കാര്യങ്ങളൊന്നും അത്ര സുരക്ഷിതമല്ല; ‘ഗൂഗിള്‍ പ്ലസ്’ സേവനം മതിയാക്കുന്നു
പല ഇടങ്ങളിൽ നിന്നുള്ള 438 തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ, സെെറ്റിലെ അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയതായി ഗൂഗിള്‍ തന്നെ മുമ്പ് സമ്മതിക്കുകയുണ്ടായി.
സുരക്ഷാ വീഴ്ച്ചകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആഗോള ഭീമൻ ഗൂഗിളിന്‍റെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ‘ഗൂഗിൾ പ്ലസ്’ സേവനം നിർത്തുന്നു. ’ഗൂഗിൾ പ്ലസ്’ വഴി, അതിന്റെ ഉപയോക്താക്കൾക്ക് പുറമെ, സെെറ്റില്‍ അക്കൗണ്ട് ഇല്ലാത്ത അവരുടെ സുഹൃത്തുക്കളുടെ വിവരങ്ങൾ വരെ എളുപ്പത്തിൽ ചോർത്താൻ സാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തേർഡ് പാർട്ടികൾക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ എളുപ്പത്തിൽ ചോർത്താൻ കഴിയും വിധമുള്ള സോഫ്റ്റ് വെയർ 'ബഗ്' ഗൂഗിള്‍ പ്ലസിൽ കണ്ടെത്തിയെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ റപ്പോർട്ട് ചെയ്തത്. സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് കമ്പനി നേരത്തെ തന്നെ അറിഞ്ഞിരുന്നെങ്കിലും ആ വിവരം പുറത്തുവിട്ടിരുന്നില്ല. എന്നാൽ, പല ഇടങ്ങളിൽ നിന്നായി 438 വിവിധ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ, സെെറ്റിലെ അഞ്ചു ലക്ഷത്തോളം അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയതായി ഗൂഗിള്‍ തന്നെ പിന്നീട് സമ്മതിക്കുകയായിരുന്നു. എന്നാൽ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങളൊന്നും തന്നെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്.
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന് ബദലായാണ് ഗൂഗിൾ സ്വന്തം സോഷ്യൽ നെറ്റ്‍വർക്കിങ് സെെറ്റായി ‘ഗൂഗിൾ പ്ലസു’മായി രംഗത്തു വരുന്നത്. തുടക്കത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും, പിന്നീട് ഫേസ്ബുക്കിനെ അപേക്ഷിച്ച് വേണ്ടത്ര പിന്തുണ നേടാൻ സെെറ്റിന് സാധിച്ചില്ല.
Adjust Story Font
16