Quantcast

എല്ലാതരം മൊബൈലുകൾക്കും ഒരേ ചാർജർ; നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ

പലതരം ചാർജറുകൾ ഉപയോഗിക്കേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതുതന്നെയാണ് യൂണിയൻ നടത്തുന്ന നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

MediaOne Logo

  • Published:

    18 Jan 2020 10:26 AM GMT

എല്ലാതരം മൊബൈലുകൾക്കും ഒരേ ചാർജർ; നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ
X

മൊബൈൽ ഫോൺ ഉപയോക്താക്കളെ അടിയന്തര ഘട്ടങ്ങളിൽ കുഴക്കുന്ന കാര്യമാണ് ഫോണിന് അനുയോജ്യമായ ഫോണിന്റെ ലഭ്യത. പഴയ മോഡൽ ഫോണുകളിൽ ഉപയോഗിക്കുന്ന പിൻ ടൈപ്പ് മുതൽ യു.എസ്.ബി എ, മിനി ബി, മൈക്രോ യു.എസ്.ബി, ടൈപ്പ് സി, 1, 2, 3 എന്നിങ്ങനെ ചാർജറുകളുടെ വറൈറ്റിയാണെങ്ങും. ഒരേ കമ്പനി പുറത്തിറക്കുന്ന ഫോണുകൡ തന്നെ വ്യത്യസ്ത ചാർജറുകൾ ഉപയോഗിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഫോണിലെ ചാർജ് തീരുന്ന ഘട്ടത്തിൽ സുഹൃത്തിന്റെ ചാർജർ കടംവാങ്ങാൻ നോക്കുമ്പോൾ അത് തന്റെ ഫോണിന് പറ്റിയതല്ലെന്ന് നിരാശയോടെ തിരിച്ചറിയുന്ന അനുഭവം നമ്മിൽ പലർക്കുമുണ്ടാകും.

എന്നാൽ, ആ കഥ മാറുന്നു.

എല്ലാതരം മൊബൈലുകൾക്കും ഒരേ രീതിയിലുള്ള ചാർജറുകൾ ഏർപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് യൂറോപ്യൻ യൂണിയൻ. ഇ.യു മേഖലയിൽ വിൽക്കപ്പെടുന്ന മൊബൈലുകൾക്കും ടാബ്ലറ്റ്, ഡിജിറ്റൽ ക്യാമറ, ഇ-റീഡർ തുടങ്ങിയ പോർട്ടബിൾ ഡിവൈസുകൾക്കും ഒരേതരം ചാർജറായിരിക്കണം എന്ന് നിർമാതാക്കൾക്ക് നിർദേശം നൽകുന്നതു സംബന്ധിച്ച് യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ചർച്ച ചെയ്തു.

പലതരം ചാർജറുകൾ ഉപയോഗിക്കേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതുതന്നെയാണ് യൂണിയൻ നടത്തുന്ന നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുപുറമെ ഇലക്ട്രോണിക് വയറുകളുടെ ഉപയോഗം കുറച്ച് പരിസ്ഥിതിയെ രക്ഷിക്കാം എന്നുകൂടിയുണ്ട്. യൂറോപ്യൻ യൂണിയനിൽ മാത്രം പ്രതിവർഷം 51,000 മെട്രിക് ടൺ ചാർജർ വേസ്റ്റുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. ഒരേ ചാർജറാവുമ്പോൾ ഉപയോക്താവിന്റെ ചെലവ് കുറയുമെന്നും ഡിവൈസുകൾ പ്രത്യേക ചാർജർ ഇല്ലാതെതന്നെ വിൽക്കാനാകുമെന്നും അധികൃതർ പറയുന്നു.

ഇതാദ്യമായല്ല യൂറോപ്യൻ യൂണിയൻ ഇത്തരത്തിലൊരു നടപടിയുമായി മുന്നോട്ടുപോകുന്നത്. 2009-ൽ, വിപണിയിൽ 30-ലധികം തരം ചാർജറുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊതുചാർജറുകൾ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് യൂറോപ്യൻ കമ്മീഷൻ ആപ്പിൾ, സാംസങ്, നോക്കിയ തുടങ്ങിയവയുമായി കരാറുണ്ടാക്കിയിരുന്നു. എന്നാൽ, 2014-ൽ കരാർ കാലാവധി അവസാനിച്ചതോടെ ഓരോ കമ്പനിയും അതതിന്റെ വഴിക്കുപോയി വെവ്വേറെ ചാർജറുകളുണ്ടാക്കി.

പിന്നീട് ഇതേ ഉദ്ദേശ്യവുമായി യൂറോപ്യൻ അധികൃതർ നിർമാതാക്കളെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നടപ്പിലായില്ല.

TAGS :
Next Story