Quantcast

ലോകത്ത് ആദ്യമായി 5ജി ഖത്തറില്‍; അത്ഭുതപ്പെടുത്തുന്ന വേഗത

MediaOne Logo

Alwyn K Jose

  • Published:

    6 Jun 2018 6:38 AM GMT

ലോകത്ത് ആദ്യമായി 5ജി ഖത്തറില്‍; അത്ഭുതപ്പെടുത്തുന്ന വേഗത
X

ലോകത്ത് ആദ്യമായി 5ജി ഖത്തറില്‍; അത്ഭുതപ്പെടുത്തുന്ന വേഗത

ഇതോടെ ഖത്തറിലെ ഇന്റര്‍നെറ്റ് വേഗത പലയിരട്ടിയായി. സെക്കന്റില്‍ 10 ജിബി വരെയാണ് 5ജിയുടെ വേഗത.

ലോകത്ത് ആദ്യമായി 5ജി ഇന്റര്‍നെറ്റ് സേവനം ഖത്തറില്‍ അവതരിപ്പിച്ചു. പൊതുമേഖല സ്ഥാപനമായ ഉരീദുവാണ് 5ജി സാങ്കേതിക വിദ്യ, 3.5ജിഗാ ഹെഡ്സ് സ്‍പെക്ട്രം ബാന്‍ഡ് വഴി ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. ഇതോടെ ഖത്തറിലെ ഇന്റര്‍നെറ്റ് വേഗത പലയിരട്ടിയായി. സെക്കന്റില്‍ 10 ജിബി വരെയാണ് 5ജിയുടെ വേഗത. നിലവില്‍ സെക്കന്റില്‍ 256 എംബി വേഗത ലഭ്യമാക്കിയിട്ടുണ്ട്. ഉപരോധം തലയ്ക്കു മുകളിലുണ്ടെങ്കിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ ഖത്തര്‍ ലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടികയറുകയാണ്.

5ജിയുടെ അവതരണത്തിലൂടെ ചരിത്രത്തിലേക്കുള്ള മഹത്തായ ചുവടുവെപ്പാണ് ഖത്തറും പൊതുമേഖലാ ടെലികോം സ്ഥാപനമായ ഉരീദുവും നടത്തിയിരിക്കുന്നതെന്നും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ആദ്യ ജനതയായി ഖത്തർ ജനത മാറിയിരിക്കുന്നുവെന്നും ഉരീദു ഖത്തർ സിഇഒ വലിദ് അൽ സഈദ് പറഞ്ഞു. ഈ മഹത്തായ നേട്ടം ഖത്തർ ജനതക്കും നേതാക്കൾക്കും സമർപ്പിക്കുകയാണ്​. രാജ്യത്ത് വിവരാധിഷ്ഠിതമായ സാമ്പത്തികവ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണിതെന്നും 5ജി ലോഞ്ചിങിനോടനുബന്ധിച്ച് അൽ സഈദ് പറഞ്ഞു. രാജ്യത്തെ വാണിജ്യസ്ഥാപനങ്ങളില്‍ 5ജി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ 5ജി സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും. അടുത്ത വര്‍ഷം പകുതിയോടെയേ 5ജി സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ എത്തൂവെന്നാണ് സൂചന. പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയാണ് ആദ്യ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാക്കിയിട്ടുള്ളത്.

Next Story