ഫേസ്ബുക്ക് മൈക്രോഫോണ്‍ വഴി ഒളിച്ചുകേള്‍ക്കുന്നുണ്ടോ? സെനറ്റിന് മുമ്പാകെ സത്യം പറഞ്ഞ് സുക്കര്‍ബര്‍ഗ്
ഫേസ്ബുക്ക് മൈക്രോഫോണ്‍ വഴി ഒളിച്ചുകേള്‍ക്കുന്നുണ്ടോ? സെനറ്റിന് മുമ്പാകെ സത്യം പറഞ്ഞ് സുക്കര്‍ബര്‍ഗ്
രണ്ട് വര്‍ഷത്തോളമായി ഫേസ്ബുക്ക് മൈക്രോഫോണ്‍ ഉപയോഗിച്ച് സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം നിലവിലുണ്ട്. സുഹൃത്തുക്കളുമായി സംസാരിക്കുക മാത്രം ചെയ്ത വിഷയവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍...
സ്വകാര്യ വിവര ചോര്‍ച്ച വിവാദം പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഫേസ്ബുക്കിനെതിരെ ഉയര്‍ന്നിരുന്നു. ഫേസ്ബുക്കില്‍ നല്‍കുന്ന കാര്യങ്ങള്‍ മാത്രമല്ല ശബ്ദം മൈക്രോഫോണ്‍ വഴി പിടിച്ചെടുത്ത് പരസ്യം നല്‍കാനായി ഉപയോഗിക്കുന്നുവെന്ന വിവാദമാണ് ഉയര്‍ന്നത്. നേരത്തെ തന്നെ ഉയര്‍ന്നുവന്നിട്ടുള്ള ഈ ആരോപണത്തിന് ഒടുവില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുമ്പാകെ ഹാജരായപ്പോഴാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്. സെനറ്റര്‍ ഗാരി പീറ്റേഴ്‌സായിരുന്നു ഇക്കാര്യം ചോദിച്ചത്. 'ഫേസ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണുകളിലെ മൈക്രോഫോണ്‍ വഴി സംഭാഷണങ്ങളും മറ്റും ചോര്‍ത്തുന്നുണ്ടോ?' എന്നായിരുന്നു ഗാരി പീറ്റേഴ്‌സ് ചോദിച്ചത്. ഉറക്കെ 'ഇല്ല' എന്ന മറുപടിയാണ് സുക്കര്‍ബര്‍ഗ് നല്‍കിയത്.
സെനറ്റര്‍ അടുത്ത ചോദ്യത്തിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും വിഷയം വിശദീകരിക്കാതെ സുക്കര്‍ബര്‍ഗ് വിട്ടില്ല. 'സെനറ്റര്‍ ഇക്കാര്യത്തിലെ അവ്യക്തത മാറ്റേണ്ടതുണ്ട്. മൈക്രോഫോണ്‍ വഴി വിവരങ്ങള്‍ ചോര്‍ത്തി അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ കാണിക്കുന്നുവെന്നത് തികച്ചും തെറ്റാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് വീഡിയോകള്‍ എടുക്കാനും പോസ്റ്റു ചെയ്യാനുമുള്ള സൗകര്യം ഫേസ്ബുക്കിലുണ്ട്. അത്തരത്തില്‍ വീഡിയോ എടുക്കുമ്പോള്‍ ശബ്ദം ഉണ്ടെന്ന് ഉറപ്പിക്കും. അത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താന്‍ മാത്രമാണ്' സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
രണ്ട് വര്‍ഷത്തോളമായി ഫേസ്ബുക്ക് മൈക്രോഫോണ്‍ ഉപയോഗിച്ച് സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം നിലവിലുണ്ട്. സുഹൃത്തുക്കളുമായി സംസാരിക്കുക മാത്രം ചെയ്ത വിഷയവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടെന്ന് ചിലര്‍ ട്വീറ്റ് ചെയ്യുക കൂടി ചെയ്തിരുന്നു. നേരത്തെയും ഫേസ്ബുക്ക് ഈ ആരോപണം തള്ളിയിട്ടുണ്ട്.
Adjust Story Font
16