Quantcast

വിന്‍ഡോസ് 7ന് ഇനി മൈക്രോസോഫ്റ്റിന്റെ യാതൊരു സുരക്ഷയുമില്ല

മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനത്തോടെ വിന്‍ഡോസ് 7 ഉപയോഗിക്കുന്ന വ്യക്തികളും ചെറുകിട സ്ഥാപനങ്ങളുമാണ് പ്രധാനമായും പ്രതിസന്ധി നേരിടാന്‍ പോകുന്നത്...

MediaOne Logo

Web Desk

  • Published:

    15 Jan 2020 1:00 PM GMT

വിന്‍ഡോസ് 7ന് ഇനി മൈക്രോസോഫ്റ്റിന്റെ യാതൊരു സുരക്ഷയുമില്ല
X

മൈക്രോസോഫ്റ്റിന്റെ ഏറ്റവും ജനപ്രിയമായ ഓപറേറ്റിംങ് സിസ്റ്റം ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് വിന്‍ഡോസ് 7ആണ്. ലളിതം, സുന്ദരം, മികച്ച സുരക്ഷ ഇവയെല്ലാമായിരുന്നു വിന്‍ഡോസ് 7നെ ജനപ്രിയതാരമാക്കിയത്. ലോകത്താകെ 20 കോടി കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നുണ്ട്. വിന്‍ഡോസ് ഉപഭോക്താക്കളില്‍ അഞ്ചില്‍ ഒന്ന് വരും ഇത്.

2009 ലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 പുറത്തിറക്കുന്നത്. 2020 ജനുവരി 14ന് ശേഷം വിന്‍ഡോസ് 7നുള്ള പിന്തുണ നിര്‍ത്തുമെന്ന് മൈക്രോസോഫ്റ്റ് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 2015 ജനുവരി 13 മുതല്‍ തന്നെ വിന്‍ഡോസ് 7നുള്ള മെയിന്‍സ്ട്രീം സപ്പോര്‍ട്ടും വാറണ്ടി നല്‍കുന്നതും മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സുരക്ഷാ പിന്തുണയടക്കം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7നെ കയ്യൊഴിയുന്നത്.

വിന്‍ഡോസ് 10

എന്തായിരിക്കും ഇനിയും വിന്‍ഡോസ് 7 തന്നെ ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍? സുരക്ഷാ അപ്‌ഡേറ്റുകള്‍ ലഭിച്ചില്ലെന്ന് കരുതി വിന്‍ഡോസ് 7 പ്രവര്‍ത്തനം നിന്നുപോകുമെന്ന് കരുതരുത്. അങ്ങനെ സംഭവിക്കില്ലെങ്കിലും വൈകാതെ വിന്‍ഡോ 7നില്‍ നിന്നും മാറ്റിയില്ലെങ്കില്‍ ചെറുതല്ലാത്ത സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

സ്വകാര്യ കമ്പ്യൂട്ടറുകളിലും ചെറുകിട കച്ചവട സ്ഥാപനങ്ങളിലുമാണ് പ്രധാനമായും വിന്‍ഡോസ് 7 ഉപയോഗിക്കുന്നത്. ഇവരുടെ കമ്പ്യൂട്ടറുകളിലെ ഒരു വിവരവും ദീര്‍ഘകാലത്തേക്ക് സുരക്ഷിതമല്ലെന്നതാണ് പ്രധാന വെല്ലുവിളി.

സാധാരണക്കാരില്‍ പലര്‍ക്കും വിന്‍ഡോസ് 7നുള്ള സുരക്ഷ മൈക്രോസോഫ്റ്റ് നിര്‍ത്തിയവിവരം അറിയണമെന്നില്ല. കമ്പ്യൂട്ടറില്‍ ഉയര്‍ന്നു വരുന്ന സുരക്ഷാ മുന്നറിയിപ്പ് സന്ദേശങ്ങളും അവഗണിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇതെല്ലാം കൃത്യമായി അറിയുകയും തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന ഹാക്കര്‍മാര്‍ക്ക് ഇത് സുവര്‍ണ്ണാവസരമാണ്. പെട്ടെന്ന് സുരക്ഷാ പാളിച്ചകള്‍ ഹാക്കര്‍മാര്‍ക്ക് കണ്ടെത്താനായില്ലെങ്കില്‍ പോലും ദിവസം ചെല്ലുംതോറും വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത കൂടും.

