക്കം നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് സര്‍വേ പറയുന്നത്.
സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ നേരിട്ട് ഇടപെട്ട് തുടങ്ങിയെന്ന് സമ്മതിക്കേണ്ടി വരും. ഉണര്‍ന്നിരിക്കുമ്പോള്‍ മാത്രമല്ല ഉറക്കത്തെ പോലും സ്മാര്‍ട്ടുഫോണുകളുടെ ഉപയോഗം സ്വാധീനിക്കുന്നുവെന്നാണ് പുതിയ പഠനം വെളിവാക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും അമിത ഉപയോഗം മൂലം ഇന്ത്യക്കാരില്‍ 32 ശതമാനത്തിനും ആവശ്യമായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിലിപ്‌സിന്റെ നേതൃത്വത്തില്‍ നടന്ന ആഗോള സര്‍വേയിലാണ് വിവരങ്ങളുള്ളത്. സാങ്കേതികവിദ്യയുടെ സ്വാധീനം മൂലം ഉറക്കം നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് സര്‍വേ പറയുന്നത്. 32 ശതമാനം ഇന്ത്യക്കാര്‍ക്കും ആവശ്യമായ ഉറക്കം ലഭിക്കാത്തതിന് പിന്നിലെ വില്ലന്‍ സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറുകളുമാണ്. ഇതില്‍ 19 ശതമാനവും ജോലിസംബന്ധമായ ആവശ്യത്തെ തുടര്‍ന്നാണ് കമ്പ്യൂട്ടറുകള്‍ക്കും സ്മാര്‍ട്ട്‌ഫോണിനും മുന്നിലിക്കുന്നത്. മറ്റുള്ളവരാകട്ടെ ഗെയിമുകളും സിനിമയും സോഷ്യല്‍മീഡിയയിലെ തിരച്ചിലുമായി ഉറക്കത്തെ അകറ്റുന്നു.
ആവശ്യമായ ഉറക്കം ലഭിക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. സ്ഥിരമായി എട്ട് മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവരില്‍ വിഷാദരോഗം, ഉത്കണ്ഠ എന്നിവ കൂടുതലാകുമെന്ന് മുന്നറിയിപ്പുകളുണ്ട്. ജീവിത പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുമെങ്കിലും ഉറക്കക്കുറവുള്ളവരില്‍ മനസിനെ പോസിറ്റീവാക്കി നിലനിര്‍ത്തുന്നതിനുള്ള കഴിവ് വലിയ തോതില്‍ കുറയുന്നു. ഇത് മാനസിക പ്രശ്‌നങ്ങളിലേക്ക് പോലും നയിച്ചേക്കാം.
സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ഇന്ത്യക്കാരും ഉറക്കത്തേക്കാള്‍ വ്യായാമമാണ് ആരോഗ്യത്തോടെയിരിക്കാനുള്ള പ്രധാന കാരണമായി കരുതുന്നത്. 45 ശതമാനം ഇന്ത്യക്കാരും യോഗയിലൂടെ ഉറക്കക്കുറവ് പരിഹരിക്കാനാകുമെന്ന് വിശ്വസിക്കുന്നവരാണ്. 24 ശതമാനമാകട്ടെ നല്ല കിടക്ക ലഭിച്ചാല്‍ ഉറക്കം ശരിയാകുമെന്ന് കരുതുന്നവരും.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 26 ശതമാനം പേര്‍ക്ക് ഉറക്കക്കുറവിന്റെ പ്രശ്‌നങ്ങളുണ്ട്. 21 ശതമാനത്തിന്റെ ഉറക്കം കെടുത്തുന്നത് ഒപ്പമുള്ളവരുടെ കൂര്‍ക്കംവലിയാണ്. കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും ഉറക്കത്തെ ബാധിക്കുന്നുവെന്ന് കരുതുന്ന 26 ശതമാനം പേരുണ്ട്. ഉറക്കക്കുറവിന്റെ പ്രധാനകാരണം നിത്യജീവിതത്തിലെ പ്രശ്‌നങ്ങളാണെന്ന് തുറന്നുസമ്മതിക്കുന്ന 58 ശതമാനം പേരുമുണ്ട്. ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളിലെ 15000പേരിലാണ് സര്‍വേ നടത്തിയത്.
Adjust Story Font
16