വൈകാതെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത 100 ജി.ബി.പി.എസിലെത്തുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍
അടുത്ത നാല് വര്‍ഷത്തേക്കുള്ള 30 പി.എസ്.എല്‍.വികളുടേയും 10 ജി.എസ്.എല്‍.വി എംകെ 3 സാറ്റലൈറ്റുകളും വിക്ഷേപിക്കുന്നതിന് 10900 കോടി രൂപയുടെ ബജറ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി
അധികം വൈകാതെ ഇന്ത്യയില്‍ 100 ജി.ബി.പി.എസിന്റെ അതിവേഗ ഇന്റര്‍നെറ്റ് യാഥാര്‍ഥ്യമാകുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍. അടുത്ത വര്‍ഷം അവസാനത്തിന് മുമ്പ് മൂന്ന് ജിസാറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതോടെ ഇതിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണ്ണാടകയിലെ GITAM സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഐ.എസ്.ആര്‍.ഒ ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.
'ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ നമുക്ക് 76ആം സ്ഥാനം മാത്രമാണുള്ളത്. 2017 ജൂണില്‍ തന്നെ ജിസാറ്റ് 19 വിക്ഷേപിച്ചിട്ടുണ്ട്. അടുത്തവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് നമ്മള്‍ ജിസാറ്റ് 11ഉം ജിസാറ്റ് 29ഉം വിക്ഷേപിക്കും. ഇതോടെ രാജ്യത്താകെ 100 ജി.ബി.പി.എസ് വേഗതയിലുള്ള ഇന്റര്‍നെറ്റ് യാഥാര്‍ഥ്യമാകും' GITAM സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാഥിതിയായി സംസാരിക്കവേ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു.
അടുത്ത നാല് വര്‍ഷത്തേക്കുള്ള 30 പി.എസ്.എല്‍.വികളുടേയും 10 ജി.എസ്.എല്‍.വി എംകെ 3 സാറ്റലൈറ്റുകളും വിക്ഷേപിക്കുന്നതിന് 10900 കോടി രൂപയുടെ ബജറ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞുവെന്നും കെ ശിവന്‍ വ്യക്തമാക്കി. GITAM സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിന്റെ ഭാഗമായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന് ഹോണററി ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദവും സമ്മാനിച്ചു.
Adjust Story Font
16