Quantcast

വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ 45 രാത്രികളില്‍ ഉറക്കം കളഞ്ഞ ഇന്ത്യന്‍ ടെക്കി

നാസ പോലും തോറ്റിടത്ത് വിജയിച്ചത് ഷണ്‍മുഖ സുബ്രഹ്മണ്യത്തിന്റെ നിശ്ചയദാര്‍ഢ്യമായിരുന്നു...

MediaOne Logo

Web Desk

  • Published:

    4 Dec 2019 6:38 AM GMT

വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ 45 രാത്രികളില്‍ ഉറക്കം കളഞ്ഞ ഇന്ത്യന്‍ ടെക്കി
X

ചന്ദ്രനില്‍ പതിച്ച വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത് ചെന്നൈക്കാരനായ എന്‍ജിനീയര്‍ ഷണ്‍മുഖ സുബ്രഹ്മണ്യനാണ്. നാസശാസ്ത്രജ്ഞര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 45 ദിവസങ്ങളോളം ഉറക്കം നഷ്ടമാക്കിയുള്ള പരിശ്രമമാണ് ഈ നിര്‍ണ്ണായക കണ്ടെത്തലിന് വഴിവെച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍.

'ജോലി കഴിഞ്ഞ് എത്തുമ്പോള്‍ രാത്രി എട്ടുമണിയായിട്ടുണ്ടാകും. രാത്രിഭക്ഷണം കഴിച്ച് നാസയുടെ ചിത്രങ്ങള്‍ താരതമ്യം ചെയ്യാനിരിക്കും. അത് പുലര്‍ച്ചെ രണ്ടു മണി വരെയൊക്കെ നീളും. രാവിലെ ആറിന് എണീറ്റ് എട്ടുമണി വരെ വീണ്ടും ചിത്രങ്ങള്‍ പരിശോധിച്ച ശേഷമാണ് ഓഫീസില്‍ പോയിരുന്നത്.' വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെ ഇങ്ങനെയാണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ചുരുക്കി പറയുന്നത്. ഇത്തരത്തില്‍ 45 രാത്രികള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് വിക്രം ലാന്‍ഡറിന്റെ ഭാഗങ്ങള്‍ കണ്ടെത്താനായത്.

ഷണ്‍മുഖ സുബ്രഹ്മണ്യന്‍

സെപ്റ്റംബര്‍ 7നാണ് ലാന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടമായി വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ പതിക്കുന്നത്. ചന്ദ്രനില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങുന്നതിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് താരതമ്യം ചെയ്യാന്‍ ശാസ്ത്രപ്രേമികളോട് നാസ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 26നാണ് നാസ ഇങ്ങനെയൊരു കുറിപ്പിട്ടത്. തുടര്‍ന്നാണ് ഷണ്‍മുഖ അത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നത്.

സെപ്തംബറിലെ ചിത്രങ്ങളെ അപേക്ഷിച്ച് നാസ ഒക്ടോബറില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് തെളിച്ചം കുറവായിരുന്നു. എന്നാല്‍ നവംബറില്‍ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ഇതോടെയാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കാനായതെന്ന് ചെന്നൈ അഡയാറില്‍ തന്റെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സുബ്രഹ്മണ്യം പറഞ്ഞു.

ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം ചെവ്വാഴ്ചയാണ് നാസ പുറത്ത വിട്ടത്. നാസയുടെ എല്‍ആര്‍ ഒര്‍ബിറ്റര്‍ കാമറ പകര്‍ത്തിയ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാസക്ക് പോലും സാധ്യമാകാതിരുന്ന ലാന്‍ഡറിനെ കണ്ടെത്തുകയെന്ന പണിയില്‍ ഷണ്‍മുഖ സുബ്രഹ്മണ്യന്റെ കഠിനാധ്വാനം ഒടുവില്‍ വിജയിക്കുകയായിരുന്നു.

നാസ പങ്കുവെച്ചിരുന്ന ചിത്രങ്ങള്‍ ഓരോന്നായി എടുത്ത് രണ്ട് സമയത്തെ ചിത്രങ്ങളും താരതമ്യം ചെയ്യുകയാണ് ഷണ്‍മുഖ ചെയ്തത്. സ്വന്തം ലാപ് ടോപിലൂടെയായിരുന്നു താരതമ്യം. ഇതിന് ട്വിറ്ററിലെയും റീഡിറ്റിലെയും മറ്റ് സുഹൃത്തുക്കളും സഹായിച്ചുവെന്നും ഷണ്‍മുഖ പറയുന്നു. റോക്കറ്റുകളോടും ബഹിരാകാശ ശാസ്ത്രത്തോടുമുള്ള താത്പര്യവും ആവേശവുമാണ് വിക്രം ലാന്‍ഡറെ കണ്ടെത്താനുള്ള ശ്രമത്തില്‍ സഹായിച്ചതെന്നും ഷണ്‍മുഖ പറഞ്ഞു.

താന്‍ കണ്ടെത്തിയ ചിത്രങ്ങള്‍ ഷണ്‍മുഖ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ മുഖവിലക്കെടുത്ത് നാസ നടത്തിയ തുടര്‍ വിശകലനങ്ങളാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കാരണമായത്. ഇക്കാര്യം പുറത്തുവിട്ട നാസ നാസ ശാസ്ത്രജ്ഞനായ നോഹ പെട്രോയും മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. ചിത്രത്തിന്റെ ഓരോ പിക്‌സലും പഠനവിധേയമാക്കി നാസയ്ക്കു പോലും കണ്ടെത്താനാവാതിരുന്ന നിഗമനങ്ങളാണ് ഷണ്‍മുഖ നടത്തിയതെന്നും പെട്രോ പറഞ്ഞു.

TAGS :
Next Story