‘തിരിച്ചുവരാത്ത’ ചൊവ്വായാത്രക്ക് എലോണ്‍ മസ്‌ക് തയ്യാറെടുക്കുന്നു?
മരിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ പോലും താന്‍ ചൊവ്വയില്‍ പോകാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നാണ് എലോണ്‍ മസ്‌ക് പറഞ്ഞിരിക്കുന്നത്.
എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയുടെ പ്രഖ്യാപിത സ്വപ്‌നമാണ് ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുകയെന്നത്. താന്‍ തന്നെ ചൊവ്വയിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സ്ഥാപകനും കോടീശ്വരനുമായ എലോണ്‍ മസ്‌ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മരിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ പോലും താന്‍ ചൊവ്വയില്‍ പോകാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നാണ് എലോണ്‍ മസ്‌ക് പറഞ്ഞിരിക്കുന്നത്.
ഒരു അഭിമുഖത്തിനിടെയാണ് തന്റെ ചൊവ്വാ സ്വപ്‌നത്തെക്കുറിച്ച് എലോണ്‍ മസ്‌ക് പങ്കുവെച്ചത്. ഏഴ് വര്‍ഷത്തിനിടെ ചൊവ്വയിലെത്താനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്. ചൊവ്വാ യാത്രയിലെ അപകട സാധ്യതയെക്കുറിച്ച് മറ്റാരെക്കാളും എലോണ്‍ മസ്‌ക് ബോധവാനാണെന്നതാണ് മറ്റൊരു വസ്തുത. ഭൂമിയില്‍ വെച്ച് മരിക്കാനുള്ള സാധ്യതയേക്കാള്‍ പലമടങ്ങ് അധികമായിരിക്കും ചൊവ്വയിലെ മരണസാധ്യതയെന്ന് മസ്‌ക് തന്നെ സമ്മതിക്കുന്നുണ്ട്.
'ചൊവ്വയില്‍ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാകുമെന്ന് തീര്‍ച്ച. മരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ചൊവ്വയിലേക്ക് സുരക്ഷിതമായി ഇറങ്ങിയാല്‍ പോലും വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. ഒരിക്കല്‍ ചൊവ്വയിലിറങ്ങി കഴിഞ്ഞാല്‍ തുടര്‍ന്നും ജീവന്‍ നിലനിര്‍ത്തുന്നതിനും കോളനി സ്ഥാപിക്കുന്നതിനുമൊക്കെ നിരന്തരം നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും. വിശ്രമം എന്നത് സ്വപ്‌നം മാത്രമായിരിക്കും. ചൊവ്വയിലെത്തിയാല്‍ പിന്നീട് തിരിച്ചുവരാനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ അത് ഉറപ്പില്ല.' എലോണ്‍ മസ്‌ക് പറയുന്നു. 2016
'ധാരാളം പേര്‍ കൊടുമുടികള്‍ കീഴടക്കാനായി പോകുന്നില്ല. എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ നിരവധി പേര്‍ മരിച്ചിട്ടില്ലേ? അതറിഞ്ഞിട്ടും ആ വെല്ലുവിളി ഇപ്പോഴും നിരവധി പേര്‍ ഏറ്റെടുക്കുന്നില്ലേ? അവര്‍ ആ വെല്ലുവിളി ഇപ്പോഴും ഇഷ്ടപ്പെടുന്നു' എന്നായിരുന്നു എലോണ്‍ മസ്‌കിന്റെ ചോദ്യം.
2016ല്‍ ഒരു കോണ്‍ഫറന്‍സില്‍ വെച്ചാണ് എലോണ്‍ മസ്‌ക് തന്റെ ചൊവ്വാ ദൗത്യത്തെക്കുറിച്ച് പറയുന്നത്. 40 മുതല്‍ 100 വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തോളം മനുഷ്യരുടെ കോളനി ചൊവ്വയില്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് എലോണ്‍ മസ്‌ക് വിവരിച്ചത്. 32 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ സ്റ്റാര്‍ ഷിപ്പിന്റെ നിര്‍മ്മാണ പുരോഗതിയും ഈ സ്വപ്‌ന പദ്ധതി സമയത്ത് പൂര്‍ത്തീകരിക്കുന്നതില്‍ നിര്‍ണ്ണായകമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും മനുഷ്യനും ചേര്‍ന്നുള്ള ഹ്യൂമനോയിഡുകളായിരിക്കും ചൊവ്വയിലെത്തുകയെന്നും കരുതപ്പെടുന്നുണ്ട്.
Adjust Story Font
16