വരുന്നു ചൊവ്വയില്‍ വന്‍ തൊഴിലവസരങ്ങള്‍, പോകാന്‍ പണമില്ലാത്തവര്‍ക്ക് വായ്പയും
2050 ആകുമ്പോഴേക്കും പത്ത് ലക്ഷം മനുഷ്യരെ ചൊവ്വയിലെത്തിച്ച് അവിടെ വന്‍ കോളനി സ്ഥാപിക്കുകയാണ് സ്‌പേസ് എക്‌സിന്റെ സ്വപ്‌നം...
ചൊവ്വയില്‍ മനുഷ്യന്റെ കോളനി സ്ഥാപിച്ചേ തീരൂ എന്ന് ചട്ടം കെട്ടിയിറങ്ങിയിരിക്കുകയാണ് സ്‌പേസ് എക്‌സ് മേധാവി എലോണ്‍ മസ്‌ക്. അതിന് ചെറുതല്ലാത്ത പദ്ധതികളും മസ്‌കിനുണ്ട്. ചൊവ്വയിലേക്കുള്ള മനുഷ്യരുടെ യാത്രയെപറ്റി വിശദമായി തന്നെ എലോണ്‍ മസ്‌ക് തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ചൊവ്വയിലേക്ക് പോകുന്ന 100 സ്റ്റാര്‍ ഷിപ്പുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനാണ് സ്‌പേസ് എക്‌സ് പദ്ധതി. പത്തുവര്‍ഷം കൊണ്ട് ആയിരം സ്റ്റാര്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഇതുവഴി ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം പേരെ ചൊവ്വയിലെത്തിക്കാനാകും. ഭൂമിയും ചൊവ്വയും തമ്മില്‍ മുമ്പെങ്ങുമില്ലാത്ത ബന്ധം ഇതോടെയുണ്ടാകും. മനുഷ്യന്റെ ആദ്യത്തെ അന്യഗ്രഹ കോളനിയായി ചൊവ്വ ഇതോടെ മാറുമെന്നാണ് പ്രതീക്ഷ.
ഓരോ 26 മാസം കൂടുമ്പോഴും ഭൂമിയും ചൊവ്വയും ഭ്രമണത്തിനിടെ പരമാവധി അടുത്തെത്തും. ഈ അനുകൂല സാഹചര്യം പരമാവധി മുതലെടുത്ത് ഭൂമിയും ചൊവ്വയും പരമാവധി അടുത്തെത്തുന്ന ഒരു മാസത്തിനുള്ളില്‍ 1000 സ്റ്റാര്‍ ഷിപ്പുകള്‍ ഭൂമിയില്‍ നിന്നും അയക്കാനാണ് എലോണ്‍ മസ്‌കിന്റെ പദ്ധതി.
ചൊവ്വയില്‍ നിരവധി തൊഴിലവസരങ്ങളും മനുഷ്യരെ കാത്തിരിക്കുന്നുവെന്നും എലോണ്‍ മസ്‌ക് വെളിപ്പെടുത്തുന്നു. ചൊവ്വയിലേക്ക് പോകുന്നവരെ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യത്തിനും എലോണ്‍ മസ്‌കിന് മറുപടിയുണ്ട്. 'ആഗ്രഹമുള്ള ആര്‍ക്കും ചൊവ്വയിലേക്ക് പോകാം. പണമാണ് പ്രശ്‌നമെങ്കില്‍ അവര്‍ക്ക് വായ്പയും ലഭ്യമാണ്' എന്നാണ് എലോണ്‍ മസ്‌കിന്റെ പ്രതികരണം.
Adjust Story Font
16