Quantcast

ഇനി സൗജന്യനിരക്കില്ല, വൊഡഫോണ്‍ - ഐഡിയക്ക് പിന്നാലെ എയര്‍ടെല്ലും മൊബൈല്‍ നിരക്കുകള്‍ കൂട്ടി

ജിയോയുടെ വരവോടെ മൂന്നു വര്‍ഷമായി ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല. നഷ്ടം കുതിച്ചുയര്‍ന്നതോടെ നിരക്കുവര്‍ധനവല്ലാതെ മാര്‍ഗ്ഗമില്ലാതായിരിക്കുകയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക്

MediaOne Logo

Web Desk

  • Published:

    19 Nov 2019 9:28 AM GMT

ഇനി സൗജന്യനിരക്കില്ല, വൊഡഫോണ്‍ - ഐഡിയക്ക് പിന്നാലെ എയര്‍ടെല്ലും മൊബൈല്‍ നിരക്കുകള്‍ കൂട്ടി
X

അടുത്തമാസം മൊബൈല്‍ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന് പ്രഖ്യാപിച്ച് സ്വകാര്യ ടെലികോം കമ്പനികളായ വൊഡഫോണ്‍ - ഐഡിയയും എയര്‍ടെല്ലും. മിനുറ്റുകളുടെ വ്യത്യാസത്തിലാണ് ഇരു കമ്പനികളും നിരക്കുകള്‍ വര്‍ധിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് കമ്പനികള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിന് നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.

കടുത്ത മത്സരത്തെ തുടര്‍ന്ന് നഷ്ടം നേരിടുന്ന എയര്‍ടെല്ലും വൊഡഫോണ്‍- ഐഡിയയും വ്യത്യസ്ത പ്രസ്താവനകളിലൂടെയാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. വര്‍ധിച്ചു വരുന്ന ഡാറ്റ ആവശ്യവും മാറുന്ന സാങ്കേതികവിദ്യക്കനുസരിച്ച് നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയുമാണ് കമ്പനികള്‍ നിരക്കുവര്‍ധനവിനുള്ള പ്രധാന കാരണമായി പറയുന്നത്.

അതേസമയം ഇരു കമ്പനികളും എത്രയാണ് നിരക്ക് വര്‍ധനവെന്ന് വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞത് 30-40 ശതമാനം വരെ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സമാനമായ രീതിയില്‍ മൂന്നു തവണയെങ്കിലും വര്‍ധനവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

മൂന്നു വര്‍ഷം മുമ്പ് റിലയന്‍സ് ജിയോയുടെ രംഗപ്രവേശമാണ് ഇന്ത്യന്‍ ടെലികോം മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കയത്. സൗജന്യ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന തന്ത്രമാണ് ജിയോ പയറ്റിയത്. ഇതോടെ മറ്റു സ്വകാര്യ ടെലികോം കമ്പനികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ വേണ്ടി നിരക്കുകളില്‍ വലിയ ഇളവുകള്‍ നല്‍കേണ്ടി വന്നു.

അടുത്തിടെയാണ് ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചത്. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് മിനുറ്റിന് ആറ് പൈസയാണ് ജിയോ ഈടാക്കി തുടങ്ങിയത്. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് കമ്പനി നല്‍കേണ്ടി വരുന്ന ഐ.യു.സി(ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്)യാണ് ഉപഭോക്താക്കളില്‍ നിന്നും ജിയോ ഈടാക്കി തുടങ്ങിയത്. അതേസമയം സ്വന്തം നെറ്റ്‌വര്‍ക്കിലേക്കുള്ള വോയ്‌സ് കോളുകളുടെ സൗജന്യം തുടരും. 2017ല്‍ മിനുറ്റിന് 14 പൈസയില്‍ നിന്നും ആറ് പൈസയാക്കിയ ട്രായ് അടുത്ത ജനുവരിയില്‍ പൂര്‍ണ്ണമായും സൗജന്യമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

വൊഡഫോണ്‍ ഐഡിയക്ക് 31.1 കോടി ഉപഭോക്താക്കളും എയര്‍ടെലിന് 28 കോടി ഉപഭോക്താക്കളുമാണുള്ളത്. ഇരു കമ്പനികളും കനത്ത നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജൂണ്‍ - സെപ്തംബര്‍ പാദവര്‍ഷത്തില്‍ വൊഡഫോണ്‍ ഐഡിയയുടെ നഷ്ടം 50,921 കോടിയിലും എയര്‍ടെല്ലിന്റേത് 23,045 കോടിയിലും എത്തിയിരുന്നു. ഇതില്‍ വൊഡഫോണ്‍ ഐഡിയയുടേത് രാജ്യത്തെ ഒരു കോര്‍പറേറ്റ് സ്ഥാപനം പാദവാര്‍ഷികത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 119 കോടിരൂപ ലാഭം നേടിയ കമ്പനിയാണ് എയര്‍ടെല്‍.

സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനങ്ങളിലായി വരുമാനത്തില്‍നിന്ന് നിശ്ചിത തുക (എ.ജി.ആര്‍) ടെലികോം കമ്പനികള്‍ നല്‍കണമെന്ന ടെലികോം വകുപ്പിന്റെ ആവശ്യം അടുത്തിടെയാണ് സുപ്രീംകോടതി അനുവദിച്ചിരുന്നു. എ.ജി.ആര്‍ അഥവാ ക്രമീകൃത മൊത്തവരുമാനത്തിന്റെ ഇനത്തില്‍ എയര്‍ടെല്‍ 21,682 കോടിരൂപയും വൊഡഫോണ്‍- ഐഡിയ 28,308 കോടിരൂപയുമാണ് ടെലികോം വകുപ്പിന് നല്‍കേണ്ടത്. ഈ തുക കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കമ്പനികളുടെ നഷ്ടം കുതിച്ചുയര്‍ന്നത്.

TAGS :
Next Story