ട്രോളിയിൽ 99 ഫോണുകളുമായി യുവാവ്: ഗൂഗിൾ മാപ്പ്‌സിനെ പറ്റിച്ച് 'വ്യാജ ട്രാഫിക്ക് ജാം'
99 സെക്കന്റ് ഹാന്റ് മൊബൈലുകൾ സംഘടിപ്പിച്ചു. എല്ലാത്തിലും ലൊക്കേഷൻ ഓണാക്കിവെച്ചു. എന്നിട്ട്, അവയെല്ലാം കൂടി ഒരു ചെറിയ ട്രോളിയിലിട്ട് കാര്യമായ തിരക്കില്ലാത്ത ഒരു റോഡിലൂടെ വലിച്ചുകൊണ്ടുപോയി.
യാത്രകൾക്കിടയിൽ ഗൂഗിൾ മാപ്പിനെ ആശ്രയിക്കാത്തവർ ഇന്ന് കുറവാണ്. സാങ്കേതികവിദ്യയുടെ അതിപ്രസരം നമ്മുടെ ജീവിതങ്ങളെ അമിതമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണിത്. എന്നാൽ, എപ്പോഴും ടെക്‌നോളജി നമ്മെ നയിക്കുന്നത് ശരിയായ ദിശയിൽ തന്നെയായിരിക്കുമോ?
അല്ലെന്ന് തെളിയിക്കുന്നതാണ് സിമോൺ വിക്കർട്ട് എന്ന കലാകാരൻ 99 സെക്കന്റ് ഹാൻഡ് മൊബൈലുകൾ ഉപയോഗിച്ച് ഗൂഗിൾ മാപ്പിൽ സൃഷ്ടിച്ച 'വ്യാജ ട്രാഫിക്ക് ജാം'. ഒരു മനുഷ്യന്റെ 'കുരുട്ടുബുദ്ധി' പ്രവർത്തിച്ചാൽ ഒരുപക്ഷേ, ലക്ഷക്കണക്കിനാളുകളുടെ യാത്രകളെയോ ജീവിതത്തെയോ തന്നെ ബാധിക്കാമെന്നാണ് വിക്കർട്ട് കാണിച്ചുതരുന്നത്.
ജർമൻ പൗരനായ വിക്കർട്ട് ചെയ്തത് ഇത്രമാത്രമാണ്: 99 സെക്കന്റ് ഹാന്റ് മൊബൈലുകൾ സംഘടിപ്പിച്ചു. എല്ലാത്തിലും ലൊക്കേഷൻ ഓണാക്കിവെച്ചു. എന്നിട്ട്, അവയെല്ലാം കൂടി ഒരു ചെറിയ ട്രോളിയിലിട്ട് കാര്യമായ തിരക്കില്ലാത്ത ഒരു റോഡിലൂടെ വലിച്ചുകൊണ്ടുപോയി.
ഒരേപ്രദേശത്തുനിന്ന് പതുക്കെ സഞ്ചരിക്കുന്ന 99 മൊബൈലുകളിൽ നിന്നുള്ള സിഗ്നൽ ലഭിച്ചതോടെ ഗൂഗിൾ മാപ്പ് ഉറപ്പിച്ചു, ഇത് ട്രാഫിക്ക് ജാം തന്നെ. വിക്കർട്ട് നടന്ന ബെർലിനിലെ റോഡിന്റെ മാപ്പ് ഉടൻതന്നെ ചുവപ്പുനിറമണിഞ്ഞു. ഗൂഗിളിനെ 'പറ്റിച്ചതിന്റെ' വീഡിയോ വിക്കർട്ട് യൂട്യൂബിൽ അപ്ലോഡ് ചെയ്തപ്പോൾ വൻസ്വീകാര്യതയാണ് ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ഒരു മില്യണിലേറെ പേരാണ് വീഡിയോ കണ്ടത്.
Adjust Story Font
16