വ്യക്തികളെ അപേക്ഷിച്ച് ചെറുകിട സ്ഥാപനങ്ങളാണ് സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ പേരില്‍ കൂടുതല്‍ അപകടത്തിലാവുക. വിന്‍ഡോസ് 7ല്‍ എന്തെങ്കിലും മാല്‍വെയറുകളോ വൈറസുകളോ പ്രചരിച്ചാല്‍ അതിനെ മറികടക്കാനുള്ള അപ്‌ഡേറ്റ് മൈക്രോസോഫ്റ്റ് നല്‍കില്ലെന്നത് ചെറുതല്ലാത്ത സുരക്ഷാപ്രശ്‌നം ഇവര്‍ക്കുണ്ടാക്കും. ഇതിനെ മറികടക്കാന്‍ വിന്‍ഡോസ് 10ലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് മൈക്രോസോഫ്റ്റ് നിര്‍ദേശിക്കുന്നത്.

വിന്‍ഡോസ് 10ലേക്ക് മാറും മുമ്പ് സിസ്റ്റത്തിന് വേണ്ട കുറഞ്ഞ ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങളെക്കുറിച്ചും മൈക്രോസോഫ്റ്റ് വ്യക്തമക്കുന്നുണ്ട്.

Processor: 1 gigahetrz (GHz) or faster processor or SoC

RAM: 1 gigabyte (GB) for 32-bit or 2 GB for 64-bit

Hard disk space: 16 GB for 32-bit OS 20 GB for 64-bit OS

Graphics card: DirectX 9 or later with WDDM 1.0 driver

Display: 800 x 600 resolution

എന്നിവ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയറില്‍ ഉണ്ടെന്ന് വിന്‍ഡോസ് 10ലേക്ക് മാറും മുമ്പ് ഉറപ്പുവരുത്തണം.

വിന്‍ഡോസ് 7 ലൈസന്‍സ് പതിപ്പ് കൈവശമുള്ളവര്‍ക്ക് വിന്‍ഡോസ് 10ലേക്കുള്ള മാറ്റം താരതമ്യേന എളുപ്പമാണ്.

വിന്‍ഡോസ് 10 ഡൗണ്‍ലോഡ് പേജില്‍ പോയി മീഡിയ ക്രിയേഷന്‍ ടൂളില്‍ ക്ലിക്ക് ചെയ്ത് ആപ്പ് തുറക്കുക, നിബന്ധനകള്‍ അംഗീകരിച്ച് 'ഈ പിസി അപ്‌ഗ്രേഡുചെയ്യുക' എന്ന ഓപ്ഷന്‍ വഴി 'Next' ക്ലിക്കുചെയ്യുക. ഉപയോക്താക്കള്‍ 'സ്വകാര്യ ഫയലുകളും അപ്ലിക്കേഷനും സൂക്ഷിക്കുക' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യുക. ഡൗണ്‍ലോഡ് പൂര്‍ത്തിയായി ഇന്‍സ്റ്റലേഷന്‍ കഴിയുന്നതുവരെ കാത്തിരിക്കുക. ഇതിന് ശേഷം ഉപയോക്താക്കള്‍ വിന്‍ഡോസ് അപ്‌ഡേറ്റ് വിഭാഗത്തില്‍ നിന്ന് വിന്‍ഡോസ് സജീവമാക്കി പുതിയ ഒ.എസ് ഉപയോഗിക്കാന്‍ കഴിയും.

TAGS :
Next Story