Quantcast

ഗൂഗിളിന് ഇരുപത് വയസ്സ്; ടെക് ഭീമൻ നമ്മുടെ ചിന്തയുടെ ഭാഗമാകുന്നതെങ്ങിനെ? 

വെറും ഇരുപത് വർഷങ്ങൾ കൊണ്ട് ഗൂഗിളും അതിന്റെ ഉത്പന്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു

MediaOne Logo
ഗൂഗിളിന് ഇരുപത് വയസ്സ്; ടെക് ഭീമൻ നമ്മുടെ ചിന്തയുടെ ഭാഗമാകുന്നതെങ്ങിനെ? 
X

അറിവും ചിന്തയും ആശയങ്ങളും കൊണ്ട് സമ്പന്നമായിരിക്കേണ്ട നമ്മുടെ മനസ്സും തലച്ചോറുമൊക്കെ ഗൂഗിളിന് മുന്നിൽ അടിയറ വെച്ചിരിക്കുകയാണ് നാം. വെറും ഇരുപത് വർഷങ്ങൾ കൊണ്ട് ഗൂഗിളും അതിന്റെ ഉത്പന്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു. നമ്മുടെ ചിന്താ രീതികളെ മാറ്റിമറിക്കുകയും മനസ്സിനെ കേവല സൈബർ ഇടമാക്കി മാറ്റിയിരിക്കുകയും ചെയ്തിരിക്കുകയാണ് ഗൂഗിള്‍. തത്വശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ന്യൂറോ സയൻസിലുമൊക്കെ പ്രതിപാദിച്ചിട്ടുള്ള എക്സറ്റൻഡഡ്‌ മൈൻഡ് തീസിസ് (ഇ.എം.ടി) എന്ന അവസ്ഥയാണിത്. നമ്മുടെ മനസ്സ് കേവലം തലച്ചോറിന്റെയും തലയോട്ടിയുടെയും പരിധികൾക്കുള്ളിൽ നിൽക്കുന്നതല്ല എന്നും അവക്കപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്നതാണെന്നുമാണ് എക്സറ്റൻഡഡ്‌ മൈൻഡ് തീസിസ് പറയുന്നത്.

അറിവും ചിന്തയും ആശയങ്ങളും കൊണ്ട് സമ്പന്നമായിരിക്കേണ്ട നമ്മുടെ മനസ്സും തലച്ചോറുമൊക്കെ ഗൂഗിളിന് മുന്നിൽ അടിയറ വെച്ചിരിക്കുകയാണ് നാം. വെറും ഇരുപത് വർഷങ്ങൾ കൊണ്ട് ഗൂഗിളും അതിന്റെ ഉത്പന്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു. നമ്മുടെ ചിന്താ രീതികളെ മാറ്റിമറിക്കുകയും മനസ്സിനെ കേവല സൈബർ ഇടമാക്കി മാറ്റിയിരിക്കുകയും ചെയ്തിരിക്കുകയാണ് ഗൂഗിള്‍

ഗൂഗിളിന് ഇരുപത് വയസ്സേ ആയിട്ടുള്ളുവെങ്കിലും ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ അത് മനുഷ്യന്റെ ഉള്ളിൽ ഉണ്ടാക്കിയ മനഃശാസ്ത്രപരമായ മാറ്റങ്ങളും സ്വാധീനങ്ങളും വളരെ വലുതും വേഗതയേറിയതുമാണ്. നമ്മുടെ ജീവിതത്തിൽ ഇതിന് മുമ്പ് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ഈ പ്രതിഭാസത്തിന് ധാരാളം അനുകൂല ഘടകങ്ങൾ ഉണ്ടെങ്കിൽ കൂടി നമ്മൾ തീർച്ചയായും അഭിസംബോധന ചെയ്യേണ്ട അപകടകരമായ വശങ്ങൾ കൂടിയുണ്ട് എന്നത് വസ്തുതയാണ്.

എന്റെ ഗവേഷണങ്ങൾ അധികവും മനുഷ്യന്റെ വൈയക്തികമായ അസ്തിത്വം, മനസ്സ്, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ശാസ്ത്രം എന്നിവയെ ചുറ്റിപ്പറ്റിയുള്ളതാണ്. എന്റെ അഭിപ്രായത്തിൽ, കൃത്രിമ ബുദ്ധിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഗൂഗിൾ ഉത്പന്നങ്ങളെ കണ്ണും പൂട്ടി സ്വീകരിക്കുന്നതിലൂടെ നമ്മുടെ ചിന്താശേഷിയെയും അറിവിനെയും നാം ഗൂഗിളിന് വിട്ടുകൊടുക്കുകയാണ്. നമ്മുടെ മാനസിക സ്വകാര്യതയും സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷിയുമൊക്കെ അതുവഴി നമുക്ക് കൈമോശം വരികയും ചെയ്യുന്നു. നമ്മൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളും സാങ്കേതിക വിദ്യകളുടെ ഉപയോഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന വസ്തുതക്ക് വിശ്വാസയോഗ്യമായ തെളിവുകളും നിലവിൽ ലഭ്യമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇത് മൂലം ഉണ്ടാവുന്ന മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് നമ്മുടെ മനസ്സിന് ഇല്ലെന്നും അക്കാരണത്താൽ നമ്മൾ സമ്മർദ്ദത്തിന് അടിമപ്പെട്ടുപോവുകയും ചെയ്യുമെന്ന് ചുരുക്കം.

