Quantcast

പീഡന പരാതികളില്‍ കര്‍ശന നടപടിയില്ല, ഗൂഗിളില്‍ ജീവനക്കാരുടെ വോക്ക്ഔട്ട് പ്രതിഷേധം

ആഗോളവ്യാപകമായി ഗൂഗിളിലെ ജീവനക്കാര്‍ വ്യാഴാഴ്ച്ച പ്രതിഷേധ ഇറങ്ങിപ്പോക്ക് നടത്തും. പ്രാദേശിക സമയം പതിനൊന്നു മണിക്കായിരിക്കും ഓരോ ഗൂഗിള്‍ ഓഫീസുകളിലേയും ജീവനക്കാര്‍ പ്രതിഷേധിക്കുക.

MediaOne Logo

Web Desk

  • Published:

    3 Nov 2018 6:20 AM GMT

പീഡന പരാതികളില്‍ കര്‍ശന നടപടിയില്ല, ഗൂഗിളില്‍ ജീവനക്കാരുടെ വോക്ക്ഔട്ട് പ്രതിഷേധം
X

ലൈംഗികാതിക്രമ പരാതികളില്‍ ഗൂഗിളിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടികളുണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം കനക്കുന്നു. ആഗോളവ്യാപകമായി ഗൂഗിളിലെ ജീവനക്കാര്‍ വ്യാഴാഴ്ച്ച പ്രതിഷേധ ഇറങ്ങിപ്പോക്ക് നടത്തും. പ്രാദേശിക സമയം പതിനൊന്നു മണിക്കായിരിക്കും ഓരോ ഗൂഗിള്‍ ഓഫീസുകളിലേയും ജീവനക്കാര്‍ പ്രതിഷേധിക്കുക.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഗൂഗിളിന്റെ നയങ്ങളില്‍ തന്നെ കാതലായ മാറ്റം വരുത്തണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ഇത്തരം പരാതികളെ സ്ഥാപനം കൈകാര്യം ചെയ്യുന്ന രീതിയോടും എതിര്‍പ്പ് ഏറെയാണ്. പ്രത്യേകിച്ച് ഗൂഗിള്‍ ജീവനക്കാര്‍ക്കിടയിലെ പ്രശ്‌നം സ്ഥാപനത്തിനുള്ളില്‍ പരിഹകരിക്കാന്‍ ശ്രമിക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും വിമര്‍ശിക്കപ്പെടുന്നത്. ഈ വ്യവസ്ഥ പലപ്പോഴും പീഡനം നടത്തിയവര്‍ക്ക് അനുകൂലമായി മാറുന്നുവെന്നാണ് ആരോപണം.

ഗൂഗിളിന്‍റെ സിംഗപ്പൂര്‍ ഓഫീസില്‍ നടന്ന പ്രതിഷേധം

പ്രതിഷേധം വ്യാപകമായതോടെ എല്ലാ ജീവനക്കാര്‍ക്കും ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ ഇമെയില്‍ അയക്കുകയും ചെയ്തിരുന്നു. 'നിങ്ങളുടെ രോക്ഷവും നിരാശയും മനസിലാക്കാനാകും. ഈ വിഷയത്തില്‍ ആവശ്യമായ നടപടികളെടുക്കാന്‍ സ്ഥാപനം ബാധ്യസ്ഥമാണ്. ഗൂഗിളിലും മാറ്റം വരും...' എന്നായിരുന്നു സുന്ദര്‍പിച്ചെയുടെ മെയിലിലെ ഒരു ഭാഗം.

‘ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ ഗൂഗിള്‍ സംരക്ഷിച്ചതെങ്ങനെ...’ എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രതിഷേധം വ്യാപിച്ചത്. ആന്‍ഡ്രോയിഡ് നിര്‍മ്മാതാവ് ആന്‍ഡി റൂബിന്‍ 2014 ഒക്ടോബറിലാണ് ഗൂഗിള്‍ വിടുന്നത്. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നാണ് പിരിച്ചുവിടുന്നതെന്ന കാര്യം ഗൂഗിള്‍ മറച്ചുവെച്ചു. 90 ദശലക്ഷം ഡോളര്‍ ചിലവിനത്തില്‍ നല്‍കിയാണ് ആന്‍ഡി റൂബിനെ പറഞ്ഞുവിട്ടത്. തനിക്കെതിരായ ആരോപണങ്ങള്‍ ആന്‍ഡി റൂബിന്‍ നിരസിച്ചെങ്കിലും ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു ഗൂഗിളിന്റെ നിലപാട്.

#MeToo ആരോപണങ്ങളെ തുടര്‍ന്ന് 48 ജീവനക്കാരെയാണ് ഗൂഗിള്‍ കൂടുതലായി പണമൊന്നും നല്‍കാതെ പിരിച്ചുവിട്ടത്. നേരത്തെ ഇത്തരം രീതികള്‍ ഗൂഗിളിലുണ്ടായിരുന്നില്ലെന്നതാണ് വിമര്‍ശനം. വ്യാഴാഴ്ച്ചത്തെ പ്രതിഷേധത്തിനിടെ ഗൂഗിളിന് മുമ്പാകെ ആറ് ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

TAGS :
Next Story