Quantcast

അപ്പോള്‍ അങ്ങിനെയാണ് ഗൂഗിള്‍ സ്ഥാപിതമായത്

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ലോകത്തെ ഏറ്റവും പ്രചാരമേറിയ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ സ്ഥാപിതമായത്  

MediaOne Logo

Web Desk

  • Published:

    4 Sep 2018 3:00 AM GMT

അപ്പോള്‍ അങ്ങിനെയാണ് ഗൂഗിള്‍ സ്ഥാപിതമായത്
X

ഇന്റര്‍നെറ്റ് ചരിത്രത്തിന്റെ തന്നെ ഗതി മാറ്റിയ സുപ്രധാന ദിനമാണ് സെപ്തംബര്‍ 4, 1998 . 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് ലോകത്തെ ഏറ്റവും പ്രചാരമേറിയ സെര്‍ച്ച് എഞ്ചിന്‍ , ഗൂഗിള്‍ സ്ഥാപിതമായത് . കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കുന്നത്.

പി എച്ച് ഡി വിദ്യാര്‍ഥികളായ ലാറി പേജിന്റെയും സെര്‍ജി ബ്രിന്നിന്റെയും ഗവേഷണ വിഷയമായാണ് ഗൂഗിളെന്ന ആശയത്തിന്റെ ഉദയം. വേള്‍ഡ് വൈഡ് വെബിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയായിരുന്നു ലക്ഷ്യം. വെബ്സൈറ്റുകളുടെ സ്വഭാവത്തിന് അനുസരിച്ച് ഇന്റര്‍നെറ്റ് വഴിയുള്ള തിരച്ചില്‍ ക്രമീകരിക്കാമോ എന്നതായിരുന്നു ആദ്യത്തെ പരീക്ഷണം. ബാക്ക് ലിങ്കുകളില്‍ നിന്ന് സെര്‍ച്ച് ഫലങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ ബാക് റബ് എന്നാണ് പുതിയ സെര്‍ച്ച് രീതിക്ക് ലാറിയും സെര്‍ജിയും നല്‍കിയിരുന്ന പേര്. പേജ് റാങ്ക് ഉപയോഗിച്ചുള്ള തിരച്ചില്‍ മുന്‍പുണ്ടായിരുന്ന സംവിധാനങ്ങളെക്കാള്‍ ഫലപ്രദമാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു.

സെർച്ച് എഞ്ചിന് പേരായി ഒന്നിന് ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കുന്ന ഗൂഗള്‍ എന്ന പദം നൽകാനായിരുന്നു ആലോചന. എണ്ണിയാല്‍ ഒടുങ്ങാത്ത വിവരം ലഭിക്കുന്ന ഇടം എന്ന അര്‍ഥം. പക്ഷേ, അക്ഷരപിശകില്‍ നിന്ന് പിന്നീട് ഗൂഗിള്‍ എന്ന പേരും പിറവിയെടുത്തു. പരീക്ഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയതോടെ ഗൂഗിളിന്റെ ആദ്യ ത്തെ വേര്‍ഷ്യന്‍ 1996 ആഗസ്തില്‍ സ്റ്റാന്‍ഫോര്‍ഡ് വെബ്സൈറ്റില്‍ പുറത്തിറങ്ങി. 1997 സെപ്തംബര്‍ 15ന് ഗൂഗിള്‍ . കോം എന്ന ഡൊമെയ്ന്‍ നെയിം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അടുത്ത വര്‍ഷം സെപ്തംബര്‍ നാലിന് ലാറിയും സെര്‍ജിയും സുഹൃത്തിന്റെ ഗാരേജില്‍ തങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ലളിതമായ രൂപകല്‍പ്പനയായിരുന്നു ഗൂഗിളിന്റെ പ്രധാന ആകര്‍ഷണം. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ഗൂഗിള്‍ പ്രസിദ്ധമായി. പരസ്യങ്ങള്‍ കൂടി നല്‍കാന്‍ തുടങ്ങിയതോടെ വരുമാനവും വര്‍ധിച്ചു. 60,000ത്തിലധികം ജീവനക്കാരുമായി 50ലധികം രാജ്യങ്ങളില്‍ ഓഫീസുകളുള്ള ഗൂഗിളിന് അസംഖ്യം ഉപഭോക്താക്കളാണുള്ളത്.

വിവരശേഖരത്തിനുള്ള പ്രധാന ഉപാധിയായി ഇന്റര്‍നെറ്റിനെ മാറ്റിയത് ഗൂഗിളാണ്. ഗൂഗിളില്ലാതെയുള്ള ഇന്റര്‍നെറ്റ് ഉപയോഗം ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്തിലാണ് നാമെത്തി നില്‍ക്കുന്നത്. യൂട്യൂബും ആന്‍ഡ്രോയിഡും തുടങ്ങി ഗൂഗിള്‍ ഹോമില്‍ വരെയത്തി നില്‍ക്കുന്നു സെര്‍ച്ച് എഞ്ചിന്റെ വളര്‍ച്ച . ഗൂഗിള്‍ എന്നത് ഒരു ജീവിത രീതി തന്നെയായി മാറി കഴിഞ്ഞു.

TAGS :
Next Story