"മനസ്സ് നിശ്ചലമാവുകയും മറ്റെല്ലാതും തുടങ്ങുകയും ചെയ്യുന്നത് എപ്പോഴാണ്?" 1998 ൽ, ഗൂഗിൾ ആരംഭിച്ച അതെ വര്‍ഷം, തത്വശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരുമായ ആൻഡി ക്ലാർക്കും, ഡേവിഡ് കൽമേഴ്സും ദി എക്സറ്റൻഡഡ്‌ മൈൻഡ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉന്നയിച്ച ചോദ്യമാണിത്. ഇവർ ഈ ചോദ്യം ഉന്നയിക്കുന്നതിന് മുമ്പ് മനസ്സ് തലച്ചോറും നാഡീവ്യൂഹവും തീർക്കുന്ന അതിർത്തികൾക്കപ്പുറത്തേക്ക് പോകാത്ത യാഥാർഥ്യമാണ് എന്നായിരുന്നു ശാസ്ത്രജ്ഞരുടെ നിലപാട്. എന്നാൽ ആൻഡി ക്ലാർക്കും ഡേവിഡ് കാൽമേഴ്സും കൈകൊണ്ട നിലപാട് ഇതിനേക്കാൾ യുക്തിസഹമായിരുന്നു. നമുക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ നിന്നും നമ്മുടെ മനസ്സിലേക്ക് നാം കൂട്ടിച്ചേർക്കുന്ന ബാഹ്യമായ കാര്യങ്ങൾക്ക് നമ്മുടെ തലച്ചോറിന് സമാനമായ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്നായിരുന്നു അവരിരുവരുടെയും നിലപാട്. നമ്മുടെ തലച്ചോറിനും നാഡീവ്യൂഹങ്ങൾക്കും ഉള്ള അതെ പ്രാധാന്യം നമ്മുടെ ചിന്തയെ രൂപപ്പെടുത്തുന്നതിൽ ഇത്തരം ബാഹ്യമായ വസ്തുക്കൾക്കും ഉണ്ട്.

നമ്മുടെ മനസ്സും ഗൂഗിളും തമ്മിൽ ബന്ധമുണ്ടോ?

സ്മാർട്ട് ഫോണുകളും 4 ജി ഇന്റർനെറ്റുമൊക്കെ നിലവിൽ വരുന്നതിനും വര്‍ഷങ്ങള്‍ മുമ്പാണ് ക്ലാർക്കും കൽമേഴ്സും ഈ നിരീക്ഷണങ്ങൾ തങ്ങളുടെ ലേഖനത്തിൽ എഴുതിവെക്കുന്നത്. ഈ നിഗമനങ്ങളിലേക്കെത്താൻ അവർ സ്വീകരിച്ച പരീക്ഷണ രീതികളും രസകരമാണ്. സ്വന്തം ഓർമ്മശക്തിക്കു പുറമെ ഒരു നോട്ടുപുസ്തകം സ്ഥിരമായി കൂടെ കൊണ്ടുനടന്ന ഒരാളെയാണ് അവർ ഇതിനായി ഉപയോഗിച്ചത്. സ്മാർട്ട് ഫോണുകളോടും ടാബുകളോടുമൊക്കെയുള്ള നമ്മുടെ അടങ്ങാത്ത ആസക്തിയും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

നേരം പുലർന്നത് മുതൽ രാത്രി ഏറെ വൈകുന്നത് വരെ സ്മാർട്ട് ഫോണുകളിലും ടാബുകളിലും കണ്ണുകൾ പൂഴ്ത്തി സമയം കളയുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. ഗൂഗിളിന്റെ സേവനങ്ങൾ ഉപയോഗിക്കാതെയുള്ള ഒരു ദൈനംദിന ജീവിതം നമുക്ക് സങ്കല്പിക്കാനേ സാധിക്കില്ല. നമ്മുടെ ബോധമണ്ഡലം ഗൂഗിളുമായി പരസ്പര ബന്ധിതമാണ് എന്നത് അനിഷേധ്യമായ യാഥാർഥ്യം തന്നെയാണ്. നമ്മുടെ മനസ്സുകൾ ഭാഗികമായി ഗൂഗിളിന്റെ സെർവറുകൾക്ക് മുകളിലാണ് കിടക്കുന്നത്.

എന്നാൽ, ഇത്കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതാണ് അടുത്ത ചോദ്യം. രണ്ടു വലിയ കാരണങ്ങളാൽ ഇത് പ്രശ്നക്കാരൻ തന്നയാണ് എന്നതാണ് ആ ചോദ്യത്തിനുള്ള ഉത്തരം. ഒന്നാമത്തെ കാരണം, ഗൂഗിൾ വെറും കേവല വിവരങ്ങൾ മാത്രം നൽകുന്ന ഒരു സെർച്ച് എഞ്ചിൻ മാത്രമല്ല എന്നതാണ്. വിവരങ്ങൾക്ക് പുറമെ ചില നിർദേശങ്ങൾ കൂടി ഗൂഗിൾ നമുക്ക് നല്കുന്നുണ്ട്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നമുക്ക് പോകാനുള്ള സ്ഥലം സെർച്ച് ചെയ്യുന്ന സമയത്തു നമുക്ക് താല്പര്യം തോന്നാവുന്ന മറ്റു സ്ഥലങ്ങളെ സംബന്ധിച്ചുള്ള നിർദേശങ്ങൾ കൂടി ഗൂഗിൾ നൽകുന്നുണ്ട്. കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചാണ് ഗൂഗിൾ ഇത് സാധ്യമാക്കുന്നത്. ഹേയ് ഗൂഗിൾ എന്ന രണ്ടു വാക്കുകൾക്കപ്പുറത്ത് നമുക്ക് വേണ്ടി ഹോട്ടൽ ബുക്ക് ചെയ്യാനും സിനിമ ടിക്കറ്റ് എടുക്കാനുമൊക്കെ തയ്യാറായി ഗൂഗിൾ അസ്സിസ്റ്റന്റുമുണ്ട്. നമുക്ക് ടൈപ്പ് ചെയ്യാനുള്ള വാക്കുകൾ എന്താണെന്ന് ഊഹിച്ച് നേരത്തെ തന്നെ നമുക്ക് നിർദേശങ്ങൾ നൽകുന്നു ജിമെയിൽ. നമുക്ക് പ്രധാനപ്പെട്ടത് എന്ന് തോന്നുന്ന വാർത്തകൾ നമ്മൾ ഒന്നും ചെയ്യാതെ തന്നെ നമ്മുടെ ടൈംലൈനിൽ ഗൂഗിൾ സ്വയം കൊണ്ടുവന്നിടുന്നു.

ചുരുക്കത്തിൽ, സ്വയം ചിന്തിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനുമുള്ള കഴിവ് പതിയെ പതിയെ നമുക്ക് നഷ്ടമാകുന്നു. നമ്മുടെ മനസ്സും തലച്ചോറും ചെയ്യേണ്ട കാര്യങ്ങൾ ഗൂഗിൾ ഏറ്റെടുക്കുന്നതോടെ നമ്മുടെ സ്വതന്ത്രമായ ചിന്താശേഷിയും ബോധ്യവും നമുക്ക് കൈമോശം വരുന്നു.

രണ്ടാമത്തെ കാരണം, കൂടുതൽ സമയം ഇന്റർനെറ്റിൽ ചിലവഴിക്കുന്നത് നമ്മുടെ മനസ്സിന് നല്ലതല്ല എന്നതാണ്. സ്മാർട്ട് ഫോൺ അഡിക്ഷൻ തന്നെയാണ് പ്രധാന വില്ലൻ. ഈയടുത്തായി ബ്രിട്ടനിൽ നടന്ന പഠനങ്ങൾ പ്രകാരം ഒരു വ്യക്തി ശരാശരി പന്ത്രണ്ടു മിനിറ്റുകളുടെ ഇടവേളകളിൽ സ്മാർട്ട് ഫോൺ തുറന്നുനോക്കുന്നുണ്ട്. തുടർച്ചയായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ഉത്കണ്ഠക്കും മാനസിക സമ്മർദ്ദത്തിനുമൊക്കെ കാരണമാകും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

സ്മാർട്ട് ഫോണുകളും ഇതര സാങ്കേതിക വിദ്യകളുമൊക്കെ നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഘടകങ്ങളായി മാറിയതിനാൽ അവയുമായുള്ള ബന്ധം പെട്ടെന്ന് വിച്ഛേദിക്കുന്നത് അസാധ്യമാണ്. എന്നാൽ, പതിയെ പതിയെ അവയിൽ നിന്ന് മോചനം നേടിയില്ലെങ്കിൽ നമ്മുടെ കഴിവും ചിന്താശേഷിയുമൊക്കെ നമുക്ക് അന്യമാവും. സ്വയം നിയന്ത്രണമല്ലാതെ ഇതിൽ നിന്നും രക്ഷ നേടാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല എന്നതാണ് വസ്തുത.

TAGS :
Next Story