കോടികള്‍ക്ക് ലേലത്തില്‍ പോയ മൂന്ന് പാറക്കഷണങ്ങള്‍
1970 സെപ്റ്റംബറിലാണ് ലൂന 16 ചന്ദ്രനിലിറങ്ങിയത്. 35 സെന്റിമീറ്റര്‍ ആഴത്തില്‍ തുരന്നാണ് പാറക്കഷണങ്ങള്‍ ശേഖരിച്ചത്.
മൂന്നു ചെറിയ പാറക്കഷണങ്ങള്‍ക്ക് എത്രവില കാണും? എത്രയൊക്കെ കൂട്ടിയാലും കോടിക്കണക്കിന് രൂപ ആരും പ്രതീക്ഷിക്കില്ല. പക്ഷേ ന്യൂയോര്‍ക്കില്‍ നടന്ന ഒരു ലേലത്തില്‍ മൂന്നു പാറക്കഷണങ്ങള്‍ ലേലത്തില്‍ പോയത് 8,55,000 ഡോളറിനാണ്(5.96 കോടി രൂപ). അതിനൊരു കാരണമുണ്ട്, ഈ പാറക്കല്ലുകള്‍ ചന്ദ്രനില്‍ നിന്നും കൊണ്ടുവന്നവയാണ്.
1970 ലെ സോവിയറ്റ് യൂണിയന്റെ ആളില്ലാ ചാന്ദ്ര ദൗത്യമായ ലൂന-16 ആണ് ചന്ദ്രനില്‍ നിന്നും പാറക്കഷണങ്ങള്‍ ഭൂമിയിലെത്തിച്ചത്. 1950-60 കാലഘട്ടത്തില്‍ സോവിയറ്റ് സ്പേയ്സ് പ്രോഗ്രാം മുന്‍ ഡയറക്ടര്‍ സര്‍ജി കൊറൊലൊവിന്റെ വിധവയുടെ കൈവശമായിരുന്ന ലേലം ചെയ്ത പാറക്കഷണങ്ങള്‍. ഭര്‍ത്താവിന്റെ സ്മരണയ്ക്കായി സോവിയറ്റ് യൂണിയന്‍ ഭരണാധികാരികളാണ് ഇവരെ ഏല്‍പിച്ചത്.
1993 ല്‍ ഒരു അമേരിക്കക്കാരന്‍ ഈ പാറക്കഷണങ്ങള്‍ 4,42,500 ഡോളറിന് ലേലത്തില്‍ പിടിച്ചിരുന്നു. അതാണ് വീണ്ടും ലേലത്തില്‍ വെച്ചത്. ചന്ദ്രനില്‍ നിന്നുള്ള വസ്തുക്കളളില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള അപൂര്‍വ്വം ശേഖരമാണിത്. ചന്ദ്രനില്‍ നിന്നും മനുഷ്യന്‍ ശേഖരിച്ച വസ്തുക്കളില്‍ ഭൂരിഭാഗവും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ കൈവശമാണുള്ളത്. 1970 സെപ്റ്റംബറിലാണ് ലൂന 16 ചന്ദ്രനിലിറങ്ങിയത്. 35 സെന്റിമീറ്റര്‍ ആഴത്തില്‍ തുരന്നാണ് പാറക്കഷണങ്ങള്‍ ശേഖരിച്ചത്.
Adjust Story Font
16