Quantcast

എട്ടാം ക്ലാസില്‍ തോറ്റു, സ്വന്തം ഇഷ്ടങ്ങളുടെ പിറകേ പോയി 23 വയസിനുള്ളില്‍ കോടീശ്വരനായി 

MediaOne Logo

Subin

  • Published:

    6 Jun 2018 5:20 AM GMT

സിബിഐയിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ക്ക് തൃഷ്‌നീത് സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസുകള്‍ എടുക്കുന്നു. റിലയന്‍സ് മുതല്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരെ ത്രിഷ്നീതിന്‍റെ കമ്പനിയായ ടാക് സൊല്യൂഷന്‍സിന്റെ ഉപഭോക്താക്കളാണ്...

എട്ടാം ക്ലാസില്‍ തോറ്റ് സ്‌കൂളിന് പുറത്തായെങ്കിലും സ്വപ്‌നങ്ങള്‍ക്ക് പിറകേ പോയി വിജയങ്ങള്‍ വെട്ടിപ്പിടിച്ച കഥയാണ് തൃഷ്‌നീത് അറോറയുടെ ജീവിതം. കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്ത് വിദഗ്ധനായ തൃഷ്‌നീത് സ്വന്തം ഇഷ്ടം തിരിച്ചറിഞ്ഞ് ചെറുപ്രായത്തില്‍ തന്നെ എത്തിക്കല്‍ ഹാക്കിംങ് സ്വയം തെരഞ്ഞെടുത്തയാളാണ്. പത്തൊമ്പതാം വയസില്‍ സ്വന്തം കമ്പനിയായ ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് തുടങ്ങാനും 23 വയസാകുമ്പോഴേക്കും റിലയന്‍സ് പോലുള്ള കമ്പനികളേയും സ്വന്തം ഉപഭോക്താവാക്കാന്‍ സാധിച്ചതും തൃഷ്‌നീതിന്റെ നേട്ടങ്ങളില്‍ ചിലത് മാത്രം.

ഇന്ത്യയില്‍ നാല് ബ്രാഞ്ചുകളും ദുബൈയില്‍ ഒരു ബ്രാഞ്ചുമുള്ള സ്ഥാപനമാണ് തൃഷ്‌നീതിന്റെ ടാക് സെക്യൂരിറ്റി സൊലൂഷ്യന്‍സ്. ഒരു ബില്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനം ആരംഭിക്കുകയാണ് തൃഷ്‌നീതിന്റെ ഇപ്പോഴത്തെ സ്വപ്നം. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് തൃഷ്‌നീതിന്റെ ജീവിത വിജയകഥ വിവരിക്കുന്നുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിക്കുന്നതിനേക്കാള്‍ അവ തുറന്ന് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാനായിരുന്നു കുഞ്ഞ് തൃഷ്‌നീതിന് താത്പര്യം.

വീട്ടില്‍ ആദ്യമായി കമ്പ്യൂട്ടറെത്തിയതോടെ ആവേശം മുഴുവന്‍ കമ്പ്യൂട്ടറിലായി. കമ്പ്യൂട്ടറില്‍ മകന്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് കണ്ട് ആശങ്കപ്പെട്ട പിതാവ് പാസ്‌വേഡ് വെച്ച് സുരക്ഷിതമാക്കി. ദിവസങ്ങള്‍ക്കകം ആ പാസ്‌വേഡ് പൊട്ടിച്ചുകൊണ്ടാണ് തൃഷ്‌നീത് തന്റെ ഹാക്കിംങ് ആരംഭിക്കുന്നത്. മകന്‍ പാസ്വേഡ് കണ്ടെത്തിയതറിഞ്ഞ് ദേഷ്യപ്പെടുകയല്ല മറിച്ച് പുതിയൊരു കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുകയാണ് തൃഷ്‌നീതിന്റെ പിതാവ് ചെയ്തത്.

കമ്പ്യൂട്ടറിനോടും പ്രോഗ്രാമിങ്ങിനോടുമുള്ള തൃഷ്‌നീതിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ തന്നെയാണ് എട്ടാം ക്ലാസില്‍ തോറ്റതോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കാനുള്ള അവന്റെ തീരുമാനത്തിനൊപ്പം നിന്നത്. ഇത് തൃഷ്‌നീതിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായി. ആദ്യം കമ്പ്യൂട്ടറുകളിലെ സോഫ്റ്റ്വെയര്‍ കുഴപ്പങ്ങളും മറ്റും പരിഹരിച്ച് തുടങ്ങിയ തൃഷ്‌നീത് പതുക്കെ എത്തിക്കല്‍ ഹാക്കിംങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇങ്ങനെ ലഭിച്ച ചെറിയ തുകകള്‍ പ്രയോജനപ്പെടുത്തി പത്തൊമ്പതാം വയസിലാണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് ആരംഭിക്കുന്നത്.

നിലവില്‍ പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐടി ഉപദേഷ്ടാവാണ് ഈ 23കാരന്‍. സിബിഐയിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ക്ക് ത്രിഷ്‌നീത് സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസുകള്‍ എടുക്കുന്നു. റിലയന്‍സ് മുതല്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരെ ടാക് സൊല്യൂഷന്‍സിന്റെ ഉപഭോക്താക്കളാണ്. ഇഷ്ടം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കാണ് തന്റെ നേട്ടങ്ങള്‍ തൃഷ്‌നീത് സമര്‍പ്പിക്കുന്നത്. സ്‌കൂളില്‍ തോറ്റുവെന്നതിനര്‍ഥം ജീവിതത്തില്‍ പരാജയപ്പെട്ടുവെന്നല്ല എന്ന ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ് ഈ ചെറുപ്പക്കാരന്റെ വിജയഗാഥ.

TAGS :
Next